Advertisment

ജില്ലാ പഞ്ചായത്ത് - പിജെ ജോസഫിന്‍റെ അന്ത്യശാസന കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നേക്കില്ല, അന്ത്യശാസനവുമില്ല ! പാലായില്‍ ചിഹ്നക്കാര്യത്തില്‍ വാക്കുമാറ്റിയ ജോസഫിന് ജോസ് കെ മാണിയുടെ മധുര പ്രതികാരമോ ?

New Update

publive-image

Advertisment

കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ കേരളാ കോണ്‍ഗ്രസ് - ജോസ് വിഭാഗത്തിന് കോണ്‍ഗ്രസിന്‍റെ അന്ത്യശാസനമോ അവിശ്വാസമോ ഉണ്ടാകില്ലെന്ന് സൂചന .

പി.ജെ. ജോസഫ് അന്ത്യശാസനത്തിന് നല്‍കിയ കാലാവധി ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെ ജോസഫ് പറഞ്ഞ പ്രകാരമുള്ള കടുത്ത നിലപാടുകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറായേക്കില്ല. അതേസമയം ജില്ലാ പഞ്ചായത്തിലെ അധികാര കൈമാറ്റം സംബന്ധിച്ച് വാക്കാല്‍ ധാരണ ഉണ്ടായിരുന്നെന്നുള്ള നിലപാട് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ഇതുപ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി രാജി വയ്ക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം യു ഡി എഫിലും കോണ്‍ഗ്രസ് ഉന്നയിക്കും. യു ഡി എഫും ഇതേ നിലപാടിലാണ്.

publive-image

പാലായില്‍ വാക്കുമാറ്റിയ ജോസഫിന് കോട്ടയത്ത് ജോസിന്‍റെ മറുപടി

യുഡിഎഫിനും കേരള കോണ്‍ഗ്രസിനും ഒരേപോലെ പ്രധാനമായിരുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുടെ സ്ഥാനാര്‍ഥിയ്ക്ക് പാര്‍ട്ടി ചിഹ്നം വാങ്ങിക്കൊടുക്കാമെന്ന് യുഡിഎഫ് നേതൃത്വവും കോണ്‍ഗ്രസ് നേതാക്കളും ജോസ് കെ. മാണിക്ക് ഉറപ്പു നല്‍കിയിരുന്നതാണെന്ന് ജോസ് വിഭാഗം പറയുന്നു .

പി.ജെ. ജോസഫിന്‍റെ വാക്കു വിശ്വസിച്ചായിരുന്നു അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ജോസ് പക്ഷത്തിന് ഈ ഉറപ്പു നല്‍കിയത്. പക്ഷേ ജോസഫ് ചിഹ്നം അനുവദിച്ചില്ലെന്നു മാത്രമല്ല വോട്ടെടുപ്പ് ദിവസം വരെ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പരസ്യ വിമര്‍ശനങ്ങള്‍ തുടരുകയും ചെയ്തു.

പാലാ തോല്‍വിയുടെ യഥാര്‍ഥ കാരണം ജോസഫിന്‍റെ ഈ നിലപാടായിരുന്നു. അന്ന് ജോസഫിനെതിരെ നടപടി വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടിരുന്നു . പക്ഷേ യു ഡി എഫ് സമവായത്തിന്റെ നയമാണ് സ്വീകരിച്ചത്.  ഇപ്പോള്‍ അതിനുള്ള മധുര പ്രതികാരം കൂടിയായിരിക്കാം ജോസ് വിഭാഗത്തിന്‍റേത്. മാത്രമല്ല ധാരണകള്‍ പാലിക്കുന്നത് തങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രം നടക്കേണ്ട കാര്യമല്ലെന്ന് അവര്‍ തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്.

ഇതോടെയാണ് കോണ്‍ഗ്രസ് നല്‍കാതിരുന്ന അന്ത്യശാസനം പി.ജെ. ജോസഫ് ഏറ്റെടുത്തിരിക്കുന്നത്. ഇന്നു വൈകുന്നേരത്തിനകം രാജിവച്ചില്ലെങ്കില്‍ അവിശ്വാസം എന്നതാണ് ജോസഫിന്‍റെ നിലപാട്.

publive-image

ജോസഫിന്‍റെ അവിശ്വാസത്തിന് കൂറുമാറ്റം തടസമാകും

എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ പ്രസിഡന്‍റിനെതിരെ അവിശ്വാസത്തില്‍ ഒപ്പിടാന്‍ അതേ ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ജോസഫിന്‍റെ ഒപ്പമുള്ള രണ്ട് വിമത അംഗങ്ങള്‍ക്കും നിയമപരമായ പ്രശ്നങ്ങളുണ്ട്. അത് അംഗത്വം റദ്ദാകുന്നതിന് കാരണമായേക്കും.

അടുത്ത സാധ്യത കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവരണമെന്നതാണ്. എന്നാല്‍ 2 എംപിമാരുള്ള, യുപിഎയില്‍ അംഗമായ ജോസ് വിഭാഗത്തിനെതിരെ കോണ്‍ഗ്രസിന് അവിശ്വാസം കൊണ്ടുവരണമെങ്കില്‍ അതിന് ഹൈക്കമാന്‍റിന്‍റെ അനുമതി വേണം.

publive-image

ഹൈക്കമാന്‍റ് ഇന്നത്തെ സാഹചര്യത്തില്‍ അനുമതി നല്‍കില്ല. കാരണം ജോസ് കെ മാണി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയുടെ നേതാവുകൂടിയാണ്. അതോടെ ജോസഫിന്‍റെ അവിശ്വാസ നീക്കവും വിജയം കാണില്ല. ഭരണം അട്ടിമറിക്കാനുള്ള അംഗബലവും ജോസഫ് വിഭാഗത്തിനില്ല.

അതിനാല്‍ ജില്ലാ പഞ്ചായത്തില്‍ പി.ജെ. ജോസഫിന്‍റെ ഭീഷണി തല്‍ക്കാലം വിലപ്പോകില്ലെന്നാണ് സൂചന. മുന്നണി വിടുമെന്ന ജോസഫിന്‍റെ ഭീക്ഷണിയും യു ഡി എഫില്‍ വിലപ്പോകില്ല.

കാരണം രണ്ടിലേത് ഗ്രൂപ്പ് മുന്നണി വിട്ടാലും നിലവിലെ സാഹചര്യത്തില്‍ തലവേദന ഒഴിഞ്ഞെന്ന ആശ്വാസമാകും കോണ്‍ഗ്രസ് പ്രകടിപ്പിക്കുക. ഇരു കൂട്ടരും മുന്നണിക്കുള്ളില്‍ തമ്മില്‍ തല്ലി യു ഡി എഫ് സീറ്റുകള്‍ നഷ്ടപ്പെടുത്തുമെന്ന് യു ഡി എഫ് ഭയപ്പെടുന്നുണ്ട്. അതൊഴിവാക്കാന്‍ ഇവര്‍ തമ്മിലുള്ള യോജിപ്പിന് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇരു കൂട്ടരും വഴങ്ങുന്നുമില്ല .

pj joseph and jose k mani
Advertisment