Advertisment

സൗദി അധികൃതർക്കും ഇന്ത്യൻ സോഷ്യൽ ഫോറത്തിനും നന്ദി; ഹൃദയ വാൾവ് സർജറി കഴിഞ്ഞ എട്ട് മാസം പ്രായമുള്ള ജഫ്ലിൻറ്റോ മാതാപിതാക്കൾക്കൊപ്പം എയർ ആംബുലൻസിലൂടെ നജ്‌റാനിൽ നിന്ന് ജിദ്ദ വഴി നാട്ടിലെത്തി

New Update

ജിദ്ദ: സൗദി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനിതര സാധാരണമായ രക്ഷാദൗത്യത്തോടൊപ്പം  പ്രദേശത്തെ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ശക്തമായ ഇടപെടലും ചേർന്നപ്പോൾ എട്ട് മാസം മാത്രം പ്രായവും ഹൃദയ വാൽവിന് സർജറി കഴിഞ്ഞതുമായ കുഞ് ജഫ്ലിൻറ്റോ പിതാവ് ജഗൻ സെൽവരാജിനും മാതാവ് സുഹിറോസിനും ഒപ്പം സ്വദേശമായ തമിഴ്നാട്ടിലെ കന്യാകുമാരിയിലെ ക്വറന്റൈൻ കേന്ദ്രത്തിൽ സൗഖ്യത്തോടെ എത്തിച്ചേർന്നു.

Advertisment

publive-image

പിഞ്ചു ജഫ്ലിൻറ്റോയുടെ കഥ ഇങ്ങിനെ: സൗദി അറേബ്യയിലെ നജ്റാനിൽ അൽ സഫർ ഹോസ്പിറ്റലിൽ കഴിഞ്ഞ നാലു വർഷമായി നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു തമിഴ്നാട് കന്യാകുമാരി ജില്ലയിലെ അലെൻകോട് പറംബയ്കാട്ടുവിളൈ സ്വദേശിനി സുഹിറോസ് ജോസ്‌ലിൻ പോൾ. 13 മാസങ്ങൾക്ക് മുന്നേ നാട്ടിൽ നിന്നും ഗർഭിണി ആയിട്ടായിരുന്നു ഇവർ ലീവ് കഴിഞ്ഞു തിരിച്ചുവന്നത്. പ്രസവത്തിന് നാട്ടിലേക്ക് പോകണം എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് പ്രസവാവധി എത്തുന്നതിനു മുന്നേ ഏഴാം മാസത്തിൽ ഒരു ആൺകുഞ്ഞിനെ 1-11-2019 ന് നജ്റാനിലെ മിനിസ്റ്ററി ഓഫ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഇവർ പ്രസവിച്ചത്.

പ്രായം തികയാതെ പ്രസവിച്ച തിനാലും ശക്തമായ ശ്വാസതടസ്സ പ്രശ്നങ്ങൾ കണ്ടതിനാലും ഹോസ്പിറ്റലിലെ വിശദമായ പരിശോധനയിൽ കുട്ടിയുടെ ഹൃദയത്തിന്റെ വാൽവിന് കാര്യമായ തകരാറുണ്ട് എന്ന് മനസ്സിലായി. അതുകൊണ്ടുതന്നെ വെന്റിലേറ്റർ സഹായത്താലാണ് കുട്ടി ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ് പിതാവ് ജഗൻ സെൽവരാജ് ഒരാഴ്ചക്കുള്ളിൽ വിസിറ്റിംഗ് വിസയിൽ സൗദി അറേബ്യയിൽ എത്തി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മറ്റു രേഖകളും ഇന്ത്യൻ എംബസിയിൽ നിന്നും നജ്റാൻ ജവാസത്തിൽ നിന്നുമായി ശരിയാക്കി എടുത്തു. കുട്ടിയുടെ വാൽവിന് ഓപ്പറേഷൻ ചെയ്യുന്നതിനു വേണ്ടി ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിന് വേണ്ടിയുള്ള ശ്രമം തുടങ്ങിയപ്പോൾ തന്നെ വെന്റിലേറ്റർ വെച്ച് ആംബുലൻസിൽ റോഡ് വഴി ജിദ്ദയിലെ എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നതിലുള്ള അപകടവും എയർ ഇന്ത്യ വെന്റിലേറ്റർ സൗകര്യമുള്ള കുട്ടിയുടെ യാത്രക്ക് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടതും വീണ്ടും പ്രശ്നം സങ്കീർണമാക്കി.

ഇതിനിടെ കുട്ടിയുടെ പിതാവിന്റെ വിസിറ്റിംഗ് വിസ കാലാവധി തീരാറായതിനാലും ഖത്തറിലെ അദ്ദേഹത്തിന്റെ കമ്പനിയിലേക്ക് ഉടനെ എത്തേണ്ടത് കൊണ്ടും ജിദ്ദ എയർപോർട്ടിൽ എത്തിയ ജഗന്റെ പാസ്പോർട്ടിൽ കുട്ടിയുടെ പേര് ഉണ്ടായതുകൊണ്ട് കുട്ടി ഇല്ലാതെ സൗദിയിൽ നിന്നും കയറി പോകാൻ പറ്റില്ല എന്ന് പറഞ്ഞു ജിദ്ദ എയർപോർട്ട് അധികൃതർ യാത്ര ബ്ലോക്ക് ചെയ്തു അദ്ദേഹത്തെ നജ്‌റാനിലേക്ക് തന്നെ തിരിച്ചു വിട്ടു.

ഇതിനിടെ കുട്ടിയുടെ വാൽവിന്റെ പ്രശ്നം ഗുരുതരമായതിനാൽ മിനിസ്ട്രി ഓഫ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഏകദേശം മൂന്നര മാസത്തോളം കുട്ടിയെ വെന്റിലേറ്ററിൽ അഡ്മിറ്റ് ചെയ്തതിന് ഒരു ലക്ഷത്തി അറുപത്തി രണ്ടായിരത്തി അറുനൂറു റിയാൽ (ഏകദേശം 32 ലക്ഷം ഇന്ത്യൻ രൂപ ) അടക്കുവാനും നജ്റാനിൽ ഓപ്പറേഷൻ ചെയ്യാൻ സൗകര്യം ഉള്ള ഹോസ്പിറ്റലുകൾ ഇല്ലാത്തതിനാൽ ഉടനെ ജിദ്ദയിൽ കൊണ്ട് പോയി ഓപ്പറേഷൻ ചെയ്യാനും ഹോസ്പിറ്റലിൽ നിന്നും ഇവർക്ക് നിർദേശം ലഭിച്ചു. ഈ വലിയ പ്രതിസന്ധി ഘട്ടത്തിലാണ് ജഗൻ സെൽവരാജ് ഖത്തറിലെ തന്റെ സുഹൃത്തായ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനെ ബന്ധപ്പെടുന്നത്. ഖത്തറിലെ സോഷ്യൽ ഫോറം പ്രവർത്തകൻ ജിദ്ദയിലെ ഇന്ത്യൻ സോഷ്യൽ ഫോറം നേതൃത്വവുമായി ബന്ധപ്പെടുകയും അവരുടെ നിർദേശപ്രകാരം നജ്റാനിലെ സോഷ്യൽ ഫോറം മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ ഷെയ്ഖ് മീരാൻ (അച്ചൻപുതൂർ തെങ്കാശി ) ഈ വിഷയത്തിൽ ഇടപെടുന്നത്.

publive-image

കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം ആയതിനാൽ റോഡ് മാർഗം ആംബുലൻസിൽ ജിദ്ദയിലേക്ക് കൊണ്ടുപോകാൻ കഴിയില്ല എന്നും വെന്റിലേറ്റർ സൗകര്യമുള്ള എയർ ആംബുലൻസിൽ കുട്ടിയെ കൊണ്ടുപോകണമെന്നും ഹോസ്പിറ്റൽ അധികൃതർ നിർദേശിച്ചു. അതിഭീമമായ ഹോസ്പിറ്റൽ ബില്ലും ജിദ്ദയിലേക്ക് പോകാനുള്ള എയർ ആംബുലൻസും കൂടി ആയപ്പോൾ ഈ കുടുംബത്തിന്റെ സകല പ്രതീക്ഷകളും അസ്തമിച്ചു.

ഈ പ്രതിസന്ധിഘട്ടത്തിൽ ആണ് ഷെയ്ഖ് മീരാൻ ഇവരെയും കൂട്ടി നജ്റാനിലെ അമീറിന്റെ ഓഫീസിൽ പോയി പബ്ലിക് റിലേഷൻ ഓഫീസറായ സാലിം അൽ ഖഹ്ത്താനിയെ കണ്ട് ഈ കുടുംബത്തിന്റെ ദയനീയസ്ഥിതി അവരെ ബോധ്യപ്പെടുത്തുന്നത്. ഇതോടുകൂടി സൗദി ഗവൺമെന്റിന്റെ കാരുണ്യത്തിന്റെ കവാടം ഇവർക്ക് മുന്നിൽ തുറക്കപ്പെട്ടു. അമീറിന്റെ ഓഫീസിൽ നിന്നും ഹോസ്പിറ്റൽ ബില്ലായ 162600 റിയാൽ ഒഴിവാക്കി കൊടുക്കാൻ ഹോസ്പിറ്റൽ അധികാരികൾക്ക് നിർദ്ദേശം കൊടുക്കുകയും ജിദ്ദയിലേക്ക് ഓപ്പറേഷന് കൊണ്ടുപോകാൻ എയർ ആംബുലൻസ് ഹെലികോപ്റ്റർ ഉടനെ അനുവദിച്ചു കൊടുക്കുകയും ജിദ്ദയിലെ ഹോസ്പിറ്റലിൽ ഓപ്പറേഷന് വേണ്ട നിയമപരമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.

ഫിബ്രുവരി പതിനഞ്ചിന് നജ്‌റാനിൽ നിന്ന് എയർ ആംബുലൻസിൽ കുട്ടിയെ ജിദ്ദയിൽ എത്തിച്ചു. അന്നുതന്നെ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് ശിശുരോഗ വിഭാഗം തലവൻ ഡോ. നായിഫ് ഒവായിദ് അൽ ഖുഷിയുടെ നേതൃത്വത്തിൽ കുട്ടിയുടെ വാൾവിന്റെ ഓപ്പറേഷൻ വിജയകരമായി നടന്നു.

ഏകദേശം 9 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തതിന്റെയും ഓപ്പറേഷൻ ചെയ്ത ബില്ലും കൂടി 38,000 റിയാൽ നജ്റാനിലെ അമീർ ഓഫീസിന്റെ കാരുണ്യമായ ഇടപെടൽ മൂലവും ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ സഹകരണവും മൂലം ഇവർക്ക് ജിദ്ദ ഹോസ്പിറ്റൽ ഒഴിവാക്കി കൊടുത്തു. ഓപ്പറേഷൻ കഴിഞ്ഞു ഒരാഴ്ചക്ക് ശേഷം 24-2-2020 ന് റോഡ് മാർഗ്ഗം സാപ്റ്റിക്കോ ബസ്സിൽ സകുടുംബം ജിദ്ദയിൽ നിന്നും നജ്റാനിൽ സുഖകരമായി തിരിച്ചെത്തി.

നജ്റാനിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു പോകാൻ ജഗനും കുടുംബവും വീണ്ടും ശ്രമമാരംഭിച്ചു. കുട്ടിയെ കൂടി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമപരമായ പ്രശ്നം ഉള്ളതിനാൽ ഭാര്യ സുഹിറോസ് അൽ സഫർ ഹോസ്പിറ്റലിലെ ജോലി രാജിവെക്കുകയും കുടുംബത്തോടെ ഷെയ്ഖ് മീരാനെയും കൂട്ടി നജ്‌റാനിലെ ജവാസാത്ത് മുദീറിനെ പോയി കാണുകയും ഇന്ത്യയിലേക്കുള്ള തിരിച്ചു പോക്കിന് വേണ്ട സഹായങ്ങൾ ചെയ്തു തരുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

സൗദി വിസ നിയമം ലംഘിച്ചതിനാൽ ജഗൻ സെൽവരാജിനോട്‌ 15000 റിയാൽ പിഴയടക്കാനും ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് മൂന്നു പേരോടും വിരലടയാളം കൊടുത്തു തർഹീൽ വഴി ഇന്ത്യയിലേക്ക് പോകാനുമുള്ള അനുമതി മുദീർ കൊടുക്കുകയും ചെയ്തു. വീണ്ടും പിഴ ഒഴിവാക്കാനുള്ള സഹായ ഹസ്തവുമായി ശൈഖ് മീരാനും ജവാസാത്തിന് പുറത്ത് ഓഫീസ് ജോലി ചെയ്യുന്ന ജവാസാത്തിൽ അത്യാവശ്യം പിടിപാടുള്ള ഹുസൈൻ എന്ന സൗദി പൗരനും കൂടി ജവാസാത്ത് മുദീറിനെയും തർഹീൽ ഓഫീസർമാരെയും പോയി കാണുകയും കുടുംബത്തിന്റെ ദയനീയാവസ്ഥയും അമീറിന്റെ സഹായങ്ങൾ ലഭിച്ച കാര്യങ്ങളും അവരെ ബോധ്യപ്പെടുത്തു കയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ പതിനയ്യായിരം റിയാൽ ഫൈൻ ഒഴിവാക്കുകയും ജഗന്റെ വിരലടയാളം മാത്രം എടുക്കുകയും അദ്ദേഹത്തിന് 5 വർഷത്തേക്ക് സൗദിയിലേക്ക് യാത്രാ വിലക്ക് നൽകുകയും കുടുംബത്തിന് ഇന്ത്യയിലേക്കു യാത്രക്കുള്ള അനുമതി കൊടുക്കുകയും ചെയ്തു.

ജഗനും കുടുംബവും ഇന്ത്യയിലേക്ക് പോകുന്നതിനു വേണ്ടിയുള്ള യാത്രാ ഒരുക്കങ്ങൾ നടത്തുമ്പോഴാണ് കൊറോണ മൂലം വിമാനസർവീസുകൾ നിർത്തലാക്കിയ ദുരിതം കൂടി ഇവരുടെ മുന്നിലേക്ക് വന്നു ചേരുന്നത്. വീണ്ടും മാസങ്ങളോളം പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ദിനരാത്രങ്ങൾ. അവസാനം റിയാദിലെ സോഷ്യൽ ഫോറം പ്രവർത്തകൻ ഹാജി മുഹമ്മദിന്റെ എംബസിയിൽ ഉള്ള ഇടപെടൽ മൂലം വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള കോയമ്പത്തൂരിലേക്കുള്ള നമ്പർ ഇൻഡിഗോ ഫ്ലൈറ്റിൽ 28- 6- 2020 വൈകുന്നേരം 5 മണിക്ക് ജിദ്ദയിൽ നിന്നും ഇവർ സന്തോഷത്തോടെ നാട്ടിലേക്ക് യാത്രയായി.

Advertisment