Advertisment

കാലവർഷം; ജനങ്ങൾ ജാഗ്രത പാലിക്കണം, തീരപ്രദേശത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും;  ജോസ്. കെ. മാണി എം.പി

New Update

പാലാ: കാലവർഷം കനക്കുകയും മീനച്ചിലാർ കരകവിയുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജോസ്. കെ. മാണി എം.പി. പറഞ്ഞു. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് വേണ്ട മുൻകരുതലുകളും സുരക്ഷയും ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment

publive-image

മീനച്ചിലാറിൻ്റെയും കൈവഴികളായ തോടുകളുടെയും തീരത്തു താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുക.

ക്യാമ്പിൽ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് റവന്യൂ - സിവിൽ സപ്ലൈയ്സ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സന്നദ്ധ സംഘടനകളുടേയും അതാതു പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും സഹകരണമുണ്ടാകും.

മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക ക്കെടുതി രൂക്ഷമായേക്കുമെന്നാണ് ജില്ലാ അധികാരികളുടെ കണക്കുകൂട്ടൽ. മീനച്ചിലാർ കര കവിഞ്ഞ സാഹചര്യത്തിൽ ഈരാറ്റുപേട്ട, പാലാ, കിടങ്ങൂർ , കോട്ടയം പ്രദേശങ്ങളിൽ താഴ്ന്ന ഭാഗങ്ങളിൽ താമസിക്കുന്നവർ കടുത്ത ജാഗ്രത പുലർത്തണം .

ഏതെങ്കിലും തരത്തിലുള്ള സഹായം വേണ്ടി വന്നാൽ താലൂക്ക് തലങ്ങളിലോ, ജില്ലാ തലത്തിലോ ഉള്ള കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണം. കിഴക്കൻ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണികൾ നിലനിൽക്കുന്നതിനാൽ ഇതുവഴിയുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കണം.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടണമെന്ന് അതാത് മേഖലകളിലെ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജോസ്. കെ. മാണി എം.പി. പറഞ്ഞു. അടിയന്തിര സാഹചര്യത്തിൽ എം.പി. ഓഫീസിൽ ബന്ധപ്പെട്ടും സഹായം തേടാം-

അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പരുകൾ- 9446562236, 0481-2585500, 0481-256 5400, 0481-2566 300.

heavy rain jose k mani
Advertisment