‘സിനിമയിലെടുത്താല്‍ പകരം തനിക്കെന്ത് കിട്ടുമെന്ന് അയാള്‍ നടിമാരോട് ചോദിച്ചിട്ടുണ്ട്. നടിമാരെ സ്പര്‍ശിക്കുന്നത് മുതല്‍ പലതും ചെയ്തിട്ടുണ്ട്’ – വികാസ് ബഹലിനെതിരെ ഇമ്രാന്‍ ഖാന്‍

ഫിലിം ഡസ്ക്
Thursday, October 11, 2018

സംവിധായകന്‍ വികാസ് ബഹലിനെതിരായ ലൈംഗിക ആരോപണങ്ങളില്‍ പ്രതികരണവുമായി നടന്‍ ഇമ്രാന്‍ ഖാന്‍. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഇമ്രാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

“എനിക്ക് വിഷമമുണ്ടാക്കിയ ഒരുപാട് കാര്യങ്ങള്‍ വര്‍ഷങ്ങളായി എന്റെ കണ്‍മുന്നില്‍ നടന്നിട്ടുണ്ട്. ആരും പിന്തുണയ്ക്കില്ലെന്ന് കരുതിയാണ് ഞാന്‍ മിണ്ടാതിരുന്നത്. ഞാന്‍ സൂചിപ്പിക്കുന്നവരുടെ പേര് പറയുന്നില്ല. എന്നാല്‍ എനിക്ക് അറിയാവുന്ന കഥകള്‍ ഞാന്‍ പറയാം.

ഞാന്‍ ബോളിവുഡില്‍ എത്തിയ സമയത്താണ് ഒരു സംവിധായകന്‍ നായികാ കഥാപാത്രത്തിന് വേണ്ടി ഓഡിഷന്‍ നടത്തിയത്. ബിക്കിനിയിലും സെക്‌സി പോസിലും അയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുത്തു. ഈ ചിത്രങ്ങള്‍ സംവിധായകന്റെ ലാപ്‌ടോപിലേക്കാണ് നേരിട്ട് പോയത്. എന്നാല്‍ ഈ ചിത്രങ്ങള്‍ കാര്യമായി ഒന്നിനും അയാള്‍ ഉപയോഗിച്ചില്ല.

അവസാന ലിസ്റ്റില്‍ വന്ന മൂന്ന് പെണ്‍കുട്ടികളെ ഈ ചിത്രങ്ങള്‍ കാണിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അധികാരത്തിന്റെ തെറ്റായ ഉപയോഗം ആണത്. ആ നടിയ്ക്ക് മറ്റൊരും കാര്യം അന്ന് സംഭവിച്ചിരുന്നു. അത് തുറന്നുപറയണോ വേണ്ടയോ എന്നത് ആ നടി തീരുമാനിക്കട്ടെ”. ഇമ്രാന്‍ പറഞ്ഞു.

“എല്ലാവരും വികാസ് ബഹലിനെക്കുറിച്ചാണ് പറയുന്നത്. മറ്റു മൂന്ന് നടിമാര്‍ അദ്ദേഹത്തെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. നടിമാരെ സ്പര്‍ശിക്കുന്നത് മുതല്‍ പലതും അദ്ദേഹം ചെയ്തിട്ടുണ്ട്. നിന്നെ ഈ സിനിമയില്‍ എടുത്താല്‍ എനിക്ക് എന്ത് പകരം കിട്ടുമെന്ന് വരെ അദ്ദേഹം ചോദിച്ചിട്ടുണ്ട്.

ഈ കാര്യങ്ങള്‍ എനിക്കും ബോളിവുഡിലെ പലര്‍ക്കും അറിയാം. പക്ഷെ എല്ലാവരും അത് മൂടിവയ്ക്കുകയായിരുന്നു. ഹോളിവുഡില്‍ മീ ടൂ ക്യാംപെയിന്‍ ആരംഭിച്ചപ്പോള്‍ കുറ്റവാളികള്‍ക്ക് മുഖം നഷ്ടപ്പെട്ടു. പക്ഷെ ബോളിവുഡില്‍ ഒന്നും സംഭവിക്കുന്നില്ല. വികാസ് ബഹലിന്റെ കാര്യങ്ങള്‍ പുറത്തറിഞ്ഞിട്ടും അദ്ദേഹം ഹൃത്വിക് റോഷനോടൊപ്പം സിനിമ ചെയ്യുകയായിരുന്നു” – ഇമ്രാന്‍ ആരോപിച്ചു.

ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ഞാന്‍ പിന്തുണയ്ക്കുന്നു. രംഗത്ത് വന്ന സ്ത്രീകള്‍ ധൈര്യശാലികളാണ്. ഇന്‍ഡസ്ട്രിയിലെ ആണുങ്ങള്‍ കൂടെ ഇല്ലെന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാവരുത്. ഇത്രയും കാലം മിണ്ടാതിരുന്നതിന് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നുവെന്നും ഇമ്രാന്‍ പറഞ്ഞു.

×