Advertisment

ഒന്നാം സ്ഥാനക്കാരെ അഞ്ച് വിക്കറ്റിന് തകര്‍ത്തു, ഐപിഎല്ലിൽ അട്ടിമറി ജയം നേടി കിങ്സ് ഇലവൻ പഞ്ചാബ്!

New Update

ദുബായ്: ഐപിഎല്ലിൽ അട്ടിമറി ജയം നേടി കിങ്സ് ഇലവൻ പഞ്ചാബ്. ടൂർണമെന്റിലെ ഒന്നാം സ്ഥാനക്കാരായ ഡൽഹി കാപ്പിറ്റൽസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് പഞ്ചാബിന്റെ മുന്നേറ്റം. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഒരോവർ ബാക്കി നിൽക്കെയാണ് ജയത്തിലെത്തിയത്. 53 റൺസെടുത്ത നിക്കോളാസ് പൂരൻ ആണ് പഞ്ചാബിന്റെ വിജയശിൽപി. ഇതോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് രാഹുലും കൂട്ടരും.

Advertisment

publive-image

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ക്യാപ്റ്റൻ രാഹുൽ സ്‌കോർ 17-ൽ നിൽക്കെ 15 റൺസെടുത്ത് മടങ്ങിയതോടെ പഞ്ചാബ് തുടക്കത്തിൽ തന്നെ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് ക്രീസിലെത്തിയ ​ഗെയിൽ തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ അഞ്ചാം ഓവറിൽ മൂന്നു ഫോറുകളും രണ്ടു സിക്‌സുകളുമുൾപ്പെടെ 26 റൺസ് നേടിയത് ആവേശക്കാഴ്ചയായി. അഞ്ചോവറിൽ പഞ്ചാബ് 50 കടന്നെങ്കിലും തൊട്ടടുത്ത പന്തിൽ ​ഗയിൽ പുറത്തായി.

ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി പൂരൻ ജയസാധ്യത നിലനിർത്തി. പക്ഷെ തൊട്ടടുത്ത പന്തിൽ അനാവശ്യ റണ്ണിന് ശ്രമിച്ച പൂരൻ കാരണം മായങ്ക് അഗർവാൾ റണ്ണൗട്ട് ആയി. ഇതോടെ പഞ്ചാബ് തോൽക്കുമെന്ന് ആരാധകർ ഉറപ്പിച്ചു. പിന്നീട് ഒന്നിച്ച പൂരനും മാക്‌സ്വെല്ലും പത്താം ഓവറിൽ പഞ്ചാബിന്റെ സ്‌കോർ 100 കടത്തി. 27 പന്തുകളിൽ നിന്നും പൂരൻ അർധസെഞ്ചുറി നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ കളമൊഴിഞ്ഞു. മാക്‌സ്വെൽ പിടിച്ചുനിന്നെങ്കിലും 32 റൺസെടുത്ത താരത്തെ റബാദ മടക്കി. ഒടുവിൽ നീഷാമും ഹൂഡയും ചേർന്ന് പരിക്കുകളില്ലാതെ പഞ്ചാബിനെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. ഓപ്പണർ ശിഖർ ധവാൻ സെഞ്ച്വറി ടീമിന്റെ നെടുംതൂണായി.

തുടർച്ചയായി രണ്ടാം സെഞ്ച്വറിയാണ് ഈ ഐപിഎല്ലിൽ ധവാൻ അടിക്കുന്നത്. ഇതോടെ ഐപിഎല്ലിൽ 5000 റൺസെടുക്കുന്ന അഞ്ചാമത്തെ താരമായും ധവാൻ മാറി. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടുന്നത്.

ധവാന്റെ ഒറ്റയാൾ പോരാട്ടം കൊണ്ടാണ് ഡൽഹി ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. 61 പന്തുകളിൽ നിന്ന് 106 റൺസെടുത്ത ധവാൻ പുറത്താവാതെ നിന്നു. 12 ഫോറും മൂന്ന് സിക്സും സഹിതമായിരുന്നു ധവാന്റെ സെ‍ഞ്ച്വറി.

sports news ipl 2020
Advertisment