രാജ്യസഭ : സ്ഥാനാര്‍ഥികളില്‍ കോടീശ്വരന്‍ ജോസ് കെ മാണി ! രണ്ടാമത് കരീം. സ്ഥാനാര്‍ഥികളേക്കാള്‍ ഏറെ സമ്പന്നര്‍ ഭാര്യമാര്‍ !!

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, June 12, 2018

തിരുവനന്തപുരം: ഇത്തവണ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ സമ്പന്നന്‍ കെ എം മാണിയുടെ മകന്‍ ജോസ് കെ.മാണി എംപി. ജോസ് കെ.മാണിക്ക് ഭൂമി, വീട് എന്നീ ഇനങ്ങളിലായി 1, 04,51,000 രൂപയുടെയും ഓഹരി, സ്വര്‍ണം തുടങ്ങിയ ഇനങ്ങളിലായി 24,51,953.13 രൂപയുടെയും സ്വത്ത് ഉണ്ട്. ഭാര്യ നിഷയ്ക്കാണ് ഭര്‍ത്താവിനേക്കാള്‍ ആസ്തി .

നിഷയ്ക്ക് ബാങ്ക് നിക്ഷേപം, ഓഹരി, സ്വര്‍ണം തുടങ്ങിയ ഇനങ്ങളില്‍ 2,10,74,525.15 രുപയുടെ സ്വത്തും 15,86,750 രൂപയുടെ ഭൂസ്വത്തും ഉണ്ട്. നാമനിര്‍ദേശ പത്രികയിലെ സത്യവാങ്ങ്മൂലം അനുസരിച്ചുള്ള കണക്കാണിത്. മൂന്നു സ്ഥാനാര്‍ഥികളുടെയും ഭാര്യമാരാണ് ഭര്‍ത്താക്കന്മാരെക്കാള്‍ സമ്പന്നര്‍.

ജോസ് കെ. മാണിയുടെ കൈവശം 18,000 രൂപയും ഭാര്യയുടെ കൈവശം 12,000 രൂപയും മക്കളുടെ കൈവശം 1,250 രൂപയുമാണുളളത്. ജോസ് കെ. മാണിക്ക് വിവിധ കമ്പനികളില്‍ 2,37,230 രൂപയുടെ ഓഹരി നിക്ഷേപവും ഭാര്യയ്‌ക്ക് 1,19,45,611.33 രൂപയുടെ ഓഹരി നിക്ഷേപവുമുണ്ട്. മക്കളില്‍ ഒരാള്‍ക്ക് 10,48,700 രൂപയുടെ ഓഹരി നിക്ഷേപവും ഉണ്ട്.

ഭാര്യയുടെ പേരില്‍ രണ്ടു ലക്ഷത്തിന്റെ വീതം രണ്ട് ഇന്‍ഷുറന്‍സ് പോളിസികളും ഉണ്ട്. 48 ഗ്രാം സ്വര്‍ണമാണ് ജോസ് കെ. മാണിക്കുള്ളത്. 408 ഗ്രാം സ്വര്‍ണമാണ് ഭാര്യയുടെ പക്കലുള്ളത്. മക്കളുടെ പേരില്‍ 3,45,000 രൂപയുടെ 120 ഗ്രാം വീതം സ്വര്‍ണമുണ്ട്.

സി.പി.എം സ്ഥാനാര്‍ത്ഥി എളമരം കരീമിന് 9.01 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം അടക്കം 19.50 ലക്ഷം രൂപയാണുള്ളത്. ഭാര്യ റഹ്മത്ത് ബീവിയുടെ പേരില്‍ 67 ലക്ഷത്തിന്റെ ഭൂസ്വത്തും 15 ലക്ഷത്തിന്റെ വീടും ഉണ്ട്. നാലായിരം രൂപയാണ് കരീമിന്റെ കൈവശമുള്ളത്. ഭാര്യയുടെ കൈവശം 940 രൂപയും. മലയാളം കമ്മ്യൂണിക്കേഷനിലും എം. ദാസന്‍ മെമ്മോറിയല്‍ സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടിലും പതിനായിരം രൂപയുടെ വീതം ഓഹരിയും കരീമിനുണ്ട്.

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്ബനിയില്‍ മൂന്നുലക്ഷത്തിന്റെ പ്രീമിയം അടച്ചിട്ടുണ്ട്. ഭാര്യക്ക് എല്‍.ഐ.സിയില്‍ നാലുലക്ഷത്തിന്റെ പോളിസികളുമുണ്ട്. 7.25 ലക്ഷം വിലവരുന്ന മാരുതി ബ്രെസ കാറും സന്തമായുണ്ട്. മൂന്നുലക്ഷം വിലവരുന്ന 120 ഗ്രാം സ്വര്‍ണം ഭാര്യയുടെ പേരിലുമുണ്ട്.

സി.പി.ഐ സ്ഥാനാര്‍ത്ഥി ബിനോയ് വിശ്വത്തിന് 3,53,618 രൂപയുടെ ബാങ്ക് നിക്ഷേപവും അയ്യായിരം രൂപ കൈവശവുമടക്കം 5,58,618 രൂപയാണ് ആകെ സ്വത്ത്. എന്നാല്‍ ബിനോയിയുടെ ഭാര്യയുടെ സ്വത്ത് ഇതിന്‍റെ പത്തിരട്ടിയോളമാണ് . ഭാര്യ ഷൈലയുടെ കൈവശം 8,000 രൂപയും 1.15 ലക്ഷം രൂപയുടെ സ്വര്‍ണവുമുണ്ട്. ഭാര്യക്ക് 34.28 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം ഉണ്ട്. കൂടാതെ വീടും ഭൂമിയും ഭാര്യയുടെ പേരിലാണ്.

×