Advertisment

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണോ? താഴ്‌വരയിലെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചത് തെരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്ന് അഭ്യൂഹങ്ങള്‍; 24 നിയമസഭാ മണ്ഡലങ്ങള്‍ പാക് അധീന കശ്മീരില്‍?

New Update

publive-image

Advertisment

ഡല്‍ഹി ;2018 ജൂണ്‍ 19ന് ബിജെപി പിന്തുണ പിന്‍വലിച്ചതോടെയാണ് മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിലംപതിക്കുന്നത്. ഇതിന് ശേഷം ജമ്മു കശ്മീരിന്റെ രണ്ടായി വിഭജിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി പ്രത്യേക പദവി എടുത്ത് കളയുകയും ചെയ്തു. സവിശേഷമായ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന ജമ്മു കശ്മീരില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് അഭ്യൂഹങ്ങള്‍.

ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ച സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ജമ്മു കശ്മീരിലെ 14 നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ രാഷ്ട്രീയ നടപടിക്രമങ്ങള്‍ ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച ശേഷം നടത്തുമെന്നാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ടൈം ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ആറ് മാസത്തിന് ശേഷമാണ് അതിര്‍ത്തി നിര്‍ണ്ണയിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ കമ്മീഷനെ നിയോഗിച്ചത്. ജമ്മു കശ്മീരിലെ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ഈ വിഷയം സുപ്രധാനമാകുമെന്നാണ് സൂചന.

ജമ്മു കശ്മീര്‍ പുനഃസംഘടനാ ആക്ട് 2019 പ്രകാരം കേന്ദ്ര ഭരണപ്രദേശത്ത് നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 107ല്‍ നിന്നും 114 ആയി ഉയര്‍ത്തിയിരുന്നു. ഇതില്‍ 24 സീറ്റുകള്‍ പാക് അധീന കശ്മീരിലാണുള്ളത്. ഈ മണ്ഡലങ്ങള്‍ പാക് അധീനതയില്‍ തുടരുന്നത് വരെ 24 അംഗങ്ങളെ ഇവിടെ നിന്നും നോമിനേറ്റ് ചെയ്യിക്കാനും പദ്ധതിയുണ്ടെന്നാണ് മറ്റൊരു അഭ്യൂഹം.

ജമ്മു കശ്മീര്‍ സമ്പൂര്‍ണ്ണമായും ഇന്ത്യയുടേത് തന്നെയാണെന്ന ഇന്ത്യയുടെ വാദങ്ങള്‍ക്ക് ഈ നീക്കം ശക്തി പകരും. അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് രാഷ്ട്രീയ നേതൃത്വത്തെ തിരികെ എത്തിച്ച് സംസ്ഥാന പദവി തിരികെ നല്‍കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതെന്നാണ് കരുതുന്നത്.

kashmir election
Advertisment