Advertisment

കാളികാവിലെ ഗൃഹനാഥന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് ഒന്നര വര്‍ഷത്തിനു ശേഷം ; കൊല നടത്തിയത് കാമുകനൊപ്പം ജീവിക്കാനെന്ന് രണ്ടാം ഭാര്യ ; കൊന്നത് മദ്യത്തിനു പകരം ഗ്ലാസില്‍ വിഷം ഒഴിച്ചു നല്‍കിയും ; ഞെട്ടിക്കുന്ന കുറ്റസമ്മതമൊഴി ഇങ്ങനെ..

New Update

മലപ്പുറം : കാളികാവിലെ ഗൃഹനാഥന്റെ ദുരൂഹ മരണം ഒന്നര വർഷത്തിനുശേഷം കൊലപാതകമെന്നു തെളിഞ്ഞു. മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലി(50)യെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉമ്മുൽ ഷാഹിറയെ(42)യും കാമുകൻ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്മോനെ(37)യും മലപ്പുറം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുവരെയും തമിഴ്നാട്ടിൽനിന്നാണു പിടികൂടിയത്.

Advertisment

publive-image

തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ മുഹമ്മദാലിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും മൊഴി നൽകി. മുഹമ്മദാലിയുടെ രണ്ടാം ഭാര്യയാണ് ഉമ്മുൽ ഷാഹിറ. ഇവർക്കും 2 മക്കൾക്കുമൊപ്പം മൂച്ചിക്കലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന മുഹമ്മദാലി 2018 സെപ്റ്റംബർ 21നാണ് കൊല്ലപ്പെട്ടത്. അന്നുരാത്രി അയൽവാസിയായ ജെയ്മോനൊപ്പം ഇയാൾ വീടിന്റെ ടെറസിൽവച്ചു മദ്യപിച്ചിരുന്നു.

>ഇടയ്ക്കു മദ്യത്തിനു പകരം ഗ്ലാസിൽ വിഷം ഒഴിച്ചു നൽകിയെന്നാണു ജെയ്മോൻ പൊലീസിനു നൽകിയ മൊഴി. മരണമുറപ്പിച്ചശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലിൽ കിടത്തിയശേഷമാണു ജെയ്മോൻ പോയത്. പിറ്റേന്നു പുലർച്ചെ അടുത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിളിച്ച് ഷാഹിറ മരണവിവരം അറിയിച്ചു.

ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്ന ഭാര്യയുടെ വാക്കുകൾ ബന്ധുക്കളും വിശ്വസിച്ചു. എന്നാൽ, മരണം കഴിഞ്ഞ് 4 ദിവസം പിന്നിട്ടപ്പോൾ ഉമ്മുൽ ഷാഹിറയെയും മക്കളെയും കാണാതായതോടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നു മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തുകയായിരുന്നു.

രഹസ്യവിവരത്തെത്തുടർന്നു തിങ്കളാഴ്ച ശിവകാശിയിലെത്തിയ പൊലീസ് സംഘം ഷാഹിറയെയും 2 മക്കളെയും കണ്ടെത്തിയിരുന്നു. അന്നു കടന്നുകളഞ്ഞ ജെയ്മോനെ ഇന്നലെ ഡിണ്ടിഗലിൽ വച്ചു പൊലീസ് പിടികൂടി.

കോടതിയിൽ ഹാജരാക്കിയ ഉമ്മുൽ ഷാഹിറയെ റിമാൻഡ് ചെയ്തു. മക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ജയ്മോനെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു മലപ്പുറം എസ്പി യു.അബ്ദുൽകരീം പറഞ്ഞു.

Advertisment