Advertisment

സീറ്റ് കിട്ടാത്ത കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നു ! പന്തളം സുധാകരന്റെ സഹോദരൻ പ്രതാപൻ ബിജെപിയിൽ ചേർന്നു; പാര്‍ട്ടി വിട്ടത്‌ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച നേതാവ്

New Update

publive-image

Advertisment

തിരുവനന്തപുരം: കെ സുരേന്ദ്രൻ നയിച്ച എൻഡിഎ വിജയ യാത്രയിൽ വെച്ച് ബിജെപി അംഗത്വം നേടിയവരിൽ കോൺഗ്രസ് നേതാവ് കെ പ്രതാപനും. ഇത്തവണ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച് സ്ഥാനാർഥികളിൽ ഒരാളായിരുന്നു പ്രതാപൻ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരനാണ്.

പ്രതാപനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് ഷാളണിയിച്ച് സ്വീകരിച്ചത്. മുൻ കെപിസിസി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് പ്രതാപന്‍.

തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്കും വര്‍ധിക്കുകയാണ്. ബത്തേരിയില്‍ കോണ്‍ഗ്രസ് വിട്ടുവന്ന എംഎസ് വിശ്വനാഥന്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. എംഎസ് വിശ്വനാഥൻ കഴിഞ്ഞ ബുധനാഴ്ചയാണ് രാജിവെച്ചത്. രാജിക്കിടയാക്കിയത് പാര്‍ട്ടിയിലെ അവഗണനയെന്നും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നുമായിരുന്നു വിശ്വനാഥൻ പ്രതികരിച്ചത്.

കെപിസിസി നിർവാഹക സമിതിയംഗവും അന്തരിച്ച മുൻ മന്ത്രി കെ.കെ. രാമചന്ദ്രന്റെ സഹോദരനുമായ കെ.കെ. വിശ്വനാഥനും കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയെ തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ഇന്ന് രാജിവച്ചിരുന്നു.

തുടര്‍ നിലപാടും രാജിവയ്ക്കാനുള്ള കാരണവും നാളെ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്ന് വിജയന്‍ തോമസ് പറഞ്ഞു. നേമത്ത് മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നയാളാണ് വിജയന്‍ തോമസ്.

Advertisment