Advertisment

ഇസ്രായേല്‍ ഷെല്ലാക്രമണം; മരിച്ച സൗമ്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു: സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും കത്തയച്ചു: ഇസ്രായേലില്‍ ഷെല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത് ഇതാ​ദ്യം!

New Update

ദില്ലി: ഇസ്രായേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അതേസമയം യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.

Advertisment

publive-image

ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സൗമ്യയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും അനുശോചനം അറിയിച്ചതായും വി മുരളീധരൻ പറഞ്ഞു. ജറുസലേമിലെ ഇത്തരം ആക്രമണങ്ങളെയും സംഘർഷങ്ങളെയും അപലപിക്കുന്നതായും ഇരുപക്ഷവും ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിലപാടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് സൗമ്യ സന്തോഷ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌കലോൺ നഗരത്തിന് നേർക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യൻ സമയം 6.30 ഓടെയാണ് സൗമ്യ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അഞ്ച് വർഷമായി സൗമ്യ ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും മരിച്ചു. കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിട്ടുണ്ട്.

ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ കുടുംബത്തെ അറിയിച്ചു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും കത്തയച്ചിട്ടുണ്ട്.

കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ട് വയസുകാരനായ മകനുണ്ട്. സൗമ്യയുടെ മരണത്തോടെ ഇസ്രായേലിലെ മലയാളി സമൂഹം ആശങ്കയിലാണ്. ഇസ്രായേലിൽ ആദ്യമായാണ് ഷെൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുന്നത്.

Advertisment