Advertisment

കുറച്ച് കൂട്ടുകാര്‍ വരുമെന്ന് ഇന്ദ്രന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓകെ പറഞ്ഞു; ഷോപ്പിങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ഞെട്ടി: പൂര്‍ണിമ

author-image
ഫിലിം ഡസ്ക്
New Update

ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ചട്ടുള്ളുവെങ്കിലും അവയെല്ലാം കാര്യമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Advertisment

നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷമാണ് പൂര്‍ണിമ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തുടങ്ങിയത്. തന്റെ കുടുംബത്തെ മാറ്റി നിര്‍ത്താവാത്തത് കൊണ്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ വരാത്തതെന്ന് പൂര്‍ണിമ പറഞ്ഞിരുന്നു. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളില്‍ സജീവമാണ് പൂര്‍ണിമ.

ഇന്ദ്രജിത്തുമായുള്ള പ്രണയവും ഇന്ദ്രന്റെ സൗഹൃദ വലയത്തെക്കുറിച്ചും കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൂര്‍ണിമ വെളിപ്പെടുത്തി. സുഹൃത്തുക്കള്‍ കുറവായിരുന്ന തനിക്ക് ഇപ്പോള്‍ നിറയെ സുഹൃത്തുക്കളാണെന്നും അതിന് കാരണം ഇന്ദ്രജിത്ത് ആണെന്നും പൂര്‍ണിമ പറഞ്ഞു.

publive-image

പൂര്‍ണിമയുടെ വാക്കുകള്‍:

ഇന്ദ്രന്‍ നാല് വയസ്സ് മുതല്‍ ഹോസ്റ്റലിലാണ് താമസിച്ചത്. അന്ന് അവര്‍ താമസിച്ചത് ചെന്നൈയിലായിരുന്നു. അമ്മയ്ക്കാണെങ്കില്‍ പൃഥ്വിയെയും നോക്കണം. അങ്ങോട്ടും ഇങ്ങോട്ടുമായുള്ള ഓട്ടത്തിനിടയില്‍ ഇന്ദ്രന്റെ ജീവിതം വീട്-ബോര്‍ഡിങ് എന്നായിരുന്നു. അതുകൊണ്ട് ഇന്ദ്രന്റെ ജീവിതം കൂട്ടുകാരെ ചുറ്റിപറ്റിയുള്ളതായിരുന്നു.

എന്റെ വീട്ടില്‍ ഞാനും അച്ഛനും അമ്മയും പിന്നെ അനിയത്തിയുമാണുള്ളത്. അച്ഛന്റെയോ അമ്മയുടെയോ സുഹൃത്തുക്കള്‍ വരുമ്പോള്‍ അവരോട് എനിക്ക് വലിയ അടുപ്പമൊന്നുമില്ല. അതുകൊണ്ട് തന്നെ എനിക്കും സുഹൃത്തുക്കള്‍ കുറവായിരുന്നു.

വിവാഹം കഴിഞ്ഞ വര്‍ഷം ഇന്ദ്രന്‍ പറഞ്ഞു ” എന്റെ സുഹൃത്തുക്കള്‍ കുറച്ചുപേര്‍ വീട്ടില്‍ വരുന്നുണ്ടെ”ന്ന്. ഞാന്‍ ഓകെ പറഞ്ഞ് സാധനങ്ങളൊക്കെ വാങ്ങാന്‍ പുറത്തുപോയി. അവരുടെ ഗ്യാങില്‍ ആദ്യം കല്ല്യാണം കഴിച്ചത് ഇന്ദ്രനായിരുന്നു.

ഞാന്‍ ഷോപ്പിങ് കഴിഞ്ഞ് തിരിച്ചെത്തി. ഡോര്‍ തുറന്നപ്പോള്‍ ഒരു ബോയ്‌സ് ഹോസ്റ്റലാണ് കണ്ടത്. അത്രയ്ക്ക് ആണ്‍പിള്ളേര്‍ ഉണ്ടായിരുന്നു വീട് നിറയെ. ബോയ്‌സ് ഹോസ്റ്റലില്‍ കയറിയ പോലെയായിരുന്നു എന്റെ അവസ്ഥ.

എന്നെ കണ്ടതും ഒരാള്‍ ‘ഹാ…വന്നോ’ എന്ന് പറഞ്ഞു. ഇവനാരാടാ എന്ന മട്ടിലാണ് ഞാന്‍ അവരെ നോക്കിയത്. ശരിക്കും ഞെട്ടിത്തരിച്ചു നിന്നു. അതായിരുന്നു തുടക്കം. ഇപ്പോള്‍ സുഹൃത്തുക്കളുടെ എണ്ണം കൂടി വരുകയാണ്. ഇപ്പോള്‍ എന്റെ വീട് ഇതുപോലെയാണ്. മകള്‍ പ്രാര്‍ത്ഥനയും അവളുടെ സുഹൃത്തുക്കളെ ക്ഷണിക്കാറുണ്ട്. ഇന്ദ്രന്‍ ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ വീട് നിറയെ കുട്ടികളെ കാണുമ്പോള്‍ ഞെട്ടാറുണ്ട്.

Advertisment