ബ്ലാസ്റ്റേഴ്‌സിലെ മലയാളി സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ കൊല്‍ക്കത്തയ്ക്ക് പിന്നാലെ ജംഷഡ്പൂര്‍ എഫ്‌സിയും

സ്പോര്‍ട്സ് ഡസ്ക്
Tuesday, March 13, 2018

കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്ന മലയാളി സൂപ്പര്‍ താരം സി.കെ വിനീതിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്തയ്ക്ക് പിന്നാലെ ജംഷഡ്പൂര്‍ എഫ്‌സിയും രംഗത്ത്. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പരിശീലികനായ ജംഷഡ്പൂര്‍ എഫ്‌സിയുമായി വിനീത് പ്രഥാമിക ചര്‍ച്ച നടത്തി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് വിനീത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായിരുന്ന കോപ്പല്‍ പിന്നീട് ജംഷഡ്പൂരിലെത്തുകയും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരേ രംഗത്തു വരികയും ചെയ്തിരുന്നു. സികെ വിനീത്, സന്ദേശ് ജിങ്കാന്‍ എന്നിവരെ നിലനിര്‍ത്തുന്നതിന് കോപ്പലിന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നായിരുന്നു അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

കഴിഞ്ഞ സീസണില്‍ ബംഗളൂരുവില്‍ നിന്നും ലോണിലെത്തിയ വിനീത് വന്നതിനു ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം മെച്ചപ്പെട്ടത്. ഈ വര്‍ഷത്തെ ഐഎസ്എല്‍ ഡ്രാഫ്റ്റില്‍ താരത്തെ നിലനിര്‍ത്താന്‍ ബംഗളൂരുവിന് അവസരമുണ്ടായിട്ടും പകരം ഛേത്രിയേയും ഉദാന്ത സിംഗിനെയുമാണ് ബംഗളൂരു നിലനിര്‍ത്തിയത്. ഇതോടെ താരത്തെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ തകര്‍പ്പന്‍ പ്രകടനം ഈ വര്‍ഷം നിലനിര്‍ത്താന്‍ താരത്തിനായില്ല. സീസണില്‍ നിര്‍ണായക ഗോളുകള്‍ ഉള്‍പ്പെടെ നാലു ഗോളുകള്‍ നേടിയെങ്കിലും മത്സരങ്ങളില്‍ പലതിലും വിനീതിന്റെ പ്രകടനം മോശമായിരുന്നു.

വിനീത് ഈ സീസണു ശേഷം ഒഴിവാക്കപ്പെടുമെന്ന് ഗോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഎസ്എല്ലിലെ മറ്റു ടീമുകളുടെ ഫ്രാഞ്ചൈസികള്‍ക്ക് ട്രാന്‍സ്ഫര്‍ ഫീസ് ഒന്നുമില്ലാതെ തന്നെ വിനീതിനെ കൈമാറ്റം ചെയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറാണെന്നാണ് ഗോള്‍ റിപ്പോര്‍ട്ട് ചെയ്തത്.

×