Advertisment

തിരക്കൊഴിയാതെ കരിങ്ങോഴയ്ക്കല്‍ വീട്. ജയിച്ച ജോസിനെക്കാള്‍ ശക്തനായി ജോസ് കെ. മാണി. പാലായില്‍ തോറ്റിട്ടും മാണിയും ജോസഫും ഒന്നിച്ചു നിന്നപ്പോള്‍ കിട്ടിയതിനെക്കാള്‍ ഒന്ന് മാത്രം കുറവ്. ജോസഫും കൂട്ടരും അരങ്ങൊഴിയുമ്പോള്‍ ഭരണ മുന്നണിയില്‍ ശക്തനായി ജോസിന്‍റെ മുന്നേറ്റം

New Update

publive-image

Advertisment

പാലാ: നിനച്ചിരിക്കാതെ വന്ന പരാജയം ഏറ്റുവാങ്ങിയെങ്കിലും ജോസ് കെ.മാണിയുടെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ ഇപ്പോഴും തിരക്കൊഴിയുന്നില്ല. ആശ്വാസവാക്കുകളുമായി പാലാ നിയോജകമണ്ഡലത്തില്‍ നിന്നും പുറത്തുനിന്നുമായി എത്തുന്ന നേതാക്കളും പ്രവര്‍ത്തകരും.

ഒപ്പം വിവിധ മണ്ഡലങ്ങളില്‍ നിന്ന് വിജയശ്രീലാളിതരായി എത്തുന്ന പാര്‍ട്ടിയുടെ നിയുക്ത എം.എല്‍.എ മാര്‍. എല്ലാവരേയും സ്വീകരിച്ചും സഹകരണങ്ങള്‍ക്ക് നന്ദി പറഞ്ഞും ഗൃഹനാഥനായി പാര്‍ട്ടിചെയര്‍മാന്‍ ജോസ് കെ.മാണി. ഇതോടൊപ്പം വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം തേടിയെത്തുന്ന ആളുകള്‍കൂടിയാവുമ്പോള്‍ കരിങ്ങോഴയ്ക്കല്‍ വീട് മുമ്പത്തേപ്പോലെ ഇപ്പോഴും ശബ്ദമുഖരിതമാണ് .

ആവശ്യങ്ങളുമായി എത്തുന്നവരില്‍ വില്ലേജ് ഓഫീസ് കാര്യങ്ങള്‍ മുതല്‍ ലോക് ഡൌണ്‍ കാരണം യുകെ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നു തുടങ്ങി വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ നാട്ടിലെത്തിക്കുന്നതിനുള്ള സഹായങ്ങള്‍ തേടിയെത്തുന്നവര്‍ വരെയുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ അഞ്ഞൂറോളം വിദേശ മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് ജോസ് കെ മാണി ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. അതിനാല്‍ അത്തരം ആവശ്യക്കാര്‍ ഇപ്പൊഴും അദ്ദേഹത്തെ തന്നെയാണ് തേടിയെത്തുന്നത്.

ഇത്തരത്തില്‍ അഞ്ച് എം.എല്‍.എ മാരുമായി സംസ്ഥാന ഭരണത്തിലേക്ക് കടന്നുവന്ന കേരളാ കോണ്‍ഗ്രസിന്റെ അമരക്കാരന്‍ ഇപ്പോഴും കരുത്തനാണ്. കനത്ത തോല്‍വിയിലും ജയം നിറഞ്ഞ മുഖഭാവങ്ങളോടെ എല്ലാവരേയും സ്വീകരിച്ചും നന്ദിപറഞ്ഞും ഓടിനടക്കുകയാണ് ജോസ് കെ.മാണി.

സുരക്ഷിത മണ്ഡലങ്ങള്‍ പലത് ഉണ്ടായിരുന്നിട്ടും പിതാവ് കെ എം മാണി ഏല്‍പ്പിച്ചു പോയ പാലായില്‍ മത്സരം കഠിന മാകും എന്നറിഞ്ഞുകൊണ്ടുതന്നെ പോരിനിറങ്ങിയ പാര്‍ട്ടി ചെയര്‍മാന്‍ പാര്‍ട്ടിക്കുവേണ്ടി വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

പാലാ വിട്ടുപോയാല്‍ നായകന്‍ ഒളിച്ചോടിയെന്ന പ്രചാരണം മറ്റു മണ്ഡലങ്ങളിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കൂടി പ്രതികൂലമായി ബാധിക്കുന്നത് തടയാനായിരുന്നു ഈ നീക്കം. പാലാ കൈവിട്ടെങ്കിലും കഴിഞ്ഞ തവണ ജോസഫും മാണിയും ഒന്നിച്ചു നിന്ന് മത്സരിച്ചപ്പോള്‍ ലഭിച്ചതിനെക്കാള്‍ ഒരു സീറ്റിന്‍റെ കുറവ് മാത്രമാണ് ഇത്തവണ ഉണ്ടായത്.

ഇതോടെ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും പാര്‍ട്ടിയെ ഒരു കുലുക്കവുമില്ലാതെ കൈപ്പിടിയിലൊതുക്കിയ കര്‍മ്മശേഷിയും ബുദ്ധിവൈഭവവും തുടര്‍ന്നും തങ്ങളുടെ നേതാവിനെയും പാര്‍ട്ടിയേയും ശക്തമായി മുന്നോട്ടുനയിക്കുമെന്ന് അണികള്‍ ഒന്നടങ്കം കരുതുന്നു.

ഇടത് മുന്നണിയുടെ സ്വന്തം പഞ്ചായത്തുകളില്‍ പോലും ദയനീയ പരാജയം സംഭവിച്ചിട്ടും ഒപ്പമുള്ളവരെക്കുറിച്ച് ഒരുവാക്കുപോലും മറുത്തുപറയാന്‍ ജോസ് കെ.മാണി തയ്യാറായിട്ടില്ല എന്നുള്ളതും രാഷ്ട്രീയനിരീക്ഷകര്‍ വളരെ ശ്രദ്ധയോടെയും കൗതുകത്തോടെയും കാണുന്ന കാര്യമാണ്.

പരാജയം .. പരാജയം തന്നെയാണ് , തോല്‍വിക്ക് ശേഷം കുറവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം വിഴുപ്പലക്കല്‍ മര്യാദയല്ല എന്ന നിലപാടാണ് ജോസ് കെ മാണിക്ക്.

ഒപ്പം നിന്നിട്ട് വോട്ടു മറിച്ചു കുത്തിയവര്‍ക്ക് ജോസിനെ കാണുമ്പോള്‍ ചമ്മലുണ്ടെങ്കിലും ഇതൊന്നും മൈന്‍ഡുചെയ്യാതെയാണ് ഇദ്ദേഹത്തിന്റെ ഇടപെടൽ . തെരഞ്ഞെടുപ്പില്‍ തോറ്റുപോയെങ്കിലും ജയിച്ച ജോസിനെക്കാള്‍ ശക്തിമാനാണ് തോറ്റ ജോസെന്ന് രാഷ്ട്രീയ എതിരാളികളും അടക്കം പറയുന്നു.

pala news
Advertisment