Advertisment

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു; അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നേട്ടത്തില്‍ കമല ഹാരിസ്‌; അമേരിക്കയ്ക്ക് ഇത് പുതുദിനമെന്ന് ജോ ബൈഡന്‍; സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാതെ ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ട് ഫ്‌ളോറിഡയിലേക്ക്‌

New Update

publive-image

Advertisment

വാഷിങ്ടൻ: യുഎസ്സിന്റെ 46–ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യന്‍ സമയം രാത്രി 10.20-നായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ബുഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

കാപ്പിറ്റോളില്‍ നടന്ന ചടങ്ങില്‍ യു.എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തു. സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടോമേയറാണ് കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തത്.

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന ചരിത്രമാണ് കമല ഹാരിസ് സൃഷ്ടിക്കുന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും കമലയാണ്. 538 ഇലക്ടറല്‍ വോട്ടുകളില്‍ 306 ഉം നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ബൈഡന്‍ വിജയമുറപ്പിച്ചത്. ട്രംപിന് 232 വോട്ടുകളെ നേടാന്‍ സാധിച്ചിരുന്നുള്ളൂ.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വാഷിങ്ടണില്‍ കാല്‍ലക്ഷത്തോളം സൈനികരെ വിന്യസിച്ചിരുന്നു. പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായി നടക്കുകയാണ് പതിവ്. ഇത്തവണ വെറും 1000 പേർ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണു തലസ്ഥാനം.

ബൈഡന്‍ അധികാരമേല്‍ക്കുന്നതിന് മുമ്പേ വൈറ്റ് ഹൗസ് ഒഴിഞ്ഞ് ട്രംപ്‌

ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുൻപേ ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയായും വൈറ്റ് ഹൗസ് ഒഴിഞ്ഞു. ജോ ബൈഡനും കമലഹാരിസും യുഎസ് ക്യാപിറ്റോളിൽ മണിക്കൂറുകൾക്കുള്ളിൽ അധികാരമേൽക്കാനിരിക്കെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്നും പോയത്.

ഫ്ളോറിഡയിലേക്ക് പോകും മുൻപ് സൈനിക ബേസിൽ വച്ചു അണികളെ അഭിസംബോധന ചെയ്തു സംസാരിച്ച ട്രംപ് തനിക്ക് നൽകിയ പിന്തുണയ്ക്ക് അവ‍ർക്ക് നന്ദി പറഞ്ഞു. ഞാൻ ​ഗുഡ് ബൈ പറയുകയാണ്. അതു തത്കാലത്തേക്ക് മാത്രമാണ്. അധികം വൈകാതെ നാം വീണ്ടും കണ്ടുമുട്ടും. വൈറ്റ് ഹൗസിലുണ്ടായിരുന്ന നാല് വ‍ർഷം തീർത്തും അവിസ്മരണീയമായിരുന്നു - വിടവാങ്ങൽ പ്രസം​ഗത്തിൽ ട്രംപ് പറഞ്ഞു.

publive-image

ട്രംപ് പോയത് ഫ്‌ളോറിഡയിലേക്ക്‌

വൈറ്റ് ഹൗസിൽ നിന്നും അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനത്തേക്കാണ് ട്രംപ് പോകുന്നത്. യുഎസ് എയർഫോഴ്സിൻ്റെ ഹെലികോപ്റ്ററിൽ വൈറ്റ് ഹൗസിൽ നിന്നും പോയ ട്രംപ് ആൻഡ്രൂസ് സൈനികബേസിൽ വച്ച് തന്റെ അണികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സൈനിക ബേസിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോ​ഗിക വിമാനമായ എയർഫോഴ്സ് വണിലാണ് ട്രംപ് ഫ്ളോറിഡയിലേക്ക് പോയത്. യാത്രയ്ക്കിടെ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങ് ട്രംപ് കണ്ടതായാണ് റിപ്പോര്‍ട്ട്.

അമേരിക്കയ്ക്ക് ഇത് പുതുദിനം

അമേരിക്കയ്ക്ക് ഇത് പുതുദിനമെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു, ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഫ്‌ളോറിഡയിലേക്ക് യാത്ര തിരിച്ചതിനു തൊട്ടുപിന്നാലെയാണ് ബൈഡന്റെ ട്വീറ്റ് എത്തിയത്. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാതെയാണ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടത്.

Advertisment