തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ യുഡിഎഫ് – ബിജെപി ബന്ധം ആരോപിച്ചത് ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കുവാനുള്ള സി പി എമ്മിന്റെ കുടിലതന്ത്രം ! തൃപ്പൂണിത്തുറയിൽ ബിജെപി വോട്ട് ലഭിക്കുവാനുള്ള ഇടപെടൽ യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന സിപിഎം വിലയിരുത്തൽ തോൽവി സമ്മതിക്കലാണെന്ന് കെ. ബാബു

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, April 18, 2021

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ ബി ജെ പി വോട്ട് ലഭിക്കുവാനുള്ള പ്രാദേശിക ഇടപെടൽ യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ തോൽവി സമ്മതിക്കലാണെന്ന് കെ. ബാബു. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ യു ഡി എഫ് – ബി ജെ പി ബന്ധം ആരോപിച്ചത് ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കുവാനുള്ള സി പി എമ്മിന്റെ കുടിലതന്ത്രമായിരുന്നുവെന്നും ബാബു ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്…

” തൃപ്പൂണിത്തുറയിൽ ബി ജെ പി വോട്ട് ലഭിക്കുവാനുള്ള പ്രാദേശിക ഇടപെടൽ യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ” തോൽവി സമ്മതിക്കലാണ്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ യു ഡി എഫ് – ബി ജെ പി ബന്ധം ആരോപിച്ചത് ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കുവാനുള്ള സി പി എമ്മിന്റെ കുടിലതന്ത്രമായിരുന്നു.

2016 ലെ തിരഞ്ഞെടുപ്പിൽ 29800ലധികം വോട്ട് ബി ജെ പി നേടിയതാണ് യു ഡി എഫിന്റെ തോൽവിക്കും സി പി ഐ എമ്മിന്റെ വിജയത്തിനും നിദാനം. പ്രൊഫസർ തുറവൂർ വിശ്വംഭരന്റെ സ്ഥാനാർത്ഥിത്വവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രചാരണ യോഗവും ബിഡിജെഎസ് സഖ്യവുമാണ് ബിജെപിക്ക് 29800ലധികം വോട്ടുകൾ നേടിക്കൊടുത്തത് ബിജെപിക്ക് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ പതിനയ്യായിരത്തിൽ കൂടുതൽ അടിസ്ഥാന വോട്ടുകൾ ഇല്ല.

ആ സാഹചര്യങ്ങളൊന്നും നിയോജക മണ്ഡലത്തിൽ ഈ തിരഞ്ഞെടുപ്പിൽ ശക്തമായിരുന്നില്ല. നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പും വിശ്വാസ പ്രശ്നത്തിൽ സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയും സ്വീകരിച്ച നിലപാടും ജനങ്ങൾക്ക് എംഎൽഎ അപ്രാപ്യൻ ആണെന്നുള്ള പ്രശ്നവും ഈ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയമായിരുന്നു.

ബിജെപിക്ക് 2016 ലഭിച്ച നിഷ്പക്ഷ വോട്ടുകൾ മുൻകാലങ്ങളിൽ തനിക്ക് ലഭിച്ചുകൊണ്ടിരുന്നതാണ് ആ വോട്ടുകൾ യുഡിഎഫിലേക്ക് തിരിച്ചുവരുമെന്ന വിലയിരുത്തലാണ് യുഡിഎഫ്ന്റെ വിജയസാധ്യതക്ക് അടിസ്ഥാനം. ബിജെപി കൂടുതൽ വോട്ടുകൾ പിടിക്കുന്നതിലൂടെ വിജയം സ്വപ്നം കണ്ടിരുന്ന സിപിഎം ഇന്ന് തികച്ചും നിരാശരാണ്. തൃപ്പൂണിത്തുറയിൽ ബിജെപി – യുഡിഎഫ് ബന്ധം ആരോപിക്കുന്നത് തോൽവി ഉറപ്പായ സാഹചര്യത്തിൽ മുൻകൂർ ജാമ്യം എടുക്കൽ മാത്രമാണ്.

×