Advertisment

വിമാന യാത്രാ നിരക്ക് വർധനക്കെതിരെ സോഷ്യൽ ഫോറം - എസ് ഡി പി ഐ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു.

New Update

കോഴിക്കോട്/ജിദ്ധ: ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രാ നിരക്ക് കുത്തനെ വർധിപ്പിച്ച എയർ ഇന്ത്യയുടെ ഹീനമായ നടപടിക്കെതിരെ ഇന്ത്യൻ സോഷ്യൽ ഫോറവും എസ് ഡി പി ഐ യും സംയുക്തമായി എയർ ഇന്ത്യയുടെ കോഴിക്കോട് ഓഫീസിനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡൻറ് മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

മഹാമാരി മൂലം ദുരിതക്കയത്തിലായ പ്രവാസികളെ കൊള്ള ചെയ്യുന്ന എയർ ഇന്ത്യയുടെ കിരാത നടപടി ഉടനടി പിൻവലിക്കണം. കുറഞ്ഞ നിരക്കിൽ കൂടുതൽ സർവ്വീസുകൾ ആരംഭിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തിരമായി തയ്യാറാകണം. പ്രവാസികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരാൻ വിമാനക്കമ്പനികളെ അനുവദിക്കരുത്. നടപടി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അതിശക്തമായ സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം- കേരള പ്രസിഡൻറ് നാസർ കൊടുവള്ളി ധർണ യെ അഭിസംബോധന ചെയ്തു. കോവിഡ് മഹാമാരി മൂലം ആയിരങ്ങൾ മഹാമാരിയോട് ജീവൻമരണ പോരാട്ടം നടത്തുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരസ്പരം തട്ടിക്കളിക്കാനുള്ള പന്തല്ല പ്രവാസികൾ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ രംഗത്തും പുരോഗതി പ്രാപിച്ച കേരളത്തെ സൃഷ്ടിച്ചത് പ്രവാസികളാണ്. നന്ദികേടിന്റെ പര്യായമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാറിയിരിക്കുന്നു. രക്ഷാദൗത്യമെന്ന് പേരിട്ട് സാമ്പത്തിക കൊള്ള നടത്തുന്ന എയർ ഇന്ത്യയും കേന്ദ്ര ഗവൺമെന്റും മറ്റ് രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുകയാണ്.

ഇരുന്നൂറിലധികം മലയാളികളാണ് കൊവിഡ് ബാധിച്ച് വിദേശത്ത് മരണമടഞ്ഞത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അവരിൽ പലരുടെയും നാട്ടിലെ കുടുംബങ്ങൾ ദുരിതക്കയത്തിലാണ്. ഇവർക്ക് സാമ്പത്തിക സഹായം സർക്കാർ ജോലി എന്നിവ നൽകാൻ കേരള സർക്കാർ തയ്യാറാകണം. ആയിരക്കണക്കിന് ആളുകളാണ് രോഗം പകരാൻ സാധ്യതയുള്ള ലേബർ ക്യാമ്പുകളിലും മറ്റുമായി ആശങ്കയോടെ കഴിഞ്ഞ് കൂടുന്നത്.

മൂന്ന് ലക്ഷത്തിനു മുകളിൽ പ്രവാസികൾ ഗൾഫിൽ മാത്രമായി ഇത് വരെ വിവിധ എംബസികളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അവരിൽ ഭൂരിഭാഗവും,കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപെട്ടവരും, തൊഴിൽ കരാർ അവസാനിച്ചത് മൂലം ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരും, തൊഴിൽ അന്വേഷിച്ചും മറ്റും സന്ദർശക വിസയിൽ എത്തി ലോക്ക്ഡൌൺ കാരണം കുടുങ്ങി മാസങ്ങളായി വരുമാനമില്ലാതെ,നിത്യ ചെലവിനായി പ്രവാസി സംഘടനകളെയും മറ്റും ആശ്രയിച്ച് റൂമുകളിൽ കഴിഞ്ഞ് കൂടുന്നവരുമാണ്.

തിരിച്ചുവരവിനായി ചാർട്ടേഡ് വിമാനങ്ങൾക്ക് മാത്രം അനുമതി നൽകിയതിയതിലൂടെ സാധാരണ നിരക്കിൽ നിന്നും ഉയർന്ന തുക ഈടാക്കി ചില ഏജൻസികൾക്ക് ദുരിതക്കയത്തിലുള്ള ഈ പ്രവാസി സമൂഹത്തെ ചൂഷണം ചെയ്യുന്നതിനും, കൊള്ള ചെയ്യുന്നതിനുമുള്ള അവസരമുണ്ടാക്കുകയാണ് ചെയ്തത്. വിവിധ എംബസ്സികളിൽ കെട്ടിക്കിടക്കുന്ന കോടികളുടെ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഇതിനായി ഉപയോഗിക്കണം.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി പ്രവാസികളെ വഞ്ചിക്കുന്ന നിലപാട് അവസാനിപ്പിക്കണം. പ്രവാസികൾ ഈ നാടിന്റെ നട്ടെല്ലാണ്. അവരെ ഇനിയും പ്രയാസപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും ജനപ്രധിനിധികളും കേരള സമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

എസ് ഡി പി ഐ കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടറി സലിം കാരാടി സ്വാഗതവും സൗത്ത് മണ്ഡലം പ്രസിഡൻറ് റിയാസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധികളായ റഫീഖ് വട്ടോളി, അലി താമരശ്ശേരി, അബ്ദുള്ള കത്തറമ്മൽ എന്നിവർ പങ്കെടുത്തു.

Advertisment