ജെറ്റ് എയര്‍വേയ്സ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി ; അവസാന ‘ടേക്ക് ഓഫ്’ മുംബൈയിലേക്ക്‌

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, April 17, 2019

മുംബൈ : സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സിന്റെ വിമാന സര്‍വീസ് ബുധനാഴ്ച രാത്രിയോടെ പൂര്‍ണമായും നിര്‍ത്തലാക്കുന്നു. അടിയന്തിരമായി ഫണ്ട് ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

രാത്രി 10.20ന് അമൃത്സറില്‍ നിന്നു മുംബൈയിലേക്ക് ടേക്ക് ഓഫ് ചെയ്യുന്ന വിമാനമാണ് ജെറ്റ് എയര്‍വേയ്‌സിന്റെ അവസാന സര്‍വീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്‍സോര്‍ഷ്യത്തില്‍ 400 കോടി രൂപയാണ് ജെറ്റ് എയര്‍വേയ്‌സ് ആവശ്യപ്പെട്ടത്. എന്നാല്‍ പണം ലഭിക്കാതെ വന്നതോടെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുക എന്ന തീരുമാനമെടുക്കാന്‍ കമ്പനി നിര്‍ബന്ധിതമാകുകയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷമായി വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ഏപ്രില്‍ 18 മുതല്‍ നിര്‍ത്തലാക്കിയിരുന്നു.

ബാങ്കുകള്‍ തുക അനുവദിച്ചില്ലെങ്കില്‍ രക്ഷയില്ലെന്നു സൂചിപ്പിച്ച് കമ്പനി മാനേജ്‌മെന്റ് സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കത്ത് നല്‍കിയിരുന്നു. വ്യോമയാന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.

ബാങ്കുകള്‍ അടിയന്തരമായി 1500 കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതു സംബന്ധിച്ചു തീരുമാനമാകാത്തതാണ് ജെറ്റിന് കനത്ത തിരിച്ചടിയായത്. 8000 കോടിയുടെ വായ്പ തിരിച്ചടവു മുടങ്ങിയ കമ്പനി ഇപ്പോള്‍ ബാങ്കുകളുടെ നിയന്ത്രണത്തിലാണ്.

×