Advertisment

വസ്തുതര്‍ക്കത്തെ തുടര്‍ന്നാണ് കൊട്ടിയത്ത് പതിനാലുകാരനെ കൊലപ്പെടുത്തിയതെന്ന അമ്മയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും ; ജിത്തുവിന്റെ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യും

New Update

കൊല്ലം: വസ്തുതര്‍ക്കത്തെ തുടര്‍ന്നാണ് കൊട്ടിയത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതെന്ന അമ്മ ജയമോളുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താണ് നീക്കം. സംഭവത്തില്‍ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകീട്ടാണ് രേഖപ്പെടുത്തിയത്. പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ജയമോളെ ഇന്ന് രാവിലെ പത്ത് മണിക്ക് പരവൂര്‍ കോടതിയില്‍ ഹാജരാക്കും.

Advertisment

അതേസമയം, പിതാവിന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തു എന്തോ പറഞ്ഞപ്പോള്‍ പ്രകോപിതയായിട്ടാണ് കൊലപാതകമെന്നും ജയയുടെ മൊഴിയില്‍ പറഞ്ഞിരുന്നു. അതിനാല്‍ കൊലപാതകത്തിന് കാരണമാകാന്‍ കുട്ടി എന്താണ് പ്രകോപനമായി പറഞ്ഞതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജിത്തുവിന്റെ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഡോ.എസ് ശ്രീനിവാസ് പറഞ്ഞു.

publive-image

തെളിവെടുപ്പിനായി വ്യാഴാഴ്ച കൊണ്ടുവന്നപ്പോള്‍ കൂടിനിന്ന നാട്ടുകാരില്‍നിന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. വീട്ടിലെത്തിക്കുമ്പോള്‍ അച്ഛന്‍ നിര്‍വികാരനായി സമീപത്തുനില്‍പ്പുണ്ടായിരുന്നു. ഒരു കൂസലുമില്ലാതെ ആരെയും നോക്കാതെ നേരേ ജയമോള്‍ പൊലീസിനെ നേരേ കൊണ്ടുപോയത് അടുക്കളയിലേക്കാണ്. അടുക്കളയിലെ സ്ലാബില്‍ ഇരുന്ന മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതും മകന്‍ താഴേക്കു വീണതും പൊലീസിനുമുന്നില്‍ പ്രതി വിശദീകരിച്ചു. പിന്നീട് നേരേ വീടിന് പുറത്തേക്ക്, ജനങ്ങളുടെ കൂക്കിവിളികള്‍ക്കിടിയിലൂടെ പൊലീസിനെ ജയതന്നെ തന്നെ അടുക്കളയുടെ പിന്‍ഭാഗത്തേക്ക് കൊണ്ടുവന്നു. കഴുത്ത് ഞെരിച്ച തുണിയും തറവൃത്തിയാക്കിയ തുണിയും പൊലീസിനു കാണിച്ചുകൊടുക്കുമ്പോള്‍ മാത്രമാണ് ക്രൂരയായ അമ്മയുടെ മുഖത്ത് അല്‍പ്പമെങ്കിലും ദുഖം പ്രകടമായത്.

പക്ഷേ അതു താല്‍ക്കാലിമായിരുന്നു. വീണ്ടും ഒരു ഭാവഭേദവുമില്ലാതെ കുട്ടിയെ ആദ്യം കത്തിച്ച സ്ഥലം പൊലീസിനു കാണിച്ചുകൊടുത്തു. മതിലിനോടു ചേര്‍ന്നു വിറക് കൂട്ടിയിട്ടാണ് മകനെ ആദ്യം കത്തിച്ചത്. സമീപത്തെ വീട്ടില്‍ നിന്ന് മണ്ണെണ്ണ വാങ്ങിയിരുന്നതിനാല്‍ തീ കത്തുന്നത് കണ്ട് ആര്‍ക്കും സംശയം തോന്നിയില്ലെന്നും ജയ പൊലീസിനോട് പറഞ്ഞു. വീടിനു പിന്നിലെ അരമതില്‍ നിന്ന് മകന്റെ മൃതദേഹം അപ്പുറത്തേക്ക് ഇട്ടശേഷം മതില്‍ ചാടികടന്നാണു പോയതെന്നായിരുന്നു മൊഴി. എന്നാല്‍ വിശ്വസിക്കാതിരുന്നവരുടെ മുന്നില്‍ എങ്ങനെയാണു മതിലിന് അപ്പുറം പോകുന്നതെന്നു ജയ കാണിച്ചു കൊടുത്തു. തിങ്ങിക്കൂടിയ ആളുകളെ പൊലീസ് ലാത്തിവീശി ഓടിച്ചതിനു ശേഷമാണ് തൊട്ടടുത്ത സ്ഥലത്തേക്കു ജയ പോയത്. ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്തുനിന്ന് കൊലയ്ക്ക് ഉപയോഗിച്ച മറ്റൊരു തുണിയും ജയ പൊലീസിനു കാട്ടിക്കൊടുത്തു.

പിന്നീട് മൃതദേഹം ഉപേക്ഷിച്ച പ്രദേശത്തേക്കാണ് കൊണ്ടുപോയത്. ഏതുവഴിയാണ് മൃതദേഹം കൊണ്ടുപോയതെന്നും എങ്ങനെയാണ് ഉപേക്ഷിച്ചതെന്നും കാണിച്ചു കൊടുത്തു. തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കിടയിലൂടെ ഏറെ പാടുപെട്ടാണ് ജയമോളെ പുറത്തെത്തിച്ചത്. തെളിവെടുപ്പിനുശേഷം തിരികെ കൊണ്ടുപോകുന്ന വഴി ജീപ്പിനു നേരേ കല്ലേറുണ്ടായി.

Advertisment