Advertisment

സൗദിയുമായുള്ള സംഭാഷണത്തിൽ പ്രതീക്ഷ വെച്ച് ഇറാൻ

New Update

publive-image

Advertisment

ജിദ്ദ: മേഖലയിലെ വിവിധ വിഷയങ്ങളിലും നിലപാടുകളിലും ശാക്തിക നീക്കങ്ങളിലും ബദ്ധവൈരികളായ സൗദി അറേബ്യയും ഇറാനും തമ്മിൽ ഇയ്യിടെയായി ഉടലെടുത്ത സൗഹൃദ നീക്കങ്ങൾ ശക്തമല്ലെങ്കിലും നിലനിൽക്കേ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണത്തിൽ പ്രതീക്ഷ വെയ്ക്കുന്നതായി ഇറാൻ വ്യക്തമാക്കി. "സൗദിയുമായുള്ള സംഭാഷണത്തെ ടെഹ്‌റാൻ ശുഭപ്രതീക്ഷയോടെയാണ് നോക്കികാണുന്നത്" ഇറാൻ വിദേശകാര്യ വാക്താവ് സഈദ് ഖത്തീബ് സാദ ചൊവാഴ്ച പറഞ്ഞു. മേഖലയിൽ സുരക്ഷയും സമാധാനവും പുലർന്നു കാണണുന്നതിനാണ് റിയാദുമായുള്ള സംഭാഷണങ്ങളിലൂടെ ടെഹ്‌റാൻ ശ്രമിക്കുന്നതെന്നും അത് തുടരുമെന്നും ഇറാൻ വക്താവ് തുടർന്നു.

മേഖലയിലെ രാജ്യങ്ങൾക്കിടയിൽ പരസ്പരം അടുക്കാനുള്ള കാര്യങ്ങളാണ് ഭിന്നിക്കാനുള്ള കാരണങ്ങളെക്കാൾ വലുതായിട്ട് നിലനിൽക്കുന്നതെന്ന് കഴിഞ്ഞ മാസം ഒരു അറബി ചാനൽ അഭിമുഖത്തിൽ മുൻ ഇറാൻ പ്രസിഡണ്ട് മഹ്‌മൂദ് അഹമ്മദി നജാദ് പറഞ്ഞിരുന്നു. സൗദിയും ഇറാനും തമ്മിലുള്ള ശാത്രവം ഇരു രാജ്യങ്ങളുടെയും താല്പര്യങ്ങൾക്ക് ഹാനികരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

"ഇരു രാജ്യങ്ങളും അയൽക്കാരും സഹോദരങ്ങളുമാണ്; അവർക്കിടയിൽ ഭിന്നിപ്പിന്റെ കാര്യങ്ങളേക്കാൾ ദശക്കണക്കിന് ഇരട്ടിയാണ് സൗഹാർദത്തിന്റെ നിദാനങ്ങൾ. മേഖലയിലെ കാര്യങ്ങൾക്കായി ഇരുവരും ഒരുപോലെ സഹകരിക്കുകയാണ് വേണ്ടത്" മുൻ ഇറാൻ പ്രസിഡണ്ട് നിർദേശിച്ചിരുന്നു. യൂറോപ്യൻ യൂണിയന് സമാനമായ "ഐക്യം" സ്ഥാപിക്കുകയാണ് മേഖലയിലെ രാജ്യങ്ങൾ ചെയ്യേണ്ടതെന്ന് ആഹ്വാനം ചെയ്ത മുൻ ഇറാൻ ഭരണാധികാരി, യൂറോപ്പ് തങ്ങളുടെ ജനതകളുടെ ഉത്തമ താല്പര്യം മുൻനിർത്തി ഒരു യൂണിയൻ സ്ഥാപിക്കുന്നതിന് മുമ്പ് അതിലെ രാജ്യങ്ങൾ ഏറെ കാലം പരസ്പരം പോരാടിയിരുന്നുവെന്ന് ഓർമിപ്പിക്കുകയും ചെയ്തിരുന്നു.

സൗദി അറേബ്യ എല്ലായ്‌പോഴും ഉയർത്തിയ സൗഹാർദത്തിന്റെ കൈകൾ ഇപ്പോൾ ഇറാനിൽ നിന്നും ഉയർന്ന് കാണുന്നതോടെ വലിയ പ്രതീക്ഷയാണ് മിഡ്‌ഡിൽ ഈസ്റ്റ് നിരീക്ഷകർ പുലർത്തുന്നത്.

Advertisment