Advertisment

ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലത്തിൽ രജിസ്റ്റർ ചെയ്തത് 1097 കളിക്കാർ; ശ്രീശാന്തിന് വില 75 ലക്ഷം, അർജുൻ ടെണ്ടുൽക്കർക്ക് 20 ലക്ഷം; 11 താരങ്ങള്‍ രണ്ട് കോടി പട്ടികയില്‍ ! താരലേലം പതിനെട്ടിന്‌

New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലത്തിൽ രജിസ്റ്റർ ചെയ്തത് 1097 കളിക്കാർ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശികളുമാണ് ലേലത്തിനുള്ളത്. 61 കളിക്കാരാണ് ലേലം വഴി ഐപിഎൽ ഫ്രാഞ്ചൈസികളിലെത്തുക. ഇതിൽ 22 പേർ വിദേശികളാകും.

വിലക്ക് മാറിയെത്തുന്ന മലയാളിതാരം എസ് ശ്രീശാന്തിനെ 75 ലക്ഷംരൂപ അടിസ്ഥാന വിലയ്ക്കാണ് താരലേല പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 18ന് ചെന്നൈയിൽവച്ചാണ് ലേലം നടക്കുക. സച്ചിൻ ടെൻഡുൽക്കറുടെ മകൻ അ‍ർജുന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ഓസീസ് താരം മിച്ചൽ സ്റ്റാർക് എന്നിവർ രജിസ്റ്റർ ചെയ്തിട്ടില്ല.

മുഷ്താഖ് അലി ട്രോഫിയിൽ മിന്നിത്തിളങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെയുള്ള മലയാളി താരങ്ങളും റജിസ്റ്റർ ചെയ്തവരിലുണ്ട്. കിങ്സ് ഇലവൻ പഞ്ചാബാണു കൂടുതൽ തുകയുമായി ലേലത്തിനു വരുന്നത്: 53.2 കോടി രൂപ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർ ഏറ്റവും കുറവ്: 10.75 കോടി രൂപ വീതം.

ഏറ്റവും കൂടുതൽ വിദേശതാരങ്ങൾ വെസ്റ്റ്ഇൻഡീസിൽ നിന്നാണ്, 56 പേർ. 42 ഓസ്ട്രേലിയൻ താരങ്ങളും 38 ദക്ഷിണാഫ്രിക്കൻ താരങ്ങളും ലേലത്തിനുണ്ടാവും. അഫ്ഗാനിസ്ഥാന്‍റെ 16 വയസ്സുകാരൻ നൂർ അഹമ്മദ് ലക്കൻവാലാണ് ഏറ്റവും പ്രായം കുറഞ്ഞതാരം. 42കാരൻ നയൻ ദോഷി ഏറ്റവും പ്രായമേറിയ താരം.

ഹർഭജൻ സിംഗ്, ഗ്ലെൻ മാക്സ്‍വെൽ, കേദാർ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷാകിബ് അൽ.സ്സൻ, മോയീൻ അലി, സാം ബില്ലിംഗ്സ്, ലിയം പ്ലെങ്കറ്റ്, ജേസൺ റോയ്, കോളിൻ ഇൻഗ്രാം, മാർക് വുഡ് എന്നീ താരങ്ങളാണ് രണ്ടു കോടി പട്ടികയില്‍.

ഡേവിഡ് മാലൻ, മുജീബുർ റഹ്മാൻ, അലക്സ് ക്യാരി, നേഥൻ കോൾട്ട‍ർനൈൽ, ജെയ് റിച്ചാർഡ്സൺ, മിച്ചൽ സ്വപ്സൺ, ടോം കറൺ, ലൂയിസ് ഗ്രിഗറി, അലക്സ് ഹെയ്ൽസ്, ആഡം ലിത്ത്, ആദിൽ റഷീദ്, ഡേവിഡ് വില്ലി എന്നിവരാണ് 1.5 കോടി പട്ടികയില്‍.

ആരോൺ ഫിഞ്ച്, മാർനസ് ലബുഷെയ്ൻ, ഷെൽഡൻ കോട്രൽ, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവർക്ക് അടിസ്ഥാന വില ഒരു കോടി രൂപ.

Advertisment