Advertisment

ഈ വർഷത്തെ ഐപിഎല്ലിൽ കോവിഡ് പരിശോധനയ്ക്കു മാത്രം ബിസിസിഐ ചെലവഴിക്കുന്നത് 10 കോടിയോളം രൂപ!  

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

കോവിഡ് വ്യാപനത്തിന്റെ പശ്ചാചാത്തലത്തിൽ യുഎഇയിലേക്ക് പറിച്ചുനട്ടെങ്കിലും ഈ വർഷത്തെ ഐപിഎല്ലിൽ കോവിഡ് പരിശോധനയ്ക്കു മാത്രം ബിസിസിഐ ചെലവഴിക്കുന്നത് 10 കോടിയോളം രൂപ! സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലെ മൂന്നു സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഐപിഎല്ലിൽ ആകെ 20,000ത്തോളം കോവിഡ് ടെസ്റ്റുകൾ നടത്തേണ്ടി വരുമെന്നാണ് കണക്ക്. ഇതിനായാണ് 10 കോടിയോളം രൂപ ബിസിസിഐ വകയിരുത്തിയിരിക്കുന്നത്.

Advertisment

publive-image

ഐപിഎല്ലിനായി യുഎഇയിലേക്ക് പുറപ്പെടുന്നതുവരെ ഇന്ത്യയിൽവച്ച് നടത്തിയ പരിശോധനകളുടെ സമ്പൂർണ ചെലവ് അതാത് ടീമുകളാണ് വഹിക്കുന്നത്. അതേസമയം, ഐപിഎല്ലിന് വേദിയൊരുക്കുന്ന യുഎഇയിൽ എത്തിയതുമുതൽ എല്ലാവരുടെയും സമ്പൂർണ പരിശോധനാ ചെലവ് ബിസിസിഐയുടെ ചുമലിലാണ്. ഐപിഎല്ലിനായി ഓഗസ്റ്റ് 20നാണ് ടീമുകൾ യുഎഇയിൽ എത്തിത്തുടങ്ങിയത്. അന്നു മുതലുള്ള ചെലവ് ബിസിസിഐയുടെ വകയാണെന്ന് ചുരുക്കം.

‘ഐപിഎല്ലുമായി ബന്ധപ്പെട്ട് യുഎഇയിലെത്തുന്ന താരങ്ങളുടെ കോവിഡ് പരിശോധനയ്ക്ക് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപിഎസ് ഹെൽത്ത്കെയർ എന്ന സ്ഥാപനത്തെയാണ് ബിസിസിഐ ചുമതലപ്പെടുത്തിയിരിക്കുന്നത്. എത്ര പരിശോധന വേണ്ടിവരുമെന്ന് കൃത്യം പറയാനാകില്ലെങ്കിലും ഏതാണ്ട് 20,000നു മുകളിൽ പരിശോധന വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഓരോ ടെസ്റ്റിനും ബിസിസിഐയ്ക്ക് 200 ദിർഹം ചെലവു വരും’ – പേരു വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

‘അതനുസരിച്ച് കോവിഡ് പരിശോധനകൾക്ക് മാത്രമായി ഏതാണ്ട് 10 കോടിയോളം രൂപയാണ് ബിസിസിഐ ചെലവഴിക്കുന്നത്. ഐപിഎല്ലുമായി ബന്ധപ്പെട്ട പരിശോധനകൾക്കു മാത്രമായി 75 ആരോഗ്യപ്രവർത്തകരാണ് ജോലി ചെയ്യുന്നത്’ – ഐപിഎൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇതുവരെ നടത്തിയ പരിശോധനകളിൽ ചെന്നൈ സൂപ്പർ കിങ്സിലെ രണ്ടു താരങ്ങൾ ഉൾപ്പെടെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കെല്ലാം ഏറ്റവുമൊടുവിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി.

bcci sports news
Advertisment