Advertisment

അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നടപടി; അച്ചടക്കരാഹിത്യം കർശനമായി നേരിടും-പാർട്ടി നിലനിൽക്കണമെങ്കിൽ അച്ചടക്കം വേണമെന്നും ഇതിനു നേതാക്കളും പ്രവർത്തകരും തയാറാകണമെന്നും കെ. സുധാകരന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സംസ്ഥാനതലം മുതൽ താഴേത്തട്ടു വരെയുള്ള കോൺഗ്രസ് ഭാരവാഹികൾക്കു ചുമതലകൾ വീതിച്ചു നൽകി ആറു മാസത്തെ പ്രവർത്തനം വിലയിരുത്തുമെന്നും ചുമതല നിർവഹിക്കാത്ത ഭാരവാഹികളെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൽസ്ഥാനത്തുനിന്നു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരുടെ ശില്‍പ്പശാലക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരവാഹികളുടെ പ്രവർത്തനം കമ്മിറ്റികൾ വിലയിരുത്തി കെപിസിസി നേതൃത്വത്തിനു റിപ്പോർട്ടു നൽകും. ജില്ലാതല അച്ചടക്ക സമിതി ഉണ്ടാകും. പരാതിയുള്ളവർക്കു സംസ്ഥാന സമിതിക്കു പരാതി നൽകാം. പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് വനിതകളുടെ പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപം നിലവിലുണ്ട്. ഡിസിസി അധ്യക്ഷ പുനഃസംഘടന മാത്രമേ നടന്നിട്ടുള്ളൂ. വിശാലമായ പുനഃസംഘടന നടക്കാനുണ്ട്. അതിലെല്ലാം വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കും. എല്ലാ നിയോജകണ്ഡലത്തിലും ഒരു മണ്ഡലം പ്രസിഡന്റ് പദവി വനിതക്കായി നീക്കിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പാർട്ടി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമായ അച്ചടക്കരാഹിത്യം കർശനമായി നേരിടാനും തീരുമാനമായി. മാധ്യമങ്ങളിലും പൊതുയിടങ്ങളിലും പാർട്ടിയെ അവഹേളിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ഗ്രൂപ്പ് യോഗങ്ങൾ വിളിച്ച് ഐക്യം തർക്കാൻ ശ്രമിച്ചാൽ ഗൗരവത്തോടെ വീക്ഷിച്ച് നടപടിയെടുക്കും. പാർട്ടി നിലനിൽക്കണമെങ്കിൽ അച്ചടക്കം വേണമെന്നും ഇതിനു നേതാക്കളും പ്രവർത്തകരും തയാറാകണമെന്നും കെ. സുധാകരൻ പറഞ്ഞു.

k sudhakaran
Advertisment