Advertisment

ലീഗും പച്ചക്കൊടി കാട്ടി; കേരളാ കോണ്‍ഗ്രസ് യു.ഡിഎഫിന് പുറത്തേക്ക്, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണിയില്‍ കലഹം തുടരുന്നത് ഗുണം ചെയ്യില്ലെന്ന കോണ്‍ഗ്രസ് നിലപാടിന് ഘടകകക്ഷികളുടെ അംഗീകാരം; കേരളാ കോണ്‍ഗ്രസ് വിവാദത്തില്‍ ഇടപെടാനില്ലെന്നു ഉമ്മന്‍ചാണ്ടിയും നിലപാടെടുത്തതോടെ ജോസ് വിഭാഗം പുറത്തേക്കെന്ന് ഉറപ്പ്

New Update

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കാന്‍ മുസ്ലീംലീഗും സമ്മതിച്ചതോടെ സെപ്റ്റംബര്‍ മൂന്നിന് ചേരുന്ന യുഡിഎഫ് നേതൃയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. ജോസ് വിഭാഗത്തെ ഇനി ഒപ്പം വേണ്ടെന്ന കോണ്‍ഗ്രസിന്റെ നിലപാടിനൊപ്പമാണ് ആര്‍എസ്പി അടക്കമുള്ള മറ്റു കക്ഷികളും. ജോസ് വിഭാഗവുമായി ഇനി യുഡിഎഫ് നേതാക്കള്‍ അനുരജ്ഞന ചര്‍ച്ച നടത്തില്ലെന്നും ധാരണയായിട്ടുണ്ട്.

Advertisment

publive-image

വെള്ളിയാഴ്ച മലപ്പുറത്തെത്തിയ പ്രതിപക്ഷ നേതാവ് പാണക്കാട്ടെത്തി ഹൈദരലി തങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ഈ യോഗത്തിലാണ് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാട് ലീഗ് സ്വീകരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ആസന്നമായതിനാല്‍ മുന്നണിക്കുള്ളില്‍ കലഹം തുടരുന്നതില്‍ ഒരു കക്ഷിക്കും താല്‍പര്യമില്ല. കേരളാ കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം മുന്നണിയില്‍ തുടരാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ താല്‍പ്പര്യം. നേതാക്കള്‍ക്ക് പ്രിയം ജോസഫ് വിഭാഗത്തിനോടാണ്.

ജോസ് കെ മാണിയെ ഉള്‍പ്പെടുത്തി മുമ്പോട്ടു പോകാന്‍ കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും താല്‍പര്യമില്ല. യുഡിഎഫ് വിട്ടുവരുന്നവരെ സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍ വെറുതെയല്ലെന്നും ജോസ് വിഭാഗം അവരുമായി ചര്‍ച്ച നടത്തിയെന്നുമാണ് പല കോണ്‍ഗ്രസ് നേതാക്കളും വിശ്വസിക്കുന്നത്.

സാധാരണ മാണി വിഭാഗത്തിലെ നേതാക്കളുമായി ഒരു സോഫ്റ്റ് കോര്‍ണര്‍ ബന്ധമുള്ള ഉമ്മന്‍ചാണ്ടിയും ഇക്കുറി അനുരഞ്ജന ചര്‍ച്ചയ്ക്കും വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇനി ഏതെങ്കിലും സാഹചര്യത്തില്‍ ജോസ് വിഭാഗത്തിന് യുഡിഎഫിലേക്ക് മടങ്ങിയെത്തണമെങ്കില്‍ അതിന് അവര്‍ തന്നെ മുന്‍കൈയെടുക്കേണ്ടി വരും. ഉപാധികളോടെയുള്ള ഒരു ചര്‍ച്ചയ്ക്കും ഇനിയില്ലെന്ന നിലപാടും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

jose k mani kerala congress
Advertisment