തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് വാട്‌സ്ആപ്പ് ഉപയോഗിച്ചാല്‍ അക്കൗണ്ട് മരവിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, February 7, 2019

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ അനാവശ്യ കാര്യങ്ങള്‍ക്കായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി വാട്‌സ്ആപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവി കാള്‍ വൂഗ് വെളിപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെയാണ് പരസ്പര പഴിചാരലിനും പാരവെയ്പിനും രാഷ്ട്രീയകക്ഷികള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി കര്‍ണാടക തെരഞ്ഞെടുപ്പ് കാലത്ത് വാട്‌സ്ആപ്പ് ഉപയോഗിച്ചതായി കാള്‍ വൂഗ് കൂട്ടിച്ചേര്‍ത്തു.

വാട്‌സ്ആപ്പ് ഒരു തരത്തിലും രാഷ്ട്രീയ പ്രക്ഷേപണനിലയമല്ലെന്നും തെരഞ്ഞെടുപ്പ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് കര്‍ശനനിര്‍ദേശമുള്ളതിനാല്‍ ദുരുപയോഗം തടയാനുള്ള നടപടികള്‍ ആരംഭിച്ചതായും വൂഗ് അറിയിച്ചു. ദുരുപയോഗം നടത്തുന്ന ഇരുപത് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ മാസം തോറും മരവിപ്പിക്കുന്നുണ്ടെന്നും വൂഗ് കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ഒരു ഡസനിലധികം ഗ്രൂപ്പുകളില്‍ സജീവമാണെന്ന് ബിജെപി,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസംബറില്‍ നടന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനിടെ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും വാട്‌സ് ആപ്പ് ഉപയോഗിച്ചു വരുന്നതായി വൂഗ് പറഞ്ഞു.

×