Advertisment

ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലൂടെ യാത്രചെയ്യുന്നവരൊക്കെ നിലവിലെ ജനപ്രതിനിധിയേയും മുന്‍ ജനപ്രതിനിധിയേയും സ്മരിക്കാതെ കടന്നുപോകില്ല ! സ്മരണ മുഴുവന്‍ മോശം പറഞ്ഞ് തന്നെ. തകര്‍ന്ന് തരിപ്പണമായി വാഗമണ്ണിലേക്കുള്ള പാത ! കോടികള്‍ മുടക്കിയിട്ടും നാലുവര്‍ഷമായി റോഡിന്റെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നു. കോട്ടയം-ഇടുക്കി ജില്ലയെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധം ശക്തം

New Update

publive-image

Advertisment

കോട്ടയം: മധ്യകേരളത്തിലെ തന്നെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്കുള്ള പ്രധാന പാത തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. വാഗമണ്ണിലേക്കുള്ള പ്രധാന പാതകളിലൊന്നായ ഈരാറ്റുപേട്ട- വാഗമണ്‍ റോഡിനാണ് ഈ അവഗണന. നാലുവര്‍ഷം മുമ്പ് റോഡു നിര്‍മ്മാണത്തിനായി തുകയനുവദിച്ചിട്ടും ഇപ്പോഴും നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്.

വാഗമണ്ണിലേക്ക് നിരവധി വിനോസഞ്ചാരികളാണ് ദിവസേന ഈരാറ്റുപേട്ട വഴി സഞ്ചരിക്കുന്നത്. ഇതുവഴി സഞ്ചരിക്കുന്നവരെല്ലാം ഇവിടുത്തെ ജനപ്രതിനിധിയേയും മുന്‍ ജനപ്രതിനിധികളെയുമൊക്കെ സ്മരിക്കാതെ പോകില്ല. ഈ സ്മരണ പക്ഷേ നല്ലതല്ല; മോശമാണെന്നു മാത്രം. അത്രയ്ക്കും താറുമാറാണ് ഈ റോഡ്.

കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണിത്. പൊട്ടിപ്പൊളിഞ്ഞും വീതിയില്ലാതെയും അപകടാവസ്ഥയിലാണ് ഈ റോഡ്. നേരത്തെ നാലുവര്‍ഷം മുമ്പ് ഇവിടെ റോഡ് വീതികൂട്ടി പുനരുദ്ധാരണം നടത്തുന്നതിന് ഫണ്ട് അനുവദിച്ചതാണ്.

എന്നാല്‍ കരാറുകാരുടെ മെല്ലെപ്പോക്കാണ് റോഡുപണിക്ക് തടസ്സമായതെന്നു പലരും പറയുന്നു. പിന്നീട് റോഡ് നിര്‍മ്മാണത്തിന്റെ ചുമതലയിലേക്ക് കിഫ്ബി കൂടി എത്തി. അന്നു ആറുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.

അന്നു എംഎല്‍എയായിരുന്ന പിസി ജോര്‍ജ് തന്റെ വലിയ നേട്ടമാണ് ഈരാറ്റുപേട്ട-വാഗമണ്‍ റോഡു നിര്‍മ്മാണമെന്ന് അവകാശ വാദം ഉന്നയിച്ചിരുന്നു. അന്നു തീക്കോയി വരെ 10 മീറ്റര്‍ വീതിയിലും തീക്കോയി മുതല്‍ വാഗമണ്‍ വരെ ഏഴുമീറ്റര്‍ വീതിയിലും റോഡു നിര്‍മ്മിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. പക്ഷേ ആ വാക്ക് ഇന്നും അങ്ങനെ തന്നെ തുടരുന്നു.

റോഡ് നിര്‍മ്മിച്ച സ്ഥലങ്ങളിലെ കട്ടിങ് വലിയ അപകടമാണ് സൃഷ്ടിക്കുന്നത്. പലയിടത്തും റോഡിന്റെ വശങ്ങളിലെ ഉയരം മൂന്നടി വരെയുണ്ട്. ഇതു മണ്ണിട്ട് നികത്താത്തതിനാല്‍ ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍ പെടുന്നത് പതിവ് കാഴ്ചയാണ്.

റോഡിന് വീതിയില്ലാത്തതിനാല്‍ അപകടം കൂടുതലാണ് ഇവിടെ. ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ കുറെയേറ സഞ്ചാരികള്‍ വാഗമണ്ണിലേക്ക് എത്തുന്നുണ്ട്. പക്ഷേ റോഡു മോശമായതിനാല്‍ ചിരലൊക്കെ പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു മടങ്ങുന്നുമുണ്ട്.

NEWS
Advertisment