ജമ്മു – കാശ്മീര്‍ ഉപമുഖ്യമന്ത്രി നിർമൽ സിങ്ങ് രാജിവച്ചു. രാജി പ്രതിശ്ചായ മിനുക്കലിന്. പുതുമുഖങ്ങള്‍ക്ക് സാധ്യത

ജെ സി ജോസഫ്
Sunday, April 29, 2018

ശ്രീനഗർ∙ പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാന്‍ ജമ്മു – കാശ്മീര്‍ മന്ത്രിസഭയില്‍ നിന്നും ഉപമുഖ്യമന്ത്രി നിർമൽ സിങ്ങ് രാജിവച്ചു . പുനഃസംഘടന നടക്കാനിരിക്കെയാണു രാജി. നിർമൽ സിങ്ങിനു പകരം ബിജെപി നേതാവും നിലവിൽ നിയമസഭ സ്പീക്കറുമായ കവിന്ദർ ഗുപ്ത ഉപമുഖ്യമന്ത്രിയാകും.

മെഹബൂബ മുഫ്തി മന്ത്രിസഭയിലെ എല്ലാ പാർട്ടി മന്ത്രിമാരോടും രാജിക്കത്ത് നൽകാൻ ബിജെപി ഏപ്രിൽ 17ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിക്കത്ത് ഗവർണർ എൻ.എൻ.വോഹ്റയ്ക്കു കൈമാറിയിരുന്നില്ല.

പാർട്ടിയിലെ പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാനാണ് ഈ നീക്കമെന്നാണു സൂചന. നിർമൽ സിങ്ങിന് ഇതു സംബന്ധിച്ച നിര്‍ദേശം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകിയതായും അറിയുന്നു.

എന്നാൽ എത്ര പേരെ നിലവിലെ മന്ത്രിസഭയിൽ നിന്നു ബിജെപി മാറ്റി നിർത്തുമെന്നു വ്യക്തമായിട്ടില്ല. അമിത് ഷായുടെയും പാർട്ടി ജനറൽ സെക്രട്ടറി റാം മാധവിന്റെയും കയ്യിൽ ഇതുമായി ബന്ധപ്പെട്ട പട്ടികയുണ്ട്. ഇത് നിർമൽ സിങ്ങിനു കൈമാറും.

കഠ്‌വ പീഡനക്കേസിലെ പ്രതികളെ പിന്തുണച്ചതിന്റെ പേരിൽ ബിജെപിയുടെ രണ്ടു മന്ത്രിമാർ അടുത്തിടെ രാജിവച്ചിരുന്നു. ഇതിനു പിന്നാലെ പിഡിപിയുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന രീതിയിൽ വരെ ബിജെപിയിൽ ചർച്ചയുണ്ടായി. എന്നാൽ ചിലരെ മാത്രം മാറ്റാനാണു നിലവിലെ തീരുമാനം.

അതേസമയം പിഡിപി മന്ത്രിമാരിൽ മാറ്റമൊന്നുമുണ്ടാകില്ല. ഒഴിഞ്ഞു കിടക്കുന്ന ധനമന്ത്രി സ്ഥാനത്തേക്ക് ആരാകുമെന്ന ചർച്ചയും ശക്തമായിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12നു ഗവർണറുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു പുതിയ മന്ത്രിമാർ അധികാരത്തിലേറും.

×