‘ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ ടീം, 71 സീറ്റ് നേടി അധികാരത്തിൽ വരും’; ഭരണത്തെ അടുത്തറിഞ്ഞ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തിനിറങ്ങുന്നതെന്ന് ജേക്കബ് തോമസ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, March 6, 2021

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ 71 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ജേക്കബ് തോമസിന്റെ പേരുണ്ട്. ഭരണത്തെ അടുത്തറിഞ്ഞ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തിനിറങ്ങുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു.

ബിജെപി ജയിക്കാന്‍ വേണ്ടിയുള്ള പ്രചാരണങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ബിജെപി എന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ടീം ആണ്. ആ ടീം ജയിക്കാനായി ആ ടീമിലെ ഒരു അംഗം എന്ന നിലയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇത്രയും കാലം സര്‍ക്കാരുകള്‍ ഓരോ ജോലികള്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നല്ലോ. ഇനി ജനങ്ങള്‍ ജോലികള്‍ ഏല്‍പ്പിക്കട്ടെയെന്നും ജേക്കബ് തോമസ് പറഞ്ഞു.

ബി.ജെ.പി.യുടെ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക ഉടന്‍ പുറത്തിറങ്ങും. ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും. ഷായുടെ അനുമതിയോടെ അന്നുതന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുമെന്നാണ് സൂചന.

എന്നാല്‍, കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നശേഷമേ ഔദ്യോഗികമായി പട്ടിക പുറത്തിറക്കുകയുള്ളൂ. കെ സുരേന്ദ്രൻ കോന്നിയിലും കുമ്മനം രാജശേഖരന്‍ നേമത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും എം.ടി. രമേശ് കോഴിക്കോട് നോര്‍ത്തിലും മത്സരിക്കും.

×