Advertisment

ജോസ് കെ. മാണിയുടെ പുറത്താക്കൽ! കോട്ടയത്തെ കോൺഗ്രസ് ഹാപ്പി ! കേരള കോൺഗ്രസുകാര്‍ അതിലേറെ ഹാപ്പി ! ബാക്കിയൊക്കെ കണ്ടറിയാം ! കാരണങ്ങൾ ഇങ്ങനെ !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം : കോൺഗ്രസ് പ്രവർത്തകർക്ക് സന്തോഷം, കേരള കോൺഗ്രസ് (ജോസ്) പ്രവർത്തകർക്ക് അതിലേറെ സന്തോഷം! യുഡിഎഫിൽ നിന്നും ജോസ് കെ. മാണി പക്ഷത്തെ പുറത്താക്കിയ ശേഷമുള്ള ഇരു പാർട്ടികളിലെയും സ്ഥിതി അതാണ്.

4 ദശാബ്ദക്കാലമായി ഒരേ മുന്നണി ആണെങ്കിലും പരസ്പരം ഇഷ്ടമില്ലാത്ത പാർട്ടികളും പ്രവർത്തകരുമാണ് കോൺഗ്രസും കേരളാ കോൺഗ്രസും ! ഒരു പാർട്ടി മറ്റേ പാർട്ടിയുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്നതാണ് ഇവര്‍ക്ക് പരസ്പരമുള്ള പരാതി. പ്രത്യേകിച്ചും കോട്ടയം, ഇടുക്കി ജില്ലകളിലെ കോൺഗ്രസ് നേതാക്കൾക്ക്  കേരള കോൺഗ്രസ് തങ്ങൾക്കൊരു പ്രതിബന്ധമാണെന്ന ചിന്താഗതിയാണ്. അത് സത്യവുമാണ്.

രണ്ടു ജില്ലകളിൽ നിന്നുമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജില്ലയിൽ അവസരം കിട്ടുന്നത് കുറവാണ്. കാരണം തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളും കേരള കോൺഗ്രസാണ് കൈവശം വെച്ചിരിക്കുന്നത്. കോട്ടയത്തുനിന്ന് പാർട്ടിയിൽ പ്രവർത്തിക്കാൻ നേതാക്കളെ കിട്ടാത്ത സ്ഥിതിയാണ്.

publive-image

തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. സി ജോസഫിനും ശേഷം ആൻറ്റോ ആൻറണി, ജോസഫ് വാഴക്കൻ, ടോമി കല്ലാനി വരെയുള്ള ചുരുക്കം നേതാക്കളേ കോട്ടയത്ത് ഉണ്ടായിട്ടുള്ളൂ. അതിനുശേഷം കോട്ടയത്തുനിന്നും നേതാക്കളെ സൃഷ്ടിക്കാൻ കോൺഗ്രസിനായിട്ടില്ല.

തിരുവഞ്ചൂർ അടൂരിലും കെ. സി ജോസഫ് ഇരിക്കൂറിലും വാഴയ്ക്കൻ മൂവാറ്റുപുഴയിലും ആന്‍റോ ആന്‍റണി പത്തനംതിട്ടയിലും മത്സരിച്ചാണ് രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കുന്നത്. ടോമി കല്ലാനിയ്ക്ക് നാളിതുവരെ അവസരം കിട്ടിയിട്ടുമില്ല.

ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും കഴിഞ്ഞാൽ കോട്ടയത്ത് ജനപിന്തുണയുള്ള നേതാവ് മുൻ ഡിസിസി അധ്യക്ഷൻ കൂടിയായ കല്ലാനി മാത്രമാണ് . കല്ലാനി ഡിസിസി അധ്യക്ഷനായിരിക്കെയാണ് കേരള കോൺഗ്രസിനെ വെട്ടി കോട്ടയത്ത് കോൺഗ്രസ് ജില്ലയിലെ ഒന്നാമത്തെ കക്ഷിയായത്.

publive-image

കല്ലാനി മാറി താരതമ്യേന അപ്രസക്തനായ ജോഷി ഫിലിപ്പ് ഡിസിസി അധ്യക്ഷനായ ശേഷം പഴയ വിജയങ്ങൾ ആവർത്തിക്കാൻ കോൺഗ്രസിനായിട്ടില്ല. അതിന്‍റെ ബാക്കി ഭാഗം അറിയാൻ ഈ തദ്ദേശ ഭരണ തെരഞ്ഞെടുപ്പു വരെ കാത്തിരിക്കണം.

പതിറ്റാണ്ടുകൾക്കുശേഷം കേരളാ കോൺഗ്രസ് എന്ന 'ബാധ്യത'യില്ലാതെ ഇനി  കോൺഗ്രസ് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. കോൺഗ്രസ് കഴിഞ്ഞാൽ  പിന്നെ 200 പ്രവർത്തകരെ തികച്ചെടുക്കാനില്ലാത്ത ഘടകകക്ഷികളേ കോട്ടയത്ത് യുഡിഎഫിനുള്ളു.

അതിനാൽതന്നെ വരുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് കോട്ടയത്ത് കോൺഗ്രസിന് നിർണായകമാകും. പക്ഷേ, ഇതൊക്കെയാണെങ്കിലും കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും പുറത്താക്കലിനുശേഷം കോട്ടയത്ത് ഹാപ്പിയാണ്.

എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പിന്‍റെ കാര്യം ആലോചിക്കുമ്പോള്‍ ആശങ്കയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഏറെയാണ്. കേരളാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തക പിന്തുണയുള്ള ജോസ് കെ മാണിയെ പുറത്താക്കിയത് വരുന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്‍റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് നേതൃത്വത്തെ അറിയിച്ചത് ആയിരകണക്കിന് പ്രവര്‍ത്തകരാണ്.

അതിനാലാണ് പുറത്താക്കി 48 മണിക്കൂര്‍ കഴിയുംമുന്‍പേ  ജോസ് പക്ഷത്തെ തിരികെ യു ഡി എഫില്‍ എത്തിക്കാന്‍ അണിയറ നീക്കങ്ങള്‍ തുടങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇന്ന് മലക്കം മറിഞ്ഞത് പാര്‍ട്ടിയിലെയും മുന്നണിയിലെയും കടുത്ത എതിര്‍പ്പുകള്‍മൂലമാണ്.

jose k mani
Advertisment