Advertisment

ജീവനും അതിജീവനവും

New Update

പ്രപഞ്ചത്തിന്റെ സഹനശേഷിയും സംവേദന ശേഷിയും അതിന്റെ പരിധിക്കപ്പുറത്ത് എത്തി നിൽക്കുന്നു. ലോകവ്യവസ്ഥക്ക് മുഴുവൻ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു. സാമ്പത്തിക രീതികളിലും ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ ബലാബലത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി. കൊറോണയ്ക്ക് ശേഷമുളള കാലത്ത് വലിയ മാറ്റങ്ങള്‍ക്കാണ് ലോകം വിധേയമാകാന്‍ പോകുന്നതെന്ന വിലയിരുത്തലുകള്‍. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനെക്കാള്‍ പ്രധാന്യം സമ്പദ് വ്യവസഥയെ പരിരക്ഷിക്കുക എന്നത് മുഖ്യ ലക്ഷ്യമായി കരുതുന്ന സംസ്കാരം. പഴയലോകം അവസാനിക്കുന്നു. പുതിയ ലോകത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞു. കൊറോണ പോലുള്ള വൈറസുകൾ സമൂഹത്തിൽ നിന്ന് എടുത്തുമാറ്റാനാകാത്ത മുൾകിരീടമായി നമ്മോടൊപ്പം എക്കാലവും നിലനിൽക്കും. സുരക്ഷിതമായി തുടരുക എന്നതിനർത്ഥം വരാനിരിക്കുന്നവയിൽ നിന്ന് മോചിതരാകുക എന്നല്ല, മറിച്ച് അതിനെ സമാധാനത്തോടെ അവയോടൊപ്പം ജീവിക്കുവാൻ പരിശീലിക്കുക എന്നതാണ്.

Advertisment

കൊറോണകാലം നമ്മുടെ ജീവിതരീതികളെ മുഴുവൻ സ്വാധീനിച്ചു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാന ശക്തിയായി, സാംസ്‌ക്കാരിക സാമൂഹ്യ സംരംഭമായി നവ-മാധ്യമ സ്ഥാപനങ്ങള്‍ മാറുകയാണ്. നവ സാമൂഹ്യ മാധ്യമങ്ങളുടെ പ്രാധാന്യം ലോകത്തിന് ബോധ്യപ്പെടുത്തി കൊടുക്കാന്‍വേണ്ടിയാണ് എന്ന മട്ടിലാണ് കോവിഡ് വ്യാപനം എത്തി നില്‍ക്കുന്നത്. എല്ലാ പ്രവര്‍ത്തനങ്ങളും വെര്‍ച്ച്വലായി നടക്കുന്നു. ലോക്ക്ഡൗണ്‍ കാലം നവമാധ്യമങ്ങളുടെ അടിമാകളാക്കി നമ്മളെ മാറ്റുക കൂടിയാണ്. നവ മാധ്യമങ്ങൾ പ്രവര്‍ത്തിക്കുന്നത് തീര്‍ച്ചയായും നവലിബറല്‍ യുക്തിയുടെ പിൻബലത്തിലാണ്. കൊറോണക്കാലം കഴിയുമ്പോള്‍ നിയോ-ലിബറലിസം മാറി പുതിയ സാമ്പത്തിക ജനാധിപത്യം വരും.

അവിടെ കൊറോണക്ക് ശേഷം അവശേഷിക്കുന്നവർ ആര് എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. നമ്മുടെ പ്രയോറിറ്റി എന്താണ് എന്ന ചോദ്യം അവശേഷിക്കുന്നു. കൊറോണ വൈറസ് ഉൾപ്പെടെ പ്രപഞ്ചത്തിലെമറ്റു ജീവജാലങ്ങളുമായി സഹവസിച്ചുകൊണ്ട് ജീവിക്കുവാൻ നാം പഠിക്കണം. കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയണം. നവ-ധാർമികത കരുപിടിപ്പിക്കണം. അനാവശ്യ ധൂർത്തുകൾ ഒഴിവാക്കി വിഭവ സമ്പത്തിന്റെ വിനിയോഗം ശുദ്ധമാകണം. സമ്പൂർണ ജീവസമത്വം എന്ന ചിന്താധാരയിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. ഭയമില്ല മറിച്ചു പ്രത്യാശയും ത്യാഗസന്നദ്ധതയുമാണ് ഇന്നിന്റെ ആവശ്യം.

വൈറസ് ബാധിച്ച ആത്മീയലോകം

വേദന സംഹാരിയും ചവുട്ടിമെതിക്കപ്പെടുന്നവരുടെ നെടുവീര്‍പ്പും ഹൃദയമില്ലാത്തവരുടെ ഹൃദയവും ആത്മാവില്ലാത്തവരുടെ ആത്മാവുമായി ആത്മീയഅനുഭവം മാറുന്നിടത്ത് ശുദ്ധമായ ആത്മീയത അനുഭവപ്പെടും. എന്നാൽ ഇന്ന് മതങ്ങളും സഭകളും ആത്മീയസേവനങ്ങള്‍ ഏതാണ്ടു പൂർണമായി നിര്‍ത്തിവെച്ചിരിക്കുന്നു എന്ന തോന്നൽ ഉണ്ടായിരിക്കുന്നു. അതിന് കാരണം ആത്മീയവ്യാപാരങ്ങള്‍ ആത്മീയസേവനങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടു എന്നതാണ്. അടുത്തകാലത്തായി പടർന്നു പന്തലിച്ച ആത്മീയ ലഹരി ആൾദൈവങ്ങളെ അമിതമായി ആശ്രയിക്കുന്നത്തിലേക്ക് വഴി മാറി. കോവിഡ് കാലത്ത് ആൾദൈവങ്ങൾ അപ്രത്യക്ഷമായി. അവിടെ ലോകം നേരിടുന്ന വെല്ലുവിളിയിൽ ആത്മീയത മൗനത്തിലാണെന്ന തോന്നൽ ഉണ്ടാവുക സ്വാഭാവികം മാത്രം. ശുദ്ധമായ ആത്മീയത അനുഭവിച്ചറിയുവാനും കപട ആത്മീയതയുടെ ചങ്ങലപൊട്ടിച്ചറിയുവാനുമുള്ള അവസരം കൂടിയാണ് കൊറോണകാലം ഒരുക്കിത്തന്നത്.

മത-സാമൂഹ്യ-രാഷ്ട്രീയ സംഘടനകളുടെ ദുരിതാശ്വാസവിഭാഗങ്ങള്‍ കൊറോണവ്യാപനം തടയുന്നതിനുള്ള സാനിറ്റൈസറുകളായി പരിവർത്തനം ചെയ്യപ്പെടണം. ശുദ്ധമായ ആത്മീയത വളരുന്നതും വികസിക്കുന്നതും മനുഷ്യത്വത്തിന്റെ മാര്‍ഗത്തിലൂടെയാണ്. സഹജീവികളോട് അലിവും കരുണയും കാണിക്കുന്നതാണ് യഥാർഥ ആത്മീയത. അത് പ്രകൃതിയോടാവാം, മനുഷ്യനോടാവാം. ചേതനയുള്ള സകലവും അതിൽ ഉൾപ്പെടും. ആത്മീയതയും മാനവികതയും പരസ്പരപൂരകങ്ങളായി വർത്തിക്കുമ്പോൾ കളങ്കരഹിതമായ ദൈവഭക്തിയില്‍ നിന്ന് ഉത്ഭവിക്കുന്ന ആത്മീയത മാനവികതയിലേക്ക് വഴിമാറും. ആത്മീയവ്യാപാരങ്ങളുടെ ലോകം എന്നന്നേക്കുമായി അടച്ചുപൂട്ടപ്പെടണം. അവിടെ ശുദ്ധമായ ആത്മീയയുടേയും ആത്മീയവ്യാപാരത്തിന്റേയും അതിർ വരമ്പുകള്‍ ജനത്തിന് തിരിച്ചറിയുവാൻ പര്യാപ്തമാകും.

സഹജീവിയെ സ്നേഹിക്കുന്നവനെ ദൈവത്തെ അറിയാനാകൂ(1 യോഹ 4:8, 12, 16). പരീശന്മാരുടെയും നിയമജ്ഞരുടെയും തൊങ്ങലുകളെയും വീതികൂടിയ നെറ്റിപ്പട്ടകളെയും നിശിതമായി യേശുക്രിസ്തു ചോദ്യം ചെയ്തു (വി.മത്താ. 23:5) അത്ഭുതങ്ങള്‍ ചെയ്തവരും പിശാചുക്കളെ ബഹിഷ്കരിച്ചവരും നിത്യജീവന്‍ അവകാശമാക്കില്ല (മത്താ. 7:21-22). നിത്യജീവന്‍ കിട്ടാതെ പോകുന്ന ധനവാനും (വി.ലൂക്കാസ് 16: 19-31) നിത്യജീവന്‍ കിട്ടുന്ന സക്കായിയും (വി.ലൂക്കാസ് 19: 1-10) മതാത്മകതയുടെ പുത്തൻ മാനദണ്ഡം വിളിച്ചറിയിക്കുന്നു.

ഇന്നെലകളിൽ ആരാധനാലയങ്ങളിലെ കൂട്ടപ്രാര്‍ത്ഥനകള്‍ വേണ്ടെന്നു രാഷ്ട്രനേതാക്കൾ തീരുമാനിച്ചപ്പോള്‍ ഞങ്ങൾക്കതു പറ്റില്ല എന്നൊന്നും ആരും പറഞ്ഞുകേട്ടില്ല. കോറന്റായിനും, ചികിത്സയും പ്രതിരോധവുമാണ് ഉത്തമം എന്ന തീരുമാനത്തിലേക്കു വിശ്വാസികളും ആത്മീയ നേതാക്കളുമെല്ലാം എത്തിയെങ്കില്‍ അതു നമ്മെ ബോധ്യപ്പെടുത്തുന്നത് ആത്മീയവ്യാപാരങ്ങളുടെ നിരര്‍ത്ഥകത തന്നെയാണ്. എല്ലാ മതങ്ങളും ആചാരങ്ങള്‍ മാറ്റിവച്ചതു കൊറോണയ്ക്കു മുന്നിലാണ് എന്ന സത്യം വിസ്മരിക്കരുത്.

ജനിച്ചമണ്ണ് എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം തന്റെ നാട് സ്വര്‍ഗ്ഗമെന്നു വിശ്വസിക്കുന്നവരുടെ ബോധത്തിനു മീതെ വിശ്വപ്രേമത്തിലൂന്നിയ അതിരുകളില്ലാത്ത മാനവികതയുടെ അനിവാര്യത കൊറോണ നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകം ഒരു കുടുംബമാണെങ്കില്‍ രാഷ്ട്രം അതിലൊരു വ്യക്തിയാണ്, മനുഷ്യൻ അതിലെ കണികമാത്രമാണ്. അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു. ലോകമാകുന്ന ഏകശരീരത്തിന്റെ അവയവങ്ങളാണ് നാം ഓരോരുത്തരും. ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും. വിഭാഗീയത വെടിഞ്ഞ് രാജ്യമെന്നോ, മതമെന്നോ, വിഭാഗമെന്നോ, കറുത്തവനെന്നോ, വെളുത്തവനെന്നോ, ആണെന്നോ പെണ്ണെന്നോ വിത്യാസമില്ലാതെ ഏക ശരീരത്തിന്റെ അംശികൾ എന്ന് എണ്ണുവാൻ ഇനിയെങ്കിലും നമുക്ക് കഴിയണം. വൈറസുകളുടെ ലോകത്തിൽ ആണുകുടുംബമെന്ന മൈക്രോകമ്മ്യൂണിറ്റിയിലേക്ക് നാം പരിവർത്തനം ചെയ്തു കൊണ്ടിരിക്കുമ്പോൾ വെർച്വൽ ലോകത്തിലൂടെയെങ്കിലും വിശ്വമാനവികത എന്ന യാഥാർഥ്യത്തിലേക്ക് നടന്നടുക്കുവാൻ ഇനിയെങ്കിലും നമുക്ക് സാധിക്കുമോ?

publive-image

jeevanum athijeevanu prathikaranam
Advertisment