നടി പായല്‍ ചക്രവര്‍ത്തിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫിലിം ഡസ്ക്
Thursday, September 6, 2018

പ്രശസ്ത ബംഗാളി നടി പായല്‍ ചക്രവര്‍ത്തിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിലിഗുരിയിലെ ഹോട്ടല്‍ മുറിയിലാണ് പായലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ മോചിതയായ നടി ആത്മഹത്യചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. വിശദമായ അന്വേഷണം നടക്കുകയാണെന്നും ആത്മഹത്യയാണോയെന്ന സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഗാങ്‌ടോക്കിലേക്ക് പോകുന്നതിനായി സിലിഗുരിയിലെ ഹോട്ടലില്‍ മുറിയെടുത്തതാണ് പായല്‍. രാത്രി ഹോട്ടലില്‍ തങ്ങിയ നടി രാവിലെ ഏറെനേരമായിട്ടും പുറത്തുവരാത്തതോടെ ജീവനക്കാര്‍ക്ക് സംശയം തോന്നി. വാതിലില്‍ ഏറെ നേരം മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനാല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തുമ്പോള് മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബംഗാളി സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന പായല്‍ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

×