Advertisment

ജിദ്ദയിലെ ഇന്ത്യൻ സ്‌കൂൾ പ്രശ്നം തീർന്നതായി റിപ്പോര്‍ട്ട് - വിലയായി രക്ഷിതാക്കൾ നൽകേണ്ടി വരിക വൻ ഫീസ് വർദ്ധന

New Update

publive-image

Advertisment

സൗദി / ജിദ്ദ: ഇന്ത്യൻ സമൂഹത്തിന്റെ അഭിമാന സ്ഥാപനമായ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ കെട്ടിടവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി പരിഹൃതമായി. ഔദ്യോഗികമായി ഇതുസംബന്ധിച്ച അറിയിപ്പ് ഉണ്ടായിട്ടില്ലെങ്കിലും കെട്ടിട ഉടമയുമായി പുതിയ കരാറിൽ ഒപ്പിടാൻ ഇന്ത്യൻ എംബസി തയാറായതായി അറിവായി. ഇതനുസരിച്ചു ബോയ്സ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ സഈദ് ഉമർ ബൽഖറമിന് സ്‌കൂൾ പുതിയ കരാറനുസരിച്ചുള്ള വാടക കൊടുക്കേണ്ടി വരും. ഇതിനുള്ള തുക കണ്ടെത്തുന്നതിനായി ഭീമമായ ഫീസ് വര്ധനവായിരിക്കും നിലവിൽ വരിക.

രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, കമ്മ്യൂണിറ്റി പ്രതിനിധികൾ തുടങ്ങിയവരുടെ ശക്തമായ സമ്മർദ്ദമാണ് പരിഹാരത്തിന് വഴി തുറന്നതു. തിരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മിറ്റിയെ ഇയ്യടുത്തു ഇന്ത്യൻ അധികൃതർ തന്നെ പിരിച്ചു വിട്ടതിനാൽ നാഥനില്ലാ നിലയിലായിരുന്നു കാര്യങ്ങൾ. എങ്കിലും സ്ഥാനം പോയ ചെയര്മാന് അഡ്വ. ശംസുദ്ധീൻ ഉൾപ്പെടെയുള്ളവർ പ്രശ്നപരിഹാരം തേടി സജീവമായി രംഗത്തുണ്ടായിരുന്നു.

കെട്ടിട ഉടമയുമായി നേരിട്ടും സൗദി സമൂഹത്തിലെ ഉന്നതരുടെ മധ്യസ്ഥതയിലും കമ്യൂണിറ്റി പ്രതിനിധികൾ പലതലത്തിലുമുള്ള ചർച്ചകളിൽ വ്യാപൃതരായിരുന്നു. ഇത്തരം ചർച്ചകളുടെ ഫലമായി തന്നെയാണ് പരിഹാരം പൂവണിയുന്നതും.

കെട്ടിടത്തിന്റെ ആദ്യ ഉടമ മൈമനി എന്നയാൾക്കു നാല്പത്തി ഒമ്പതു വർഷത്തേയ്ക്ക് സ്‌കൂൾ നൽകിയ വാടക തുകയുടെ കാലാവധി ഇനിയും ശേഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ഉടമയുമായി പുതിയ കരാർ ഒപ്പിടുന്നതിലൂടെയാണ് പ്രശ്നം പരിഹൃതമാകുന്നത്. ഇതിനു മടിച്ചു നിൽക്കുകയായിരുന്നു ഇതുവരെ ഇന്ത്യൻ എംബസി. പുതുതായി വാടക നൽകാൻ കാശെവിടെയെന്ന ചോദ്യത്തിന് ഫീസ് വര്ധനവിലൂടെയെന്ന ഉത്തരമാകുമ്പോൾ സ്‌കൂൾ കെട്ടിടം നിലനിർത്താൻ വേണ്ടി വിയർപ്പൊഴുക്കിയ രക്ഷിതാക്കൾക്ക് വൻ സാമ്പത്തിക ബാധ്യതയായിരിക്കും അതുണ്ടാക്കുക.

സൗദിയിലെ പ്രമുഖ പത്രപ്രവർത്തകൻ ഖാലിദ് മഈന പരിഹാര ചർച്ചകളിൽ സഹായിയായി. സ്‌കൂൾ കവാടത്തിൽ പതിച്ച കോടതി ഉത്തരവ് പ്രകാരം ചൊവാഴ്ചയ്ക്കകം കെട്ടിടം കാലിയായിരിക്കണം. ഇതനുസരിച്ചു ഫർണീച്ചറുകളും മറ്റും വേറൊരു ഗോഡൗണിലേയ്ക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച മുതൽ ബോയ്സ് വിഭാഗം ഗേൾസ് വിഭാഗത്തിൽ തന്നെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തിരുന്നു.

saudi news
Advertisment