കൊല്‍ക്കത്ത: കന്യകയായ സ്ത്രീയെ അടച്ചുറപ്പുള്ള കുപ്പിയോട് താരതമ്യപ്പെടുത്തിയ ജാദവ്പൂര്‍ സര്‍വ്വകലാശാല പ്രൊഫസര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. ‘സ്ത്രീകളുടെ കന്യകത്വം അടച്ചുറപ്പുള്ള കുപ്പിയോ പാക്കറ്റോ പോലെയാണ്.’ എന്ന ഫേസ്ബുക്ക് പോസ്റ്റ് ആണ് വിവാദമായത്.
നിമിഷങ്ങള്‍ക്കകം തന്നെ കനക് സര്‍ക്കാര്‍ പോസ്റ്റ് റിമൂവ് ചെയ്തെങ്കിലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സുപ്രീംകോടതി എല്ലാവര്ക്കും അനുവദിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ആ നിലപാടിനെ ന്യായീകരിച്ചു.
‘കന്യകത്വമുള്ള സ്ത്രീകള്‍ അടച്ചുറപ്പുള്ള കുപ്പിയോ പാക്കറ്റോ പോലെയാണ്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ അടപ്പ് പോട്ടിയ കുപ്പിവെള്ളമോ ബിസ്ക്കറ്റ് പൊതിയോ വാങ്ങാന്‍ നിങ്ങള്‍ തയ്യാറാവുമോ? കൂടുതല്‍ ആണ്‍കുട്ടികള്‍ക്കും കന്യകയായ ഭാര്യ മാലാഖയെ പോലെയാണ്.’ എന്നതായിരുന്നു കനക് സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.എന്നാല്‍ അത് തന്റെ വ്യക്തിപരമായ പോസ്റ്റ് ആണെന്നും തനിക്ക് അഭിപ്രായ സ്വാതന്ത്രം ഉണ്ടെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ കനക് സര്ക്കാന് കുറിച്ചു.
‘തെളിവുകളോ റഫറന്‍സോ ഇല്ലാതെ മറ്റുള്ളവര്‍ക്കെതിരെ തനിക്ക് ഒന്നും എഴുതേണ്ട ആവശ്യമില്ല. ഞാന്‍ സാമൂഹികമായ പഠനമാണ് നടത്തുന്നത്. സമൂഹത്തിന് നല്ലതും ക്ഷേമമുള്ളതുമായ കാര്യങ്ങള്‍ മാത്രമേ എഴുതാറുള്ളൂ.’
എന്നാല്‍ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്നും സര്‍വ്വകലാശാലയില്‍ നിന്നും ഉയരുന്നത്. സര്‍വ്വകലാശാല ഇതിനെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞു.
‘നിയപരമായി നടപടി സ്വീകരിക്കും.’ ജാദവ്പൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ സൂരജ്ഞന്ദാസ് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മീഷന് വെസ്റ്റ് ബംഗാള്‍ പൊലീസിന് നിര്‍ദ്ദേശം നല്കി.