Advertisment

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറാവാമായിരുന്നു, പക്ഷെ; തുറന്നു പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍

New Update

ബറോഡ: സെലക്ടര്‍മാരും ടീം മാനേജ്മെന്റും ശരിയായി പിന്തുണച്ചിരുന്നെങ്കില്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറായി മാറാന്‍ തനിക്ക് കഴിയുമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. കരിയറിലെ രണ്ടാം ഘട്ടത്തിൽ ഇന്ത്യൻ ബൗളിംഗ് നിരയിൽ ആദ്യ ബൗളിംഗ് മാറ്റമായി തന്നെ ഉപയോഗിച്ചിരുന്ന സമയത്ത് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ തന്റെ കരിയർ തന്നെ മാറിപ്പോകുമായിരുന്നുവെന്നും പഠാൻ റെഡ്ഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Advertisment

publive-image

19ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ പത്താന്റെ അവസാന രാജ്യാന്തര മത്സരം 27-ാം വയസിലായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലെ നേട്ടങ്ങളുടെ കാര്യമെടുത്താല്‍ എനിക്ക് കുറേക്കൂടിയൊക്കെ നേടാമായിരുന്നു എന്നു ഇപ്പോള്‍ തോന്നുന്നു. ഏകദിന ക്രിക്കറ്റിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറാവാൻ എനിക്ക് കഴിയുമെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാലത് സംഭവിച്ചില്ല. കാരണം, കരിയറിലെ ഏറ്റവും മികച്ച സമയത്ത് ഞാനധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടില്ല. 27ാം വയസിലാണ് ഞാന്‍ രാജ്യത്തിനായി അവസാന മത്സരം കളിച്ചത്.

ഒരു 35 വയസുവരെയെങ്കിലും കളിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാവുമായിരുന്നു. പക്ഷെ, അതെല്ലാം കഴിഞ്ഞ കഥയാണ്. ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ ഇന്ത്യക്കായി കളിച്ചപ്പോഴൊക്കെ മാച്ച് വിന്നറാവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ടീമില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ കഴിയുന്ന കളിക്കാരനായി തന്നെയാണ് ഞാന്‍ നിലനിന്നിരുന്നത്. അത് ഒരു വിക്കറ്റ് മാത്രമെടുത്ത മത്സരമായാല്‍ പോലും, അത് ഒരുപക്ഷെ, എതിരാളികളുടെ ആദ്യ വിക്കറ്റായിരിക്കും. അത് മത്സരഫലത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

എന്റെ ആദ്യ 59 മത്സരങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് അത് മനസിലാവും. ആദ്യ 59 കളികളില്‍ 100 വിക്കറ്റെടുത്ത ഞാന്‍ അതിവേഗം 100 വിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറായിരുന്നു. ന്യൂബോള്‍ ബൗളറായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പുതിയ പന്തിലും പഴയ പന്തിലും പന്തെറിയാന്‍ അവസരമുണ്ട്. വിക്കറ്റെടുക്കുക എന്നതാണ് അപ്പോള്‍ പ്രാഥമിക ലക്ഷ്യം.എന്നാല്‍ ആദ്യ മാറ്റമോ രണ്ടാം മാറ്റമോ ആയി പന്തെറിയാന്‍ എത്തുമ്പോള്‍ പ്രതിരോധത്തിനാണ് അവിടെ സ്ഥാനം. അധികം റണ്‍സ് വഴങ്ങാതെ ബൗള്‍ ചെയ്യാനാണ് അപ്പോള്‍ ശ്രദ്ധിക്കേണ്ടത്.

ടീമിലെ റോള്‍ മാറുമ്പോള്‍ വിക്കറ്റ് കോളത്തിലും അതിന്റെ പ്രതിഫലനമുണ്ടാകും. എന്നാല്‍ ഇക്കാര്യം ടീം മാനേജ്മെന്റ് എനിക്ക് വ്യക്തമാക്കി തരണമായിരുന്നു. ഇര്‍ഫാന്‍, നിങ്ങളെ ഇതുവരെ വിക്കറ്റെടുക്കാനാണ് ഉപയോഗിച്ചത്, ഇപ്പോള്‍ നിങ്ങളുടെ റോള്‍ മാറി. ആദ്യ ബൗളിംഗ് മാറ്റമായി ഉപയോഗിക്കുന്നതിനൊപ്പം ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ബാറ്റ് ചെയ്യിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന്. എന്നാലതുണ്ടായില്ല.

അഞ്ച് വിക്കറ്റ് പ്രകടനത്തിനുശേഷം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട എത്ര പേസ് ബൗളര്‍മാരുണ്ടാകുമെന്നും പത്താന്‍ ചോദിച്ചു. നോക്കൂ, ഇന്നത്തെ കാലത്ത് ടീമിലെ ഓൾറൗണ്ടർ ഓവറിൽ ശരാശരി ആറു റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമേ നേടിയുള്ളൂവെങ്കിലും എല്ലാവരും സന്തോഷവാൻമാരാണ്. പണ്ട് ഞാൻ ഇതൊക്കെ ചെയ്തപ്പോൾ കുറ്റക്കാരനാത് എന്തുകൊണ്ടാണ്.

2006ൽ പാക്കിസ്ഥാനെതിരെ ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഓവറിൽത്തന്നെ ഹാട്രിക് നേടിയ ബൗളറാണ് പത്താൻ. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദ് മാച്ചുമായിരുന്നു പത്താൻ. 20 ടെസ്റ്റിൽനിന്ന് 1105 റൺസ്, 100 വിക്കറ്റ്, 120 ഏകദിനത്തിൽനിന്ന് 1544 റൺസും 173 വിക്കറ്റും, 24 ട്വന്റി20 മത്സരങ്ങളിൽനിന്ന് 172 റൺസും 29 വിക്കറ്റും എന്നിങ്ങനെയാണ് പത്താന്റെ നേട്ടങ്ങൾ.

sports news IRFAN PATAN
Advertisment