Advertisment

ഹ്രസ്വചിത്രങ്ങള്‍ക്കും അവസരമൊരുക്കി ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേള

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍(ഐഎഫ്എഫ്‌ഐ) ഹ്രസ്വചിത്രങ്ങള്‍ക്കും അവസരമേകുന്നു. നവംബറില്‍ ഗോവയില്‍വെച്ചു നടക്കുന്ന 49-ാംമത് ഐഎഫ്എഫ്‌ഐ ആണ് ഹ്രസ്വചിത്ര സംവിധായകരെയും തിരക്കഥകൃത്തുക്കളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ടാലന്റ് ഹബ്ബ് ഒരുക്കുന്നത്.

പുതുമയുള്ളതും വ്യത്യസ്തവുമായ ആശയങ്ങളാണ് ടാലന്റ് ഹബ്ബിലേക്കായി തിരഞ്ഞെടുക്കുക. മികച്ച പത്ത് തിരക്കഥകള്‍ തിരഞ്ഞെടുക്കും. ഈ ആശയങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കും. പത്ത് ഹ്രസ്വചിത്രങ്ങളില്‍ നിന്നും ജൂറി തിരഞ്ഞെടുക്കുന്ന മൂന്ന് എണ്ണമാണ് ഫൈനല്‍ ലിസ്റ്റില്‍ ഇടംപിടിക്കുക.

ഫൈനലില്‍ ഇടംപിടിക്കുന്ന സ്‌ക്രിപ്റ്റുകള്‍ ഷോര്‍ട്ട്ഫിലിം ആക്കുന്നതിനുള്ള ഫണ്ടും ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന തിരക്കഥകള്‍ക്ക് പത്ത് ലക്ഷം രൂപ വരെയാണ് ഫണ്ടായിട്ട് ലഭിക്കുക. ഇതിനു പുറമെ അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും.

അതേസമയം കേരള രാജ്യാന്തര ചലച്ചിത്ര മേള(ഐഎഫ്എഫ്‌കെ)യുടെ രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. എന്നാല്‍ നവംബര്‍ പത്ത് മുതലാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുക. ഡിസംബര്‍ ഏഴിനു ആരംഭിക്കുന്ന മേള 14 ന് അവസാനിക്കും. പതിവുപോലെ തിരുവനന്തപുരം തന്നെയാണ് വേദി. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികളില്‍ നിന്നും പകുതി നിരക്കായിരിക്കും ഈടാക്കുക. ഈ വര്‍ഷം 12,000 പാസുകള്‍ നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. പതിനാല് മലയാള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയില്‍ 120 സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്.

Advertisment