Advertisment

കൊവിഡ് ബാധിച്ച് മരിച്ച തിരുവല്ല സ്വദേശിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നുവെന്ന് ബന്ധുക്കള്‍; മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപണം

New Update

publive-image

Advertisment

കോട്ടയം: കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച തിരുവല്ല ഇടിഞ്ഞില്ലം സ്വദേശി പി.ടി ജോഷിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍. കോട്ടയം മെഡിക്കൽ കോളേജില്‍ മരുന്നിന് എൺപത്തയ്യായിരം രൂപ ചെലവായെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.

കോവിഡ് ബാധിതർക്ക് ചികിത്സ സൗജന്യമാണെന്ന്‌ പറയുന്നുണ്ടെങ്കിലും മെഡിക്കൽ കോളേജിൽ കുത്തിവെപ്പിനായി നാല്പതിനായിരം രൂപ നൽകി. മരുന്നുകൾക്കും കുടുംബം പണം നൽകിയെന്നും ഇളയ സഹോദരൻ ടോമിച്ചൻ പറഞ്ഞു.

വിദേശത്തുനിന്ന് എത്തി കോവിഡ് ചികിത്സയിലായിരുന്ന പിടി ജോഷി ഇന്നലെയാണ് മരിച്ചത്. പ്രമേഹം അടക്കം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. എന്നാല്‍ വിദേശത്ത് പോകുംവരെ ജോഷിക്ക് മറ്റുരോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു.

ജോഷിയെ ചികിത്സിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതിനല്‍കിയതായും കുടുംബം പറയുന്നു.

ഭാര്യക്കൊപ്പം വിസിറ്റിങ് വിസയിൽ ദുബായിലെ മക്കളുടെ അടുത്തേക്കുപോയ ജോഷി മേയ് 11-നാണ് തിരികെയെത്തിയത്.പത്തനംതിട്ടയിലെ സ്വകാര്യ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 18-ന് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 25-ന് കോട്ടയം മെഡിക്കൽകോളേജിലേക്കുമാറ്റി.

ചങ്ങനാശ്ശേരി ചന്തയിലേക്ക് തമിഴ്‌നാട്ടിൽനിന്ന്‌ പച്ചക്കറിയെത്തിക്കുന്ന ബിസിനസ് ആയിരുന്നു ജോഷിക്ക്. ഭാര്യ ലീലാമ്മയ്ക്ക് മടങ്ങിയെത്താൻ കഴിഞ്ഞിരുന്നില്ല. മക്കൾ: ലിജോ(ദുബായ്), ലിജി(ഷാർജ), ലിജു(ദുബായ്). മരുമക്കൾ: ജോമോൾ(ദുബായ്), ബിജോ(ഷാർജ), ബിബി.

കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്‌ ഇന്നലെ വൈകിട്ടു അഞ്ചുമണിയോടെ ളായിക്കാട്‌ സെന്റ്‌ ജോസഫ്‌ കത്തോലിക്ക പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തി. ഏറ്റവുമടുത്ത അഞ്ചു ബന്ധുക്കള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്‌.

Advertisment