Advertisment

ജാഫറും സിന്ധുവും ദിവസവും ചാലക്കുടിയില്‍ നിന്ന് കോതമംഗലത്തേക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്നു ; രാവിലെ 6 മണിക്ക് വീട്ടില്‍ നിന്ന് പോകുന്ന ഇവര്‍ തിരികെ വരുന്നത് രാത്രി 10 മണിയോടെ ; ചോദിക്കുന്നവരോട് പറഞ്ഞിരുന്നത് ജോലി തട്ടുകട ബിസിനസ്സ് ആണെന്ന് ; എന്നാല്‍ യാത്ര ഓട്ടോയില്‍ കയറും ചുറ്റികയുമായി കവര്‍ച്ചയ്ക്കു പറ്റിയ ഇരകളെ തേടിയും..

New Update

തൃശൂർ : തിരൂരിൽ വയോധികയെ ആക്രമിച്ചു മാല കവർന്ന കേസിലെ പ്രതികളായ ജാഫറും സിന്ധുവും ചാലക്കുടി മേലൂരിലെ വാടകവീട്ടിൽ നിന്നു ദിവസവും കോതമംഗലത്തേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്നതായി കണ്ടെത്തി. ആഴ്ചയിൽ മൂന്നു ദിവസം വീതം കോതമംഗലം സ്റ്റേഷനിലെത്തി ഒപ്പിടണമെന്നു നിർദേശം ലഭിച്ചിരുന്നു. ഇതാണ് മേലൂരിൽ നിന്നു കോതമംഗലത്തേക്ക് ഓട്ടോയാത്ര നടത്താൻ പ്രേരണയായത്.

Advertisment

publive-image

രാവിലെ 6.30ന് വീടുപൂട്ടി ഓട്ടോറിക്ഷയിൽ കയറി കോതമംഗലത്തേക്കു പോയാൽ രാത്രി ഒൻപതരയോടെയാണു തിരികെയെത്തുക. ചോദിക്കുന്നവരോടെല്ലാം തട്ടുകട ബിസിനസ് ആണ് ജോലിയെന്നാണ് ഇവർ പറഞ്ഞിരുന്നത്.

എന്നാൽ, ഓട്ടോയിൽ കയറും ചുറ്റ‍ികയുമായി കവർച്ചയ്ക്കു പറ്റിയ ഇരകളെ തേടിയായിരുന്നു യാത്രയെന്ന് ഇവർ പൊലീസ‍ിനോടു സമ്മതിച്ചു. കോതമംഗലം, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിലായി നാലു മോഷണക്കേസുകളിൽ പ്രതിയാണിവർ. ആറ് ആടുകളെ മോഷ്ടിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയതിന്റെ പേരിൽ ഇവർക്കു ജയിൽശിക്ഷയും ലഭിച്ചിരുന്നു. രണ്ടരമാസം മുൻപാണ് പുറത്തിറങ്ങിയത്.

ത‍ിരൂർ മോഡലിൽ മറ്റാരെയെങ്കിലും ഇവർ ആക്രമിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. മാസങ്ങൾക്കു മുൻപാണ് ഇരുവരും ഒന്നിച്ചു ജീവിതം തുടങ്ങിയതെന്നു പൊലീസ് കണ്ടെത്തി. കുടുംബത്തെ ഉപേക്ഷിച്ച് ഇരുവരും മേലൂരിലേക്കു ചേക്കേറുകയായിരുന്നു.

പത്താഴക്കുണ്ട് ഡാമിനു സമീപത്തുകൂടി നടന്നുപോയ ട്യൂഷൻ മാസ്റ്റർ നൽകിയ ദൃക്സാക്ഷി മൊഴിയും പൊലീസിനു തുണയായി. അമിതവേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയുടെ പിന്നിൽ ഒരു സ്ത്രീ മറ്റൊരാളെ ആലിംഗനം ചെയ്ത‍ിരിക്കുന്നതു കണ്ടു എന്നായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. സുശീലയുടെ ദേഹമാസകലം ചോരയൊലിക്കുന്ന ദൃശ്യം ഇയാൾ കാണാതിരിക്കാൻ വേണ്ടി ആലിംഗനത്തിലൂടെ മറച്ചു പിടിക്കുകയായിരുന്നുവെന്നു സിന്ധു പൊലീസിനോടു സമ്മതിച്ചു.

Advertisment