Advertisment

ആശുപത്രികള്‍ക്ക് നല്‍കിയത് നിലവാരമില്ലാത്ത വെന്റിലേറ്റര്‍: നരഹത്യയ്ക്ക്കേസെടുക്കണം, ജൂഡീഷ്യല്‍ അന്വേഷണം വേണം - ജോണ്‍ ഡാനിയല്‍

New Update

publive-image

Advertisment

തൃശൂര്‍: കോവിഡ് രോഗികളുടെ ജീവന്‍രക്ഷയ്ക്കായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്ത എൺപതിലേറെ വെന്റിലേറ്ററുകളില്‍ നാലിലൊന്നും പ്രവര്‍ത്തനക്ഷമമല്ലാത്തത്. പ്രധാനമന്ത്രിയുടെ പിഎം കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും സ്വകാര്യമേഖലയുടെ സഹായത്തോടെയുമായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു നല്‍കിയ ഇത്രയും വെന്റിലേറ്ററുകളില്‍ ഇരുപതോളം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണെന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗികരേഖകളില്‍ നിന്ന് വിവരം ലഭിച്ചതായി തൃശൂര്‍ കോര്‍പറേഷന്‍ നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷനും കെപിസിസി സെക്രട്ടറിയുമായ ജോണ്‍ ഡാനിയല്‍ പറഞ്ഞു.

മാത്രമല്ല, നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വെന്റിലേറ്ററുകളില്‍ പലതും ഭാഗികമായി മാത്രം പ്രവര്‍ത്തനക്ഷമതയുള്ളതാണെന്ന ഞെട്ടിക്കുന്ന വിവരവും ആരോഗ്യവകുപ്പിന്റെ രേഖകളില്‍ ഉള്ളതായും ജോണ്‍ ഡാനിയല്‍ അറിയിച്ചു.

നിസ്സഹായരായ രോഗികളുടെ ജീവന്‍പന്താടിക്കൊണ്ട് നിലവാരമില്ലാത്ത വെന്റിലേറ്ററുകള്‍ വിതരണം ചെയ്തതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നു ജോണ്‍ ഡാനിയല്‍ പറഞ്ഞു.

പിഎം കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും സ്വകാര്യമേഖലയുടെ സഹായത്തോടെയുമായാണ് ഇത്രയും വെന്റിലേറ്ററുകൾ ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി വിതരണം ചെയ്തത്. പിഎം കെയര്‍ പദ്ധതിയില്‍ നല്‍കിയതില്‍ പത്തെണ്ണം പൂര്‍ണമായും, മറ്റുള്ളവ ഭാഗികമായും പ്രവര്‍ത്തിക്കാത്തവയാണ്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തിട്ടുള്ള വെന്റിലേറ്ററുകളില്‍ ആറെണ്ണം പരിപൂര്‍ണമായും പ്രവര്‍ത്തിക്കാത്തതാണ്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ജനറലാശുപത്രിയിലെ ഐസിയുവിലും പ്രവര്‍ത്തിക്കാത്ത വെന്റിലേറ്റര്‍ ഉണ്ട്.

കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്ക് ആശുപത്രികളിലെ കോവിഡ് വാര്‍ഡുകളില്‍ ഓരോന്ന് വീതം പ്രവര്‍ത്തിക്കുന്നതല്ല. സ്വകാര്യ മേഖലയുടെ സഹായത്തോടെ നല്‍കിയ നാൽപ്പതോളം വെന്റിലേറ്ററുകളില്‍ എട്ടെണ്ണം പൂര്‍ണമായി പ്രവര്‍ത്തനരഹിതമാണ്.

മനുഷ്യജീവന്‍ യന്ത്രസഹായത്തോടെ നിലനിര്‍ത്താനുള്ള സംവിധാനമാണ് വെന്റിലേറ്റര്‍. നിലവാരമില്ലാത്ത വെന്റിലേറ്ററുകള്‍ വന്‍വിലയ്ക്കു വാങ്ങി വിതരണം ചെയ്തതില്‍ അഴിമതി മാത്രമല്ല, കുറ്റകരമായ നരഹത്യാശ്രമവും ഉള്ളതായി കരുതേണ്ടിയിരിക്കുന്നു.

നിലവാരമില്ലാത്ത വെന്റിലേറ്ററുകള്‍ വാങ്ങിയതു വഴി ഇടനിലക്കാര്‍ കൊള്ളലാഭമുണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് മൊത്തം ലഭിച്ച വെന്റിലേറ്ററുകളുടെ പട്ടിക ആരോഗ്യമന്ത്രി പുറത്തുവിടണം. അതില്‍ പ്രവര്‍ത്തിക്കാതെ ഇരിക്കുന്നത് എത്ര എണ്ണമാണെന്ന വിവരവും രേഖാമൂലം വെളിപ്പെടുത്തണം.

നിലവാരമില്ലാത്ത വെന്റിലേറ്ററുകളില്‍ പെട്ട് എത്ര മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന വിവരവും കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന് ഉത്തരവാദികളായവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം. അധികൃതരുടെ അലംഭാവം മൂലം എത്ര മനുഷ്യജീവനുകള്‍ അപകടത്തിലായിട്ടുണ്ട് എന്ന വിവരം ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു വരണമെന്നും ജോണ്‍ ഡാനിയല്‍ ആവശ്യപ്പെട്ടു.

john daniel
Advertisment