Advertisment

മുല്ലപ്പള്ളിയും ചെന്നിത്തലയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃനിര മാറിയെന്ന് മാധ്യമങ്ങളെ ബോധ്യപ്പെടുത്തി കെ സുധാകരന്‍. ബ്രണ്ണന്‍ വിഷയത്തില്‍ മറുപടി നല്‍കിയത് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു തന്നെ ! 'നിനക്ക് സ്വയബുദ്ധിയുണ്ടെങ്കില്‍ ചോദിക്ക്; അല്ലെങ്കില്‍ അതുള്ളവര്‍ ചോദിക്കട്ടേയെന്ന് ' 'സിപിഎം ഫ്രാക്ഷന്‍' മാധ്യമപ്രവര്‍ത്തകനോട് ക്ലാസ് ഡയലോഗ് ! അവാര്‍ഡ് സിനിമപോലെയായിരുന്ന കോണ്‍ഗ്രസ് ഇനി ക്രൈംത്രില്ലറാകുമെന്ന ആത്മവിശ്വാസത്തില്‍ 'Perfect OK' അടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിനാകെ ആവേശം വിതറിയും പിണറായിക്കെതിരെ പോര്‍ വിളിച്ചും താരമായി കെ സുധാകരന്‍. കോണ്‍ഗ്രസ് നേതാക്കളെ കിട്ടിയാല്‍ വട്ടം കറക്കുന്ന ഇടതു മാധ്യമ പ്രവര്‍ത്തകര്‍ക്കും കിട്ടി കണക്കിനു ശകാരം !

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയ ശേഷം ബ്രണ്ണന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടത്തേണ്ടി വന്ന ആദ്യ വാര്‍ത്താസമ്മേളനത്തില്‍ കളം നിറഞ്ഞ് കെ സുധാകരന്‍. പറയേണ്ടത് കൃത്യമായി പറഞ്ഞും, മാധ്യമ പ്രവര്‍ത്തകരെ കൃത്യമായി മാനേജ്‌ചെയ്തുമാണ് സുധാകരന്‍ തന്റെ വാര്‍ത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രിക്ക് എതിരായ നിലപാടുകള്‍ കൃത്യമായി പറഞ്ഞും അദ്ദേഹത്തെ വെല്ലുവിളിച്ചും തന്നെയായിരുന്നു സുധാകരന്റെ വാര്‍ത്താസമ്മേളനം.

ഇന്നു രാവിലെ മുതല്‍ മാധ്യമങ്ങള്‍ ഏറെ ആകാംഷയോടാണ് പിണറായി-സുധാകരന്‍ പോര് അവതരിപ്പിച്ചത്. 10 മണി മുതല്‍ മാധ്യമങ്ങളുടെ ബ്രേക്കിങ് ടിക്കറില്‍ നിറഞ്ഞത് സുധാകരന്റെയും പിണറായിയുടെയും പേര് മാത്രം. എറണാകുളം ഡിസിസി ഓഫീസില്‍ 11.20ന് വാര്‍ത്താ സമ്മേളനം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞ് അവസാനിക്കുമ്പോള്‍ ഒരു ക്രൈംത്രില്ലര്‍ കണ്ട അനുഭവമായിരുന്നു ഏവര്‍ക്കും.

അടുത്തകാലത്തൊന്നും സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഇത്ര ആര്‍ജവത്തോടെ മറുപടി നല്‍കുന്ന ഒരു കോണ്‍ഗ്രസ് നേതാവിനെ കണ്ടിട്ടില്ലെന്നാണ് സുധാകരന്‍റെ വിമര്‍ശകരായ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. നിഷ്പക്ഷരായ രാഷ്ട്രീയ നിരീക്ഷകരെയും ഇന്നുരാവിലെ ചാനലുകള്‍ക്ക് മുമ്പിലെത്തിക്കാന്‍ സുധാകരന് കഴിഞ്ഞു.

പിആര്‍ സംഘമുണ്ടാക്കിയ ആവരണത്തില്‍ നിന്നും പിണറായി പുറത്തുവന്നുവെന്നു പറഞ്ഞു തുടങ്ങിയ സുധാകരന്‍ മുഖ്യമന്ത്രിയുടെ നിലവാരത്തിലേക്ക് താഴില്ലെന്നാണ് ആദ്യം പറഞ്ഞത്. മുഖ്യമന്ത്രിയെ കൃത്യമായി ടാര്‍ഗറ്റ് ചെയ്തായിരുന്നു സുധാകരന്റെ വാര്‍ത്താസമ്മേളനം. മുഖ്യമന്ത്രിയുടെ ആരോപണങ്ങളെ ഒന്നൊന്നായി തള്ളിയ സുധാകരന്‍ തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാമെന്ന പരസ്യമായ വെല്ലുവിളിയാണ് സുധാകരന്‍ നടത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നട്ടെല്ല് എന്നൊന്നുണ്ടെങ്കില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോന്നും അക്കമിട്ട് നിരത്തിയായിരുന്നു സുധാകരന്റെ വാര്‍ത്താസമ്മേളനം.

അതിനിടെയില്‍ ബാഹ്യ ഇടപെടലിലൂടെ കിട്ടിയ ചോദ്യം ചോദിച്ച ഒരു മാധ്യമ പ്രവര്‍ത്തകനോട് "നിനക്ക് സ്വയബുദ്ധിയുണ്ടെങ്കില്‍ അതുപയോഗിച്ച് ചോദിക്കെന്ന് " സുധാകരന്റെ ക്ലാസ് ഡയലോഗ്. അതില്ലെങ്കില്‍ മറ്റുള്ളവര്‍ ചോദിക്കട്ടെയെന്ന് സുധാകരന്‍ പറഞ്ഞതും പഞ്ച് ഡയലോഗായി. എന്തായാലും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം പോലും ചോദിക്കാതെ ഇരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇനി അതിനുള്ള നട്ടെല്ലുണ്ടായാല്‍ കാരണക്കാരന്‍ സുധാകരനാകും.

കോണ്‍ഗ്രസ് നേതാക്കളെ കിട്ടിയാല്‍ മുതുകത്ത് കയറി നിരങ്ങുന്നത് ശീലമാക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇനി അത് നടക്കില്ലെന്ന സൂചന കെപിസിസി അധ്യക്ഷന്‍ നല്‍കി കഴിഞ്ഞു.

എന്തായാലും മുല്ലപ്പള്ളിയും ചെന്നിത്തലയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃനിര മാറിയെന്ന് മാധ്യമപ്രവര്‍ത്തകരെയും സുധാകരന്‍ ബോധ്യപ്പെടുത്തി കഴിഞ്ഞു. അവാര്‍ഡ് സിനിമയായിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഇനി ഷാജി കൈലാസ് പടം പോലെയാകുെമന്ന് ഏതാണ്ടുറപ്പ്.

k sudhakaran trivandrum news
Advertisment