Advertisment

കോടികളുടെ കുഴൽപ്പണം; സുരേന്ദ്രന്റെ ധാർഷ്ട്യം സർക്കാർ ഏജൻസികളുടെ പിൻബലത്തിൽ: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംഘപരിവാർ കേരളത്തിലേക്ക് കടത്തിയ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ ധാർഷ്ട്യം നിറഞ്ഞ പ്രസ്താവനകൾ കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ പി യുടെ കൈവെള്ളയിൽ ഒതുക്കിയത്തിന്റെ ബലത്തിലാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

സംസ്ഥാന രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം നടത്താൻ പദ്ധതിയിട്ടതിന്റെ തെളിവുകളാണ് കള്ളപ്പണം കൈപ്പറ്റിയവരിൽ നിന്നും തട്ടിപ്പ് നടത്തിയവരിൽ നിന്നും ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഏതാനും നിയമസഭാ സീറ്റുകളിൽ വിജയിച്ചാൽ കേരളം ബി.ജെ.പി. ഭരിക്കുമെന്ന് സംഘപരിവാർ നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ പ്രസ്താവനകൾ ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.

ബി.ജെ.പിക്ക് ഒറ്റ എം.ൽ.എ.പോലുമില്ലാതിരുന്ന പോണ്ടിച്ചേരിയിൽ കോൺഗ്രസ് എം.എൽ.മാരെ പണമൊഴുക്കി വിലക്കെടുത്തു ഭരണം അട്ടിമറിച്ചവർ കേരളത്തിലും അതുപോലെ ഭരണം പിടിക്കാനുള്ള പതിവു കുറുക്കു വഴിയാണ് പദ്ധതിയിട്ടതെന്നും യോഗം ആരോപിച്ചു.

കോടികളുടെ കള്ളപ്പണം സംഘ്പരിവാർ സംസ്ഥാനത്തേക്കൊഴുക്കിയിട്ടും സർക്കാർ ഗൗരവതരമായ രീതിയിൽ അന്വേഷിക്കാത്തതും ബി.ജെ.പി. നേതൃത്വത്തിന്റെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ട് വരാൻ ശ്രമിക്കാത്തതും സംശയമുളവാക്കുന്നതാണ്.

മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന നയതന്ത്ര സ്വർണ്ണക്കടത്തും ഡോളർ കടത്തും സംബന്ധിച്ച അന്വേഷണം എങ്ങുമെത്താതെ പോയിരിക്കുകയാണ്. ഉന്നത ബന്ധമുള്ള കള്ളക്കടത്തു കേസുകളിൽ ചെറുപരലുകളെ കുരുതി കൊടുത്തു വമ്പൻ സ്രാവുകൾ സമൂഹ മധ്യേ വിലസുകയാണ്.

സംഘ്പരിവാറിന്റെ താളത്തിനൊത്തു പ്രവർത്തിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ ബി.ജെ.പിയുടെ കോടികളുടെ കുഴൽപ്പണ ഇടപാടിനെപ്പറ്റി അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല എന്നതും സംസ്ഥാന സർക്കാർ വിഷയത്തിൽ കാര്യമായി ഇടപെടാതിരിക്കുന്നതും ആശങ്കയുളവാക്കുന്നതാണ്.

സുരേന്ദ്രനുമായി ബന്ധപ്പെട്ട ടെലഫോൺ സംഭാഷണവും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളും ദിനേനയെന്നോണം വ്യക്തമായിട്ടും കേസിൽ ഉൾപ്പെട്ട സംഘപരിവാർ നേതാക്കളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നതിൽ സർക്കാരും ഏജൻസികളും പുറം തിരിഞ്ഞിരിക്കുകയാണ്‌.

ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ മൗനം സംഘപരിവാറിന് എന്തു നെറികേടും ചെയ്യാൻ പ്രചോദനം നൽകുന്ന വിധമാണ്. കുഴൽപ്പണക്കേസിലെ ഉന്നതരുടെ ബന്ധം പുറത്തു കൊണ്ട് വരാനും രാജ്യദ്രോഹികൾക്ക് നിയമപരമായ ശിക്ഷ ലഭ്യമാക്കുന്നതിനും സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.

സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡണ്ട് ഹനീഫ കടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, സി.വി. അഷ്‌റഫ്, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കൽ, യാഹൂട്ടി തിറുവേഗപ്പുറ, ആഷിക് വയനാട്, റാസി കൊല്ലം, റഫീഖ് പഴമള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു.

soudi news
Advertisment