Advertisment

ജമാൽ ഖശോഗി ചോദ്യം ചെയ്യലിനിടെ കൊല്ലപ്പെട്ടതായി സൗദിയുടെ സ്ഥിരീകരണം

author-image
admin
New Update

റിയാദ് : തുർക്കി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍നിന്ന് ദുരൂഹസഹചര്യത്തിൽ കാണാതായ ജമാൽ ഖശോഗി ചോദ്യം ചെയ്യലിനിടെ കൊല്ലപ്പെട്ടതായി സൗദിയുടെ സ്ഥിരീകരണം. ചോദ്യം ചെയ്യലിനിടെയുണ്ടായ അടിപിടിയിലാണ് ഖശോഗി കൊല്ലപ്പെട്ടതെന്ന് സൗദി സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വകുപ്പ് ഡപ്യൂട്ടി മേധാവി, റോയൽ കോർട്ട് ഉപദേശകൻ എന്നിവരെ സ്ഥാനത്ത്‌നിന്ന് നീക്കി. പതിനെട്ട് സൗദികളെ അറസ്റ്റ് ചെയ്തു.

publive-image

രഹസ്യാന്വേഷണ വിഭാഗം ഉപമേധാവികളായ അഹമ്മദ് അൽ അസീരി, മുഹമ്മദ് സ്വാലിഹ് അൽ റുമൈഹ്, അബ്ദുൽ ഖലീൽ അൽ ഷായ്ഹ്, സുരക്ഷാവകുപ്പിലെ റഷാദ് ബിൻ മാഹി അൽ മെഹ്മാദി, റോയൽ കോർട്ട് ഉപദേശകൻ സൗദ് അൽ ഖഹ്താനി എന്നിവരെ പിരിച്ചുവിട്ടു.

സൗദി  കോണ്‍സുലേറ്റിനകത്ത് നടന്ന അടിപിടിയിലാണ് ഖശോഗി കൊല്ലപ്പെട്ടതെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടു മുതലാണ് ഖശോഗിയെ കാണാതായത്. വീണ്ടും വിവാഹിതനാകാനുള്ള സർട്ടിഫിക്കറ്റുകൾ ശരിയാക്കുന്നതിന് വേണ്ടിയാണ് ഖശോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ എത്തിയിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ രഹസ്യാന്വേഷണവിഭാഗത്തെ പൂർണമായും മാറ്റാൻ  തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. രഹസ്യാന്വേഷണവിഭാഗത്തെ  പുനക്രമീകരിക്കുന്നതിന് മന്ത്രിതല സമിതി രൂപീകരിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. കിരീടാവകാശിക്ക് പുറമെ ഡോ. മുസായിദ് അൽ ഹൈബാൻ, ഡോ. ഇബ്രാഹീം അൽ അസ, റോയൽ കോർട്ട് മേധാവി, വിദേശകാര്യമന്ത്രി, രാജ്യസുരക്ഷമേധാവി എന്നിവരടക്കം കമ്മിറ്റിയിലുണ്ട്.

ഇവരെല്ലാം ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനും ഉത്തരവിട്ടു.  തുർക്കി അന്വേഷണോദ്യോഗസ്ഥരുമായി പൂർണമായും സഹകരിച്ച് കേസ് അന്വേഷണം പൂർത്തിയാക്കാനും തീരുമാനിച്ചു. ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സുതാര്യമായ അന്വേഷണം നടത്തുമെന്ന് സൗദി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു.ജമാൽ ഖശോഗിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച പതിനെട്ട് പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

 

Advertisment