Advertisment

"ഇത്ര ക്രൂരമായി കൊന്നുകളയാന്‍ എന്ത് കാരണമാണുണ്ടായിരുന്നത് ? എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്?" ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുത വധു ചോദിക്കുന്നു

New Update

Image result for jamal khashoggi fiance

Advertisment

നവംബര്‍ രണ്ടിന് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി സൌദി കോണ്‍സുലേറ്റിലേക്ക് കയറിച്ചെന്നിട്ട് ഒരുമാസം പൂര്‍ത്തിയാവുന്നു. ഇസ്താംബുളിലെ സൌദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗി തിരികെ പോയി എന്നായിരുന്നു സൌദി പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ, തുര്‍ക്കിയുടെ നിരന്തര സമ്മര്‍ദ്ദത്തിനു വഴങ്ങി സൌദിക്ക് അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കേണ്ടി വന്നു. കോണ്‍സുലേറ്റിലേക്ക് ഖഷോഗി കയറിപ്പോയി ഒരുമാസമാകുമ്പോള്‍ ഖഷോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് ജെങ്കസ് എഴുതിയത്, വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ചത്.

Image result for jamal khashoggi fiance

കൃത്യം ഒരുമാസം മുമ്പാണ് എന്‍റെ പ്രതിശ്രുതവരന്‍, പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഇസ്താംബുളിലെ സൌദി അറേബ്യ കോണ്‍സുലേറ്റിലേക്ക് തിരികെ വരാത്തവണ്ണം യാത്രയായത്. ഒരുമാസം മുമ്പ് വരെ ജമാല്‍ എഴുതുന്ന ലേഖനങ്ങള്‍ എനിക്കയച്ചുതരുമായിരുന്നു. ഞാനത് ആകാംക്ഷയോടെ വായിക്കുകയും എനിക്ക് തോന്നുന്ന കാര്യങ്ങള്‍ അദ്ദേഹത്തെ വിളിച്ച് പറയുകയും ചെയ്യുമായിരുന്നു. അദ്ദേഹം അത് ശ്രദ്ധയോടെ കേള്‍ക്കും, സംവാദമുണ്ടാവും. പക്ഷെ, ഇന്ന് ഞാന്‍ അദ്ദേഹത്തെ കുറിച്ചെഴുതുന്നു. അത് എത്രമാത്രം വേദനയാണെന്നോ.

ഒരു മാസമോ അതോ ജീവിതകാലം മുഴുവനോ എനിക്കദ്ദേഹത്തെ നഷ്ടമായതെന്ന് മനസിലാവുന്നില്ല. ഇപ്പോഴും ഞാന്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്നുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് സന്തോഷവാനായ ജമാല്‍ മടങ്ങി വരുമെന്ന്. ഓരോ മണിക്കൂറിലും, ഓരോ ദിവസവും, ഒരുപക്ഷെ ഒരു ജന്മം തന്നെ. ഞാനെത്ര നാള്‍ കാത്തിരിക്കുന്നുവെന്നതില്‍ ഒരു കാര്യവുമില്ല. ജമാല്‍ ഒരിക്കലും വരില്ല. വരുന്ന വാര്‍ത്തകള്‍ മുഴുവന്‍ അദ്ദേഹത്തിന്‍റെ മരണവുമായി ബന്ധപ്പെട്ടതാണ്.

Image result for jamal khashoggi fiance

ഞാനിതെഴുതുമ്പോള്‍, ഇസ്താബുളിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍ ഒരു ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. സൌദി ഏജന്‍റുമാര്‍ അദ്ദേഹത്തെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ശരീരം തകര്‍ത്തുകളയുകയുമായിരുന്നുവെന്ന്. എത്രമാത്രം അപരിഷ്കൃതവും, ക്രൂരവുമായ കാര്യമാണ് അവര്‍ ചെയ്തത്. ഇങ്ങനെയൊക്കെ ചെയ്യാന്‍ മാത്രം എന്ത് കുറ്റമാണ് അദ്ദേഹം അവരോട് ചെയ്തത്. ഇത്ര ക്രൂരമായി കൊന്നുകളയാന്‍ എന്ത് കാരണമാണുണ്ടായിരുന്നത്. ഇങ്ങനെ ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല.

സ്നേഹവും ദയയും ഒക്കെ നിറഞ്ഞ ഒരാളായിരുന്നു ജമാല്‍. അദ്ദേഹത്തിന്‍റെ നാട്ടില്‍, ഒരു നല്ല തുടക്കമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. സന്തോഷത്തോടെയുള്ള ഒരു ജീവിതം. ആ യാത്രയില്‍ ഒരു പങ്കാളിയും സുഹൃത്തുമായി ഞാന്‍. അദ്ദേഹത്തിന്‍റെ കൂടെ ഒരു ജീവിതം തുടങ്ങുന്നത് എനിക്ക് എത്രമാത്രം വിലപ്പെട്ടതും സന്തോഷവും നിറഞ്ഞതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

Image result for jamal khashoggi fiance

ജമാലിന്‍റെ ക്രൂരമായ കൊലപാതകം ഈ ലോകത്തെ തന്നെ പിടിച്ചുകുലുക്കിയിരിക്കുന്നു. ലോകത്തില്‍ തന്നെ പ്രധാന്യമര്‍ഹിക്കുന്ന ഒരു ശബ്ദം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മിഡില്‍ ഈസ്റ്റിലെ സങ്കീര്‍ണമായ ബന്ധങ്ങളെ കുറിച്ച് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തിയിരുന്നു. പക്ഷെ, മനുഷ്യരുടെ അവകാശങ്ങള്‍ക്കാണ് അദ്ദേഹം ആദ്യത്തെ പ്രാധാന്യം നല്‍കിയിരുന്നത്. കൊലപാതകത്തിലൂടെ, അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്നങ്ങള്‍ വെള്ളിവെളിച്ചത്തിലെത്തിയിരിക്കുകയാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍... എല്ലാവരും വിശ്വസിക്കുന്നത് ജനങ്ങള്‍ അവരുടെ നേതാക്കളെ കണ്ടെത്തുന്നത് ബാലറ്റ് ബോക്സിലൂടെയാണ് എന്നാണ്. ജമാലിന്‍റെ കൊലപാതകത്തിലൂടെ അദ്ദേഹം മുന്നോട്ടവച്ചതൊന്നും ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിയില്ല. അത് ശക്തിയാര്‍ജ്ജിക്കുന്നതേയുള്ളൂ.

കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹം തന്നെ മുന്നില്‍ നില്‍ക്കണം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇതിന് നേതൃത്വം നല്‍കണം. സ്വാതന്ത്ര്യം, നീതി എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യം സ്ഥാപിക്കപ്പെട്ടത്. ധാര്‍മ്മികമായി അടിത്തറയില്ലാത്ത സ്ഥാനമാണ് ട്രംപ് ഭരണകൂടത്തിന്‍റേത്. എന്നാലും, ജമാലിന്‍റെ നീതിക്ക് വേണ്ടി സഹായിക്കാന്‍ ട്രംപ് ഭരണകൂടത്തെ നമ്മള്‍ നയിക്കും.

ഞാനത്ര നിഷ്കളങ്കയൊന്നുമല്ല. എനിക്കറിയാം ഗവണ്‍മെന്‍റ് പ്രവര്‍ത്തിക്കുന്നത് വികാരം നോക്കിയല്ല, പരസ്പരധാരണയുടേയും താല്‍പര്യത്തിന്‍റേയും പുറത്താണെന്ന്. അവര്‍ പക്ഷെ ഒരു ചോദ്യം സ്വയം ചോദിക്കാന്‍ തയ്യാറാവണം. ലോകത്തിലെ ജനാധിപത്യ രാഷ്ട്രങ്ങള്‍, ജനങ്ങളെ അസ്വസ്ഥരാക്കിയ ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിക്കാനും നടപടിയെടുക്കാനും തയ്യാറാകുന്നില്ലെങ്കില്‍ എന്ത് ധാര്‍മ്മിക ഉത്തരവാദിത്വമാണ് അവര്‍ക്കുള്ളത്.

Image result for jamal khashoggi fiance

മനുഷ്യത്വം പരീക്ഷിക്കുന്നൊരു കാലത്താണ് നമ്മുടെ ജീവിതം. അതിനൊരു നേതൃത്വം വേണം. ഏറ്റവും വലിയ ഉത്തരവാദിത്വം സര്‍ക്കാരിന്‍റെ കയ്യിലാണ്. എന്‍റെ പ്രസിഡണ്ട് റെജപ് തയ്യിപ്‌ എർദ്വാൻ, അതുപോലെ മറ്റുള്ളവരും തുര്‍ക്കിയിലെ രാഷ്ട്രീയ, നിയമ, ഭരണകൂട ശാഖകളും അതിന് വേണ്ടി കഴിയും പോലെ പ്രവര്‍ത്തിക്കുകയാണ്.

എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേയും യുണൈറ്റഡ് സ്റ്റേറ്റ്സിലേയും നേതാക്കളെ ഞാനീ പരീക്ഷണം  നേരിടാന്‍ ക്ഷണിക്കുകയാണ്. നീതി ലഭ്യമാകണം. ഈ കൊലപാതകം ചെയ്യാന്‍ ആവശ്യപ്പെട്ടവരെല്ലാം, എത്ര ഉന്നത സ്ഥാനത്ത് നില്‍ക്കുന്നവരായാലും ശിക്ഷിക്കപ്പെടണം. എന്‍റെ പ്രിയപ്പെട്ട ജമാലിന് നീതി കിട്ടണം. ഞങ്ങളെല്ലാവരും ഉത്തരവാദിത്വപ്പെട്ടവരോട് ആവശ്യപ്പെടുന്നു, ഇനിയൊരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെടരുത്.

ജമാല്‍ ഒരു വീട് വാങ്ങിയിരുന്നു. ഒരു കുടുംബം ഉണ്ടാകുന്നതിനെ കുറിച്ച് സ്വപ്നം കണ്ടിരുന്നു. എത്ര ആവേശത്തോടെയാണ് ആ വീട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ അദ്ദേഹം വാങ്ങിയത്. ജമാല്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഒരു കഥയാണ് ഞാന്‍. എല്ലാവരും ഒരുമിച്ച് അത് പൂര്‍ത്തിയാക്കാന്‍ സഹായിക്കണം. ജമാലിന്‍റെ ആത്മാവ് തെളിയിച്ച ദീപം ഏറ്റെടുക്കണം... അദ്ദേഹത്തിന്‍റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍.

Advertisment