Advertisment

സിപിഐ 'കടമ്പയും' കടന്ന് ജോസ് കെ മാണി ഇടതുമുന്നണിയിലേയ്ക്ക് ! ഘടകകക്ഷിയാക്കാനുള്ള തീരുമാനം ഉടനുണ്ടാകും. സിപിഐയെ ജോസ് പക്ഷം അനുനയിപ്പിച്ചത് മന്ത്രി സുനില്‍കുമാറിന്‍റെ കാര്‍ഷിക നയങ്ങളെ പ്രശംസിച്ചുകൊണ്ട് ! ജോസിന്‍റെ രാഷ്ട്രീയം മാറിയെന്ന് സിപിഐ എക്സിക്യൂട്ടീവ് 

New Update

publive-image

Advertisment

തിരുവനന്തപുരം: ജോസ് കെ മാണി ചെയര്‍മാനായുള്ള കേരളാ കോണ്‍ഗ്രസ്-എമ്മിന്‍റെ മുന്നണി പ്രവേശനത്തിനുള്ള അവസാന കടമ്പയും വിജയകരമായി പിന്നിട്ടിരിക്കുന്നുവെന്ന പ്രഖ്യാപനമാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്‍റെ പുതിയ പ്രഖ്യാപനം.

രാഷ്ട്രീയ നിലപാടില്‍, പ്രത്യേകിച്ച് സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തിയ ജോസ് കെ മാണിയെ ഇനി ഒപ്പം കൂട്ടാം എന്ന നിലപാടാണ് സിപിഐ ഇന്ന് പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

രാവിലെ ആരംഭിച്ച സംസ്ഥാന എക്സിക്യൂട്ടിവിന്‍റെ ഭൂരിപക്ഷാഭിപ്രായം കേരളാ കോണ്‍ഗ്രസിന്‍റെ മുന്നണിമാറ്റത്തെ അംഗീകരിക്കുന്നതായിരുന്നു.

അതേ സമയം തദ്ദേശഭരണ തെരഞ്ഞെടുപ്പിനുമുമ്പ് കേരളാ കോണ്‍ഗ്രസിനെ മുന്നണി ഘടകകക്ഷിയായി അംഗീകരിക്കണമോ എന്ന കാര്യത്തില്‍ ഇപ്പോഴും സിപിഐയ്ക്ക് ഭിന്നാഭിപ്രായമുണ്ട്.

എന്നാല്‍ ഇടതുമുന്നണി യോഗത്തില്‍ ഭൂരിപക്ഷം ഘടകകക്ഷികളും കേരളാ കോണ്‍ഗ്രസിനെ ഉടന്‍ ഘടകകക്ഷിയാക്കണമെന്ന നിലപാട് സ്വീകരിച്ചാല്‍ അതിനെയും എതിര്‍ക്കേണ്ടതില്ലെന്നാണ് സിപിഐ തീരുമാനം.

ഇതോടെ ഇനി നടക്കാനുള്ളത് ഇടതുമുന്നണി യോഗം ചേര്‍ന്ന് ജോസ് കെ മാണിയെ ഘടകകക്ഷിയായി അംഗീകരിക്കാനുള്ള തീരുമാനമാണ്.

തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് ഇത് നടപ്പിലാക്കണമെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ട്. കേരളാ കോണ്‍ഗ്രസിന്‍റെ പ്രധാന നിബന്ധനകളിലൊന്നും ഉടന്‍ ഘടകകക്ഷിയായി അംഗീകരിക്കണമെന്നതായിരുന്നു.

ഘടകകക്ഷിയാക്കാന്‍ വൈകിയാല്‍ ഇത് യുഡിഎഫില്‍നിന്നും പരിഹാസവും വിമര്‍ശനവും ഉയരുന്നതിന് ഇടയാക്കുമെന്ന വിലയിരുത്തല്‍ കേരളാ കോണ്‍ഗ്രസിനുണ്ട്. ഇക്കാര്യം ഇവര്‍ സിപിഎമ്മിനോടും പറഞ്ഞിട്ടുണ്ട്.

മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായുള്ള സഹകരണംകൊണ്ട് കേരളാ കോണ്‍ഗ്രസിന് വോട്ടു ചോര്‍ച്ച സംഭവിച്ചാല്‍ അവര്‍ വീണ്ടും യുഡിഎഫിലേയ്ക്ക് മടങ്ങുമോ എന്ന ആശങ്ക സിപിഎമ്മിനുമുണ്ട്.

കേരളാ കോണ്‍ഗ്രസ് മടങ്ങാന്‍ തയ്യാറായാല്‍ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ഇനിയും യുഡിഎഫ് തയ്യാറായേക്കും.

ജോസ് പക്ഷത്തിന്‍റെ മുന്നണി മാറ്റത്തിനു ശേഷവും ഇവര്‍ മുന്നണിക്കു പുറത്തുപോകാനിടയായ സാഹചര്യങ്ങള്‍ സംബന്ധിച്ച് യുഡിഎഫില്‍ വിവാദം കെട്ടടങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

 

cpi jos k mani
Advertisment