Advertisment

ഒമ്പത് ദിവസങ്ങളിലായി 21 മത്സരങ്ങൾ; 12 ടീമുകൾ; ജിദ്ദ ക്രിക്കറ്റാരവത്തിലേയ്ക്ക് ...

New Update

ജിദ്ദ: കായിക പ്രേമികളായ പ്രവാസി സമൂഹത്തെ ക്രിക്കറ്റാരവത്തിൽ ത്രസിപ്പിക്കാൻ തലശ്ശേരി ക്രിക്കറ്റ് ഫോറം (ടി സി എഫ്) വീണ്ടും. സൗദിയുടെ കായിക ഭൂമികയിൽ ക്രിക്കറ്റിനും സ്ഥാനമുണ്ടെന്ന് തെളിയിച്ച് ടി സി എഫ് സംഘടിപ്പിക്കുന്ന പത്താമത് ക്രിക്കറ്റ് മാമാങ്കം മാർച്ച് ഒന്നിന് ജിദ്ദയിൽ കൊടിയേറും. ഒമ്പത് വെള്ളി, ശനി വാരാന്ത്യ ദിവസങ്ങളിലായി ഒരു മാസം നീളുന്ന ടി സി എഫ് ക്രിക്കറ്റ് ടൂർണമെന്റ് മുൻ വർഷങ്ങളിലെന്ന പോലെ ഇത്തവണയും ജിദ്ദയിലെ കായിക പ്രേമികൾക്ക് അനിതര സാധാരണമായ ഹരം പകരും.

Advertisment

publive-image

മികച്ച സംഘടനാ പാടവത്തിലും സാങ്കേതിക മികവിലും അതിലേറെ ജനപ്രാതി നിത്യത്തോടെയും അരങ്ങേറുന്ന ടി സി എഫ് ക്രിക്കറ്റ് ടൂർണമെന്റ് പത്തു വർഷത്തോളമായി ജിദ്ദയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മേളയാണ്. 2009 ൽ പ്രാദേശികളായ തലശ്ശേരിയിലെ ഒരു കൂട്ടം ചെറുപ്പാക്കാർ ചേർന്ന് രൂപം നൽകിയ ടി.സി.എഫ് അഥവാ ടെലിഛേറി ക്രിക്കറ്റ് ഫോറം ആണ് ജിദ്ദയിൽ ആദ്യമായി ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചത്. തുടർന്ന്, നിരവധി ക്ലബ്ബ്കളും കൂട്ടങ്ങളും ജിദ്ദയിലെ മൈതാനങ്ങളിൽ ബാറ്റും സ്റ്റമ്പുമായി മത്സരങ്ങൾ നടക്കുന്നത് കാണുമ്പോൾ ചാരിതാർഥ്യം തോന്നുന്നതായി ടി സി എഫ് ഭാരവാഹികൾ ടൂർണമെന്റ് കാര്യങ്ങക്കായി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വിവരിച്ചു.

publive-image

സിത്തീൻ റോഡിലെ അൽ വഹ ഹോട്ടലിനടുത്തുള്ള ബി.ടി. എം ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ. മാർച്ച് ഒന്ന് മുതൽ തുടർച്ചയായ അഞ്ചു വാരാന്ത്യങ്ങളിലെ വെള്ളി,ശനി ദിവസങ്ങളിലാണ് കളികൾ. വൈകീട്ട് 6 മണി മുതൽ 11 മണി വരെ ആണ് മത്സരങ്ങൾ നടക്കുക. പത്ത് ഓവറുകളിലാണ് മത്സരങ്ങൾ. മാർച്ച്‌ 29 നു നടക്കുന്ന കലാശകൊട്ടോടെ ടൂർണമെന്റിനു കൊടിയിറങ്ങും.

പന്ത്രണ്ട് ടീമുകളെ നാല് ഗ്രൂപ്പുകളിലായി തിരിച്ചാണ് കളികൾ. ഓരോ ടീമിനും പ്രാഥമിക റൌണ്ടിൽ മൂന്ന് മത്സരങ്ങൾ വീതം ഉണ്ടാവും. ഗ്രൂപ് എ യിലെ ടീമുകൾ ബി ഗ്രൂപ്പിലെ ടീമുമായും ഗ്രൂപ് സി യിലെ ടീമുകൾ ഗ്രൂപ് ഡീ യിലെ ടീമുമായും മത്സരിക്കും. ഇരു ഗ്രൂപ്പുകളിൽ നിന്നും (A&B, C&D) മികച്ച രണ്ടു ടീമുകൾ വീതം സെമി ഫൈനൽ കളിക്കാൻ യോഗ്യത നേടും. ലീഗ് റൗണ്ടിലെ 18 മത്സരങ്ങളും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഉൾപ്പടെ മൊത്തം 21 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാവുക. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളാണ് കളിക്കാർ.

പത്താം എഡിഷൻ ടൂർണമെന്റിൽ മാറ്റുരക്കുന്ന ടീമുകൾ ഇവയാണ്: യങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്, ടൈമാക്സ് കെ കെ ആർ, അൽ മാക്സ്, വാരിയേഴ്‌സ്, മൈഓൺ കെ.പി.എൽ, ഫ്രൈഡേ സ്റ്റാലിയൻസ്, നെസ്മ എയർലൈൻ ക്രിക്കറ്റ് ക്ലബ്, ടസ്‌കേഴ്‌സ്, കയാനി ഇലവൻ, റോയൽ ഫൈറ്റർ, താമിർ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഉല്‍ഘാടന ദിവസം മുഴുവന്‍ ടീം അംഗങ്ങളും പങ്കെടുക്കുന്ന വിപുലമായ പരിപാടികള്‍ ഉണ്ടായിരിക്കും. ടീമുകളുടെ പേരും ലോഗോയും ആലേഖനം ചെയ്ത പതാകയുമായി ടി സി എഫ് കുരുന്നുകള്‍ ഉല്‍ഘാടന പരിപാടികള്‍ വര്‍ണ്ണാഭമാക്കും.

എഫ് എസ് എൻ ചാമ്പ്യൻസ് ട്രോഫിയും, വിജയികൾക്കുള്ള ടീ സീ എഫ് പത്താം വാർഷിക പ്രത്യേക കപ്പും, ടീ സീ എഫ് റണ്ണർ-അപ്പിനുള്ള കപ്പും, കൂടാതെ ഓരോ കളിയിലെ മികച്ച കളിക്കാർക്കുള്ള മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ബറ്റ്സ്മാൻ, ബെസ്റ്റ് ബൌളർ, ബെസ്റ്റ് ഫീൽഡർ, ബെസ്റ്റ് ഓൾറൌണ്ടർ, ഫാസ്റ്റസ്റ് ഫിഫ്റ്റി എന്നീ സമ്മാനങ്ങളും, കൂടാതെ, ബൂപ അറേബ്യ സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡും സമ്മാനിക്കുന്നതായിരുക്കും.

മത്സര ഇടവേളകളിൽ കാണികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ അരങ്ങേറും. കാണികള്‍ക്ക് രജിസ്ട്രേഷന് വേണ്ടി പ്രത്യേക കൌണ്ടര്‍ ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്ത കാണികളില്‍ നിന്ന് നറുക്കെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഫൈനല്‍ ദിവസം നല്‍കുന്നതായിരിക്കും. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാർക്ക് അൽ ഫാരിസ് ട്രാവൽസും അലി റെസ ട്രാവൽസും നൽകുന്ന എയർ ടിക്കറ്റും സമ്മാനിക്കും.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകളും ചിത്രങ്ങളും സ്‌റ്റേഡിയത്തില്‍ നിന്നുതന്നെ അയക്കാന്‍ കഴിയുന്ന രീതിയില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക മീഡിയാ സൌകര്യം സജ്ജീകരിക്കുന്നതായിരിക്കും. ടൂര്‍ണമെന്റിന്റെ മുഴുവന്‍ വാര്‍ത്തകളും ചിത്രങ്ങളും ലൈവ് സ്കോർ എന്നിവ ടി.സി.എഫിന്റെ ഫേസ്ബുക്ക്‌ പേജിൽ പ്രസിദ്ധീകരിക്കും. അതോടൊപ്പം ടൂർണമെന്റ് മുഴുവൻ ലൈവ് ടെലികാസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

എഫ് എസ് എൻ മുഖ്യ പ്രായോജകരായ ടൂർണമെന്റിന്റെ സഹ പ്രായോജകർ ബൂപ അറേബ്യ, കൂൾ ഡിസൈൻ, താമിർ, പ്രൈം എക്സ്പ്രസ്സ്, എസ്സെൻഷ്യ ഡയബറ്റിക് കെയർ, അബീർ ഉംറ സർവീസ് എന്നിവർ ആണ്.

ടി.സി.എഫ് പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ഷഹനാദ് വിശദീകരിച്ചു. സെക്രട്ടറി സഫീൽ ബക്കർ ടൂർണമെന്റിൽ സഹകരിക്കുന്ന സ്പോൺസർമാരെ പരിചയപ്പെടുത്തി. മത്സരങ്ങളുടെ ഘടനയെ കുറിച്ച് കൺവീനർ റിയാസ് ടി.വി വിവരിച്ചു. ഷംസീർ ഒളിയാട്ട് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടുത്തി.

അമർ ഖാലിദ് (എസ്സെൻഷ്യ ഡയബറ്റിക് കെയർ), രിഫാസ് കെ.എം (ബൂപ), റീഹാൻ ബക്കർ (കൂൾ ഡിസൈൻ), ഫിറോസ് (താമിർ) എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ടി.സി.എഫ് നിർവാഹക സമിതി അംഗങ്ങളായ തൻസീം കെ.എം, റാസിഖ് വി.പി അജ്മൽ നസീർ എന്നിവരും സംബന്ധിച്ചു. മീഡിയ കോർഡിനെറ്റർ അബ്ദുൽ കാദർ മോച്ചേരി നന്ദി പറഞ്ഞു.

Advertisment