Advertisment

സ്വന്തം ചെലവില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുക്കാത്ത ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ നിയമം നിര്‍മ്മിക്കണം

New Update

എബി ജെ. ജോസ്

Advertisment

സ്വന്തം ചെലവില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുക്കാത്ത ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ നിയമം നിര്‍മ്മിക്കണം . ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചികിത്സ റീ ഇമ്പേഴ്‌സ്‌മെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നോരോപണം ഉയര്‍ന്നിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് മന്ത്രി കെ.കെ ശൈലജയുടെ വാദം.

മന്ത്രിയെന്ന പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും നിയമപരമല്ലാത്ത ഒരു കാര്യംപോലും മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റിന്റെ പേരില്‍ നടത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

publive-image

മന്ത്രിമാരുടെ മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് റീഇമ്പേഴ്‌സ്‌മെന്റിനുള്ള അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം മന്ത്രിമാര്‍ക്ക് ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കാമെത്രെ.

ഇതുപ്രകാരം പെന്‍ഷന്‍കാരുടെ ചികിത്സാ ചിലവ് റീഇമ്പേഴ്‌സ്‌മെന്റ് നടത്തുന്നതിന് തടസമില്ല. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും എല്ലാം ഇത്തരത്തില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരായ പങ്കാളികളുടെ പേരില്‍ ചികിത്സാപണം നിയമപരമായി ഈടാക്കിയിട്ടുണ്ടെത്രെ. മന്ത്രിയെന്ന നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയോ റീഇമ്പേഴ്‌സ്‌മെന്റ് നേടുകയോ ചെയ്തിട്ടില്ല. തുടര്‍ചികിത്സയ്ക്ക് മാത്രമാണ് ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയില്‍ പോയത്.

എന്നാല്‍ ഭര്‍ത്താവിന്റെ വരുമാനം മറച്ചുവെച്ചത് സ്വജനപക്ഷപാതമാണെന്നും റീ ഇമ്പേഴ്‌സ്‌മെന്റിന് ഖജനാവിന് നഷ്ടവും സംഭവിച്ചെന്നും ചൂണ്ടികാട്ടിയാണ് സുരേന്ദ്രന്‍ പരാതി നല്‍കിയത്. അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുക്കണമെന്നും സുരേന്ദ്രന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മന്ത്രി സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി നവംബര്‍ വരെ ചിലവാക്കിയത് 3,81,876 രൂപ ചിലവാക്കിയെന്നും പൊറോട്ട ഗോപി മഞ്ചൂരിയന്‍, ദോശ കുറുമ, മാതളനാരങ്ങ ജൂസ്, മിനറല്‍ വാട്ടര്‍, അപ്പം, ചപ്പാത്തി, ഇഡലി, ആപ്പിള്‍ ജൂസ്, ഉള്ളിവട, പഴം പൊരി മുതലായവയെല്ലാം മരുന്നെന്നാണ് ആരോഗ്യമന്ത്രി മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായ് സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഭര്‍ത്താവ് പൂര്‍ണമായും തന്നെ ആശ്രയിച്ച് കഴിയുന്നയാളാണെന്നും തൊഴില്‍ രഹിതനാണെന്നും മന്ത്രി സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും ഇത് നുണയാണെന്നും മന്ത്രി സത്യവാങ്മൂലം നല്‍കുമ്പോള്‍ ഭര്‍ത്താവ് ഭാസക്കരന്‍ മാസ്റ്റര്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നെന്നും പരാതിയില്‍ ഉണ്ട്.

കൂടാതെ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ആകുന്നതിനു മുന്‍പും മന്ത്രിയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തൊഴില്‍രഹിതനായിരുന്നില്ലെന്നും പഴശ്ശി വെസ്റ്റ് എല്‍.പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്നെന്നും നല്ലൊരു സംഖ്യ ഈ ഇനത്തില്‍ പെന്‍ഷനായി അദ്ധേഹം ഇന്നും കൈപറ്റുന്നുണ്ടെന്നും വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ എന്തിനാണ് മന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കുള്ള ചികിത്സാ സഹായം പൊതുഖജനാവില്‍ നിന്നും ഈടാക്കുന്നതെന്നു മനസിലാകുന്നില്ല. മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ചികിത്സാ തുക പൊതുഖജനാവില്‍ നിന്നും ഈടാക്കുന്നത് അഴിമതിയും അനീതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കു ചികിത്സാ ചെലവ് സര്‍ക്കാര്‍ നല്‍കുന്ന ഏര്‍പ്പാട് അടിയന്തിരമായി നിറുത്തലാക്കണം.

മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ചെലവൊഴിക്കുന്നത് നിര്‍ത്തലാക്കണം. കോടിക്കണക്കിനു രൂപയാണ് ഈ ഇനത്തില്‍ വര്‍ഷംതോറും പൊതുഖജനാവിനു ചെലവാകുന്നത്. പകരം ഏതെങ്കിലും ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്നും ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുക്കാന്‍ ഇവരോട് നിര്‍ദ്ദേശിക്കണം. സ്വന്തം ചെലവില്‍ ഇന്‍ഷ്വറന്‍സ് എടുക്കാത്ത ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള നിയമനിര്‍മ്മാണവും നടത്തണം. യഥാര്‍ത്ഥ സ്വത്ത് വെളിപ്പെടുത്താത്തവരെയും തെരഞ്ഞെടുപ്പ് കണക്ക് നല്‍കാത്തവരെയും അയോഗ്യരാക്കുന്നതു പോലെ തന്നെ ഇതിനും നിയമനിര്‍മ്മാണം അനിവാര്യമായിക്കഴിഞ്ഞു.

Advertisment