Advertisment

65 വര്‍ഷത്തെ തീരുമാനം മാറ്റിമറിയ്ക്കാന്‍ അമിത് ഷായ്ക്ക് വേണ്ടിവന്നത് 67 ദിവസം. അതിവേഗം നടപ്പിലാക്കിയത് അമിത് ഷായുടെ ആദ്യ ദേശീയ അജണ്ട ! ലോകം വീക്ഷിച്ചുകൊണ്ടിരുന്ന പ്രഖ്യാപനത്തിന് മുന്‍പേ കാശ്മീര്‍ സൈന്യത്തിന്‍റെ കൈവെള്ളയിലാക്കി. എല്ലാം അറിഞ്ഞതും ചരടുവലിച്ചതും മൂവര്‍ സംഘം മാത്രം ?

author-image
ജെ സി ജോസഫ്
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി : കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദു ചെയ്ത് സംസ്ഥാനത്തെ കാശ്മീരും ലഡാക്കുമായി വിഭജിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയരുന്ന ഭിന്ന സ്വരങ്ങള്‍ നിരീക്ഷിക്കുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും.

തീരുമാനത്തിന്‍റെ രാഷ്ട്രീയ പ്രത്യാഘാദങ്ങള്‍ നിരീക്ഷിക്കുന്നതിനൊപ്പം ഇതിന്‍റെ പേരില്‍ രാജ്യത്തൊരിടത്തും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു.

ബിജെപിയ്ക്ക് അകത്തും ആര്‍ എസ് എസ് കേന്ദ്രങ്ങളും വര്‍ദ്ധിത ആവേശത്തോടെ അമിത് ഷായുടെ കാശ്മീര്‍ ഓപ്പറേഷന്‍ ആഘോഷമാക്കി മാറ്റിയപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളില്‍ നിന്നും അവരുടെ അണികളില്‍ നിന്നും പ്രതീക്ഷിച്ചത്ര എതിര്‍പ്പ് ഉണ്ടായില്ല എന്ന് തന്നെയാണ് വിലയിരുത്തല്‍.

ആർട്ടിക്കിൾ 370 - സര്‍ക്കാരിന് രാഷ്ട്രീയ ലാഭം

കാശ്മീര്‍ വിഭജന തീരുമാനത്തെ എതിര്‍ കക്ഷികളില്‍ പെട്ടവര്‍ പോലും ഒറ്റയ്ക്കും കൂട്ടായും ധീരമെന്ന് വിശേഷിപ്പിക്കുന്നതായാണ് ബിജെപിയുടെ വിലയിരുത്തല്‍ . അതിനാല്‍ തന്നെ കാശ്മീര്‍ വിഭജിക്കാനും ആർട്ടിക്കിൾ 370 റദ്ദു ചെയ്യാനുമുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രീയ ലാഭമായി മാറും എന്ന വിലയിരുത്തലുകള്‍ ശക്തമാണ്.

അതിനിടയില്‍ സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസിന്‍റെ രാജ്യസഭയിലെ ചീഫ് വിപ്പ് ഭുബനേശ്വര്‍ കലിത എംപി രാജിവച്ചത് കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടിയായി മാറുകയും ചെയ്തു .

രാജ്യം മാത്രമല്ല ലോകം തന്നെ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന നടപടിയാണ് കാശ്മീരിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. പുതിയ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആദ്യ അജണ്ട കാശ്മീര്‍ ആയിരുന്നെന്ന് വ്യക്തമായിരുന്നു.

publive-image

65 വര്‍ഷത്തെ തീരുമാനം മാറ്റിമറിയ്ക്കാനെടുത്തത് 67 ദിവസം 

സ്വാതന്ത്ര്യ ലബ്ധിക്ക് തൊട്ടുപിന്നാലെ ഇന്ത്യ കൈക്കൊണ്ട ഒരു തീരുമാനം അധികാരത്തിലെത്തി നൂറു ദിവസം പൂര്‍ത്തിയാകും മുന്‍പേ അതിവേഗം അമിത് ഷാ തിരുത്തികുറിയ്ക്കും എന്നാരും കരുതിയിരിക്കില്ല . ഇന്ന് രാവിലെ പോലും അഭ്യൂഹങ്ങള്‍ അല്ലാതെ ഇത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചതുമില്ല.

പ്രമുഖ മന്ത്രിമാർക്ക് പോലും എന്താണ് സംഭവിക്കാൻ പോകുന്നതെന്നത് സംബന്ധിച്ച് അറിവൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ പാക്കിസ്ഥാന്‍ ഉന്നംവച്ചിരിക്കുന്ന കാശ്മീരിൽ പൂർണമായും പിടിമുറുക്കിയിരിക്കയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയ മൂന്നംഗ ടീമായിരുന്നു കൂട്ടായി ആലോചിച്ച് തീരുമാനം നടപ്പാക്കിയത്.

publive-image

ഓരോ ചുവടും കരുതലോടെ 

കാശ്മീരിൽ സൈനികർക്ക് എതിരായ കല്ലേറു തടയുക എന്നതായിരുന്നു ആദ്യ നീക്കം . വിഘടനവാദി നേതാക്കൾക്ക് നേരെയുള്ള കൃത്യമായ ആസൂത്രണത്തിലൂടെ കാശ്മീർ ശാന്തമായി. ഇതിന് പിന്നാലെയാണ് ഇവിടേക്ക് വൻതോതിൽ സൈന്യത്തെ ഇറക്കിയത്.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് സൈനിക വിന്യസമെന്നായിരുന്നു വിശദീകരണം. പക്ഷേ, കശ്മീരിൽ അസാധാരണമായി എന്തോ നടക്കാൻ പോകുന്നുവെന്ന് പ്രതിപക്ഷകക്ഷികൾ പോലും ആശങ്കപ്പെട്ടു.

കാശ്മീര്‍ സൈന്യത്തിന്‍റെ കൈവെള്ളയിലാക്കി പ്രഖ്യാപനം 

ഘട്ടംഘട്ടമായി കൂടുതൽ സൈനികരെ കശ്മീരിലെത്തിച്ച് സംസ്ഥാനത്തിന്‍റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുകയാണ് ആദ്യം സ്വീകരിച്ച നടപടി. തൊട്ടുപിന്നാല അമർനാഥ് തീർത്ഥാടകരോട് യാത്ര റദ്ദാക്കി മടങ്ങാൻ നിർദ്ദേശിച്ചു. കശ്മീരിലെത്തിയ വിനോദസഞ്ചാരികളോടും വിദ്യാർത്ഥികളോടും മടങ്ങാൻ ആവശ്യപ്പെട്ടു.

ഞായറാഴ്ച അജിത് ഡോവലും അമിത് ഷായും വീണ്ടും കൂടിക്കാഴ്ച നടത്തി അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തി . ഐ.ബി, റോ മേധാവിമാരും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇതിനു മണിക്കൂറുകൾക്ക് ശേഷമാണ് കശ്മീരിലെ വിവിധ നേതാക്കൾ വീട്ടുതടങ്കലിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. തങ്ങൾ വീട്ടുതടങ്കലിലാണെന്ന് ഒമർ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും പ്രതികരിക്കുകയും ചെയ്തു.

സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ കശ്മീരിലെ ടെലഫോൺ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും ഭാഗികമായി റദ്ദാക്കി.

publive-image

പിഴയ്ക്കാത്ത ചുവടുകള്‍

തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര മന്ത്രിസഭാ യോഗം നടക്കുമെന്ന അറിയിപ്പ് വന്നതോടെ കശ്മീരിൽ സുപ്രധാന തീരുമാനം ഉണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച ഒരു സൂചനകളും ഔദ്യോഗികവൃത്തങ്ങൾ നൽകിയിരുന്നില്ല.

ഒടുവിൽ മന്ത്രിസഭായോഗത്തിനുശേഷം രാവിലെ 11 മണിയോടെ രാജ്യസഭയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കശ്മീരിലെ സുപ്രധാന തീരുമാനം രാജ്യത്തെ അറിയിച്ചത്.

1954 മെയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണ് 35എ വകുപ്പ്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും ഭൂമി, തൊഴിൽ, സ്‌കോളർഷിപ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവർക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതാണ് വകുപ്പാണിത്.

ജമ്മു കശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. താൽക്കാലിക സ്വഭാവമുള്ളതായ 370ാം വകുപ്പ് അസാധുവാക്കാൻ രാഷ്ട്രപതിക്കു സാധിക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് മോദിയും അമിത് ഷായും ചേർന്ന് നടപ്പാക്കുന്നത്.

jammu jammu kashmir#
Advertisment