കേരളം

ഗുരുചിതിന് നൽകിയ വാക്ക് പാലിച്ചു ജോസ് കെ.മാണിയും തോമസ് ചാഴികാടൻ എംപിയും; എസ് എം എ ബാധിതരുടെ മരുന്നിന് നികുതി ഒഴിവാക്കി !

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, September 18, 2021

കോട്ടയം: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിതരുടെ മരുന്ന് ജിഎസ്റ്റി യില് നിന്ന് ഒഴിവാക്കാൻ നടപടി ആയി. തിരുവാതുക്കൽ സ്വദേശി എട്ടുവയസ്സുകാരനായ ഗുരുചിത്തിൻ്റെ ബന്ധുക്കൾ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയ്ക്കും , തോമസ് ചാഴികാടൻ എംപിയ്ക്കും നൽകിയ നിവേദനത്തെ തുടർന്നാണ് വിഷയം കേന്ദ്ര സർക്കാരിൻ്റെയും ജി.എസ്.ടി കൗൺസിലിൻ്റെയും ശ്രദ്ധയിൽ എത്തിയത്.

വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി കേന്ദ്ര സംസ്ഥാന മന്ത്രിമാർക്ക് കത്തയച്ചിരുന്നു. ഈ ഇടപെടലിനെ തുടർന്നാണ് ജിഎസ്ടി കൗൺസിൽ നികുതി ഇളവ് നൽകിയ തീരുമാനം പ്രഖ്യാപിച്ചത്.

എസ്എംഎ ബാധിതനായ ഗുരു ചിത്തിനെ മന്ത്രി റോഷി അഗസ്റ്റിനും, തോമസ് ചാഴികാടൻ എംപിയും, ഗവ. ചീഫ്‌വിപ് എൻ.ജയരാജും സന്ദർശിച്ച ശേഷം നൽകിയ വാഗ്ദാനം ആണ് ഇതോടെ പാലിക്കപ്പെടുന്നത്.

സന്ദർശനത്തിന് പിന്നാലെ എം.പി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ടവ്യയെ നേരിൽ കണ്ട് ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും വിഷയം ശ്രദ്ധയിൽ പെടുത്തി കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്‌റ്റി കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം എടുക്കുകയായിരുന്നു.

70 ലക്ഷം രൂപയോളം വരുന്ന മരുന്നിൻ്റെ വില ഗണ്യമായി കുറയാൻ സഹായിക്കുന്നതാണ് തീരുമാനം എന്ന് തോമസ് ചാഴികാടൻ പറഞ്ഞു. സംസ്ഥാനത്ത് ആകെ 122 കുട്ടികളാണ് ഈ രോഗം ബാധിച്ചു ചികിത്സ തേടുന്നത്.

തിരുവാതുക്കൽ ചെമ്പകയിൽ പി.അജികേഷിന്റെയും ധന്യയുടെയും മകനായ ഗുരുചിത്ത് വീൽചെയറിലാണു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. എസ്എംഎ ബാധിതരുടെ പ്രശ്നം ജയരാജ് നിയമസഭയിൽ ഉന്നയിച്ചിരുന്നു.

മരുന്ന് എത്തിക്കുന്നതിനും നികുതി ഒഴിവാക്കി കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കുന്നതിനും വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്നു തോമസ് ചാഴികാടൻ എം.പി കുടുംബത്തിന് ഉറപ്പു നൽകിയിരുന്നു.

×