Advertisment

2,140 സാരികൾ, 750 ജോഡി ചെരുപ്പ്; കോടികളുടെ സ്വര്‍ണം, എസ്‌റ്റേറ്റ്, ബംഗ്ലാവ്; 1000 കോടിയുടെ കോളടിച്ച് ദീപയും ദീപക്കും

New Update

ചെന്നൈ: ജയലളിതയുടെ സ്വത്തിന്റെ അവകാശികൾ സഹോദരന്റെ മക്കളായ ദീപ ജയകുമാറും ദീപക്കുമാണെന്നു മദ്രാസ് ഹൈക്കോടതിയുടെ വിധിക്കു ശേഷവും ചർച്ച അവസാനിക്കുന്നില്ല.

Advertisment

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയലളിത നൽകിയ സത്യവാങ്മൂലത്തിൽ 118 കോടിയുടെ സ്വത്താണു കാണിച്ചിരിക്കുന്നത്. ദീപയും ദീപക്കും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇതു 188 കോടിയാണ്. ജയയുടെ സ്വത്ത് മേൽനോട്ടത്തിനു അഡ്മിനിസ്ട്രേറ്ററെ നിയമക്കണമെന്നാവശ്യപ്പെട്ടു അണ്ണാഡിഎംകെ പ്രവർത്തകൻ പുകഴേന്തി നൽകിയ ഹർജിയിൽ സ്വത്തുക്കളുടെ മൂല്യം 913 കോടി. ഇതു 1000 കോടിയിലേറെ വരാമെന്നു ഹർജിയിലെ വാദത്തിനിടെ പരാമർശിക്കുകയും ചെയ്തു.

publive-image

ജയയുടെ താമസസ്ഥലമായിരുന്ന പോയസ്ഗാർഡനിലെ വേദ നിലയം സ്മാരകമാക്കാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നു ഹൈക്കോടതി ഇന്നലെ നിർദേശിച്ചു. ആവശ്യമെങ്കിൽ അതു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാം. സ്മാരകം വേണമെന്നു നിർബന്ധമാണെങ്കിൽ ചെറിയൊരു ഭാഗം അതിനായി ഉപയോഗിക്കാമെന്നു ജസ്റ്റിസ് ആർ.കൃപാകരൻ, അബ്ദുൽ ഖുദ്ദൂസ് എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു. വേദനിലയം ഏറ്റെടുത്തു സ്മാരകമാക്കുന്നതിനു ഈയിടെ ഓർഡിനൻസ് പുറപ്പെടുവിച്ച തമിഴ്നാട് സർക്കാരിനു കനത്ത തിരിച്ചടി നൽകുന്നതാണു വിധി. സ്വകാര്യ കെട്ടിടങ്ങൾ വൻവില കൊടുത്തുവാങ്ങി ഏറ്റെടുക്കുന്നതിനു പകരം ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കണമെന്നു ഹൈക്കോടതി പറഞ്ഞു.

മൂന്നു വർഷം മുൻപ് ജയലളിത മരിക്കുമ്പോൾ തന്റെ സ്വത്ത് വകകൾക്കു പിന്തുടർച്ചവകാശിയെ നിശ്ചയിച്ചിരുന്നില്ല. നേരിട്ടുള്ള അവകാശികളില്ലാത്തതിനാൽ, ഹിന്ദു പിന്തുടർച്ചവകാശ നിയമപ്രകാരം രണ്ടാംനിര അവകാശികളായ തങ്ങൾക്കു സ്വത്തു വകകൾ കൈകാര്യം ചെയ്യുന്നതിനു അധികാരം വേണമെന്നാവശ്യപ്പെട്ടു ദീപയും ദീപക്കുമാണു ഹൈക്കോടതിയെ സമീപിച്ചത്. സ്വത്തുവകകളുടെ കൈകാര്യകർത്താവായി തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ടു അണ്ണാഡിഎംകെ പ്രവർത്തകൻ കെ.പുകഴേന്തി സമർപ്പിച്ച ഹർജി കോടതി തള്ളി.

സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാനുള്ള സന്നദ്ധത ദീപകും ദീപയും വാദത്തിനിടെ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി, ട്രസ്റ്റിനായി സ്വത്തുക്കളിൽ ചിലതു മാറ്റി‌വയ്ക്കണമെന്നു നിർദേശിച്ചു. ഏതെല്ലാം സ്വത്തെന്നതു തീരുമാനിക്കാൻ ദീപക്കിനും ദീപയ്ക്കും വിവേചനാധികാരമുണ്ട്. ട്രസ്റ്റ് രൂപീകരണത്തിനായി കൈക്കൊണ്ട നടപടികൾ എട്ടാഴ്ചക്കകം കോടതിയെ അറിയിക്കണം.

publive-image

പോയസ്ഗാർഡൻ സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ അതിനു ദീപക്കിന്റെയും ദീപയുടെയും അനുമതി വേണം. അർഹമായ നഷ്ടപരിഹാരം നൽകണം.സ്വകാര്യ സ്വത്ത് സർക്കാർ വില കൊടുത്തു വാങ്ങാനാരംഭിച്ചാൽ അതിനു അവസാനുമുണ്ടാകില്ലെന്നു കോടതി പറഞ്ഞു. നഗര മധ്യത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടമാണു വേദനിലയം. ഇതു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നതു പരിഗണിക്കണം. സ്മാരകം കൂടിയേ തീരൂവെന്നാണെങ്കിൽ ചെറിയൊരു ഭാഗം മാത്രം ഇതിനായി ഉപയോഗിക്കാമെന്നു കോടതി പറഞ്ഞു.

കൊടനാട് എസ്റ്റേറ്റ് ഉൾപ്പെടെ ജയലളിതയ്ക്കു ഓഹരി വിഹിതമുള്ള ഒട്ടേറെ സ്വത്തു വകകളിൽ തോഴി ശശികലയ്ക്കും നിയമപരമായ പങ്കാളിത്തമുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷാ കാലാവധി കഴിഞ്ഞു ശശികല അടുത്ത വർഷം ആദ്യം പുറത്തിറങ്ങുമ്പോൾ ജയയുടെ സ്വത്തിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നുവരും.

ജയലളിതയുടെ സമ്പത്ത്– ഏകദേശ മതിപ്പ്- 1,000 കോടി

∙ കോടിക്കണക്കിനു രൂപയുടെ സ്വർണം, വെള്ളി ആഭരണങ്ങൾ

∙ കൊടനാട് എസ്റ്റേറ്റ്, സിർത്താവൂർ ബംഗ്ലാവ്, ആന്ധ്രയിൽ 2 ഫാം ഹൗസുകൾ, പയ്യാനൂർ ബംഗ്ലാവ്.

∙ ശ്രീ ജയ പബ്ലിക്കേഷൻസ്, ശശി എന്റർപ്രൈസസ്, റോയൽവാലി ഫ്ലോറി ടെക് എക്സ്പോർട്ട് ആൻഡ് ടി എസ്റ്റേറ്റ് എന്നീ സ്ഥാപനങ്ങളിൽ ഓഹരി

∙ സാരികൾ – 2,140

∙ ചെരുപ്പ് - 750 ജോഡി

∙ കാറുകൾ – 9 (90 മോഡൽ കോൺടെസ്സ, 80 മോഡൽ അംബാസിഡർ, മഹീന്ദ്ര ബോലെറോ , 2 എസ്‌യുവികൾ ഉൾപ്പെടെ)

∙ വേദനിലയം – ജയലളിത മുഖ്യമന്ത്രിയായിരിക്കെ അവരുടെ ഔദ്യൗഗിക വസതി. 1967-ൽ ജയയുടെ അമ്മ വേദവല്ലി 1.32 ലക്ഷം രൂപയ്ക്കു വാങ്ങിയത്. 24,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിനു നിലവിൽ 100 കോടിയിലേറെയാണു മതിപ്പു വില. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലാകുന്നതുവരെ ശശികല ഇവിടെയാണു താമസിച്ചിരുന്നത്.

jayalalitha deepa jayakumar deepak jayakumar
Advertisment