Advertisment

പൊലീസ് ക്യാന്റീനിലെ അഴിമതി: അപ്രിയ സത്യങ്ങള്‍ തുടര്‍ച്ചയായി മേലുദ്യോഗസ്ഥരോട് തുറന്നു പറഞ്ഞു, ജയനാഥിനെതിരേ അന്വേഷണം

New Update

തിരുവനന്തപുരം: പൊലീസ് സേനക്കുള്ളിലെ അപ്രിയസത്യങ്ങള്‍ തുടര്‍ച്ചയായി മേലുദ്യോഗസ്ഥരോട് തുറന്നു പറഞ്ഞുകൊണ്ടിരിക്കുന്ന കെ.എ.പി. മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജെ.ജയനാഥിനെതിരേ അന്വേഷണം.

Advertisment

publive-image

അടൂര്‍ ബറ്റാലിന്റെ ഭാഗമായുള്ള പൊലീസ് ക്യാന്റീനിലെ ക്രമക്കേടുകളും അഴിമതിയും അക്കമിട്ടു നിരത്തിയാണ് ജയനാഥ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു മുമ്പും പൊലീസ് സേനയിലും പല കൊള്ളരുതായ്മകളും ചൂണ്ടിക്കാണിച്ച് ജയനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ ആകെത്തുകയായാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ അന്വേഷണത്തിനും നടപടിക്കുമുള്ള നീക്കം നടക്കുന്നത്.

ഗോഡൗണ്‍ നിര്‍മാണത്തില്‍ തുടങ്ങി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലും താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതില്‍ പോലും ക്യാന്റീനുകളില്‍ അഴിമതി നടക്കുന്നു. കാന്റീനുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംസ്ഥാന തലത്തില്‍ ഒരു സ്ഥിരം സമിതി ആവശ്യമാണെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അടൂര്‍ സബ്സിഡിയറി സെന്‍ട്രല്‍ പൊലീസ് ക്യാന്റീനില്‍ 2018-19ല്‍ ചെലവാകാന്‍ സാധ്യതയില്ലാത്ത 42,29,956 രൂപയുടെ സാധനങ്ങള്‍ വാങ്ങിക്കൂട്ടി. അധികാര സ്ഥാനങ്ങളില്‍ നിന്നു വാക്കാലുള്ളതും വാട്സ്ആപ്പ് മുഖേനയും നല്‍കിയ നിര്‍ദേശങ്ങളെ തുടര്‍ന്നായിരുന്നു ഈ വാങ്ങലുകള്‍. ക്യാന്റീന്‍ സ്റ്റോക്കില്‍ 2018-19ല്‍ വാങ്ങിയ 11,33,777 രൂപയുടെ സാധനങ്ങള്‍ കാണാനില്ല.

ക്യാന്റീന്‍ സ്റ്റോക്കില്‍ കണക്കില്‍ പെടാത്ത 2,24,342 രൂപയുടെ സാധനങ്ങള്‍ എങ്ങനെ എത്തിയെന്നു വ്യക്തമല്ല. ക്യാന്റീനില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നയാള്‍ മറ്റൊരു കമ്പനിയുടെ ഉല്‍പ്പന്നം വിതരണം ചെയ്യുന്ന കമ്പനിക്കുവേണ്ടിയും പണിയെടുത്തിരുന്നു.

ഇക്കാര്യം കണ്ടെത്തിയപ്പോള്‍ ഇയാളെ പിരിച്ചുവിട്ടു. ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ഇക്കാര്യങ്ങളെല്ലാം പൊലീസ് ആസ്ഥാനത്ത് അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

പ്രതിവര്‍ഷം ശരാശരി 15- 20 കോടി രൂപയുടെ വില്‍പ്പന മാത്രം നടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ ക്യാന്റീനുകളില്‍ ഒന്നായ അടൂര്‍ പൊലീസ് ക്യാന്റീനില്‍ ഇത്രയേറെ രൂപയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളതെങ്കില്‍ മറ്റുള്ള സ്ഥലങ്ങളിലും ഇതുപോലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നുവേണം കരുതാന്‍.

അതുകൊണ്ട് മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പുറത്തുള്ള ഒരു ഏജന്‍സിയെ നിയോഗിക്കണമെന്ന് ജയനാഥ് ഐ.പി.എസ് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

police investigation
Advertisment