ജനപ്രിയ നേതാവ് കെ മുരളീധരനെ മാറ്റി നിര്‍ത്തി കെപിസിസിയുടെ തിരഞ്ഞെടുപ്പു മുന്നൊരുക്ക ചര്‍ച്ച. എത്ര കിട്ടിയാലും നന്നാകില്ലെന്നുറപ്പിച്ചെന്ന് നേതാക്കള്‍ക്കെതിരെ വിമര്‍ശനം ?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, June 27, 2018

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച നടക്കുന്ന കെ പി സി സി നേതൃയോഗത്തിലേക്ക് ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവായ മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ മുരളീധരന് ക്ഷണമില്ല.

മറ്റൊരു നേതാവ് വി എം സുധീരനെയും ക്ഷണിച്ചിട്ടില്ലെങ്കിലും അത് വിമര്‍ശനങ്ങളുടെ പേരിലാണെന്ന് ന്യായം പറയാം.

എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡൈനാമിക് നേതാവായ മുരളീധരനെ മാറ്റി നിര്‍ത്തുന്നത് ഇനിയും തങ്ങള്‍ നന്നാകാന്‍ തീരുമാനിച്ചിട്ടില്ലെന്നതിനുള്ള കെപിസിസിയുടെ വിളംബരമായാണ് വിമര്‍ശനം ഉയരുന്നത്.

കെ പി സി സി ഭാരവാഹികളുടെയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെയും ഡി സി സി അധ്യക്ഷന്മാരുടെയും സംയുക്ത യോഗത്തിലേക്കാണ് ഇരുവര്‍ക്കും ക്ഷണമില്ലാത്തത്.

മുന്‍ കെ പി സി സി അധ്യക്ഷന്മാര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഫോറങ്ങളിലും അംഗങ്ങളാണ്. പാര്‍ട്ടി ഫോറങ്ങളില്‍ അംഗങ്ങളായതു കൊണ്ടുതന്നെ എല്ലാ യോഗങ്ങളിലും പങ്കെടുത്തു സംസാരിക്കാന്‍ ഇവര്‍ക്ക് അവകാശവുമുണ്ട്.

പക്ഷെ നാളെ നടക്കുന്ന കെ പി സി സി ഭാരവാഹികളുടെയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെയും ഡി സി സി അധ്യക്ഷന്മാരുടെയും സംയുക്ത യോഗത്തിലേക്കാണ് വി എം സുധീരനും കെ മുരളീധരനും ക്ഷണമില്ലാത്തത്.

സുധീരനെയും മുരളീധരനെയും ബോധപൂര്‍വം ഒഴിവാക്കാനുള്ള നീക്കമാണിതെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിട്ടുള്ളതെന്നും മറ്റ് രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലാത്തതിനാലാണ് മുന്‍ കെ പി സി സി അധ്യക്ഷന്മാരെ ക്ഷണിക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഒരു പാര്‍ട്ടിയെ സംബന്ധിച്ച് ആസന്നമായ തെരഞ്ഞെടുപ്പാണ് ഏറ്റവും മുഖ്യ അജണ്ട എന്നിരിക്കെ ഒരു ഗ്രാമ പഞ്ചായത്ത് വാര്‍ഡില്‍ നിന്നാല്‍ ജയിക്കാന്‍ കെല്‍പില്ലാത്ത നേതാക്കള്‍ ചേര്‍ന്ന് കൊള്ളാവുന്ന നേതാക്കളെ മാറ്റി നിര്‍ത്തി എന്തിനുള്ള മുന്നൊരുക്കങ്ങളാണ് ചര്‍ച്ച ചെയ്യാന്‍ പോകുന്നതെന്നാണ് വിമര്‍ശനം.

പരാജയങ്ങള്‍ എത്ര കിട്ടിയാലും അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ പഴയതിന്‍റെ അപ്പുറത്തെത് പ്രവര്‍ത്തിക്കുന്നതാണ് നിലവിലെ കെപിസിസി നേതൃത്വത്തിന്‍റെ ശൈലി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തകരുടെ വിമര്‍ശനം.

×