Advertisment

പ്രത്യാഘാതം ആലോചിക്കാതെ വിധി ഇറക്കുന്ന കോടതികള്‍ നാടിന് ബാധ്യത: കെ. സുധാകരന്‍

New Update

Advertisment

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുനപരിശോധനാ ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ വിധിക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കോഴിക്കോട് ‘വിശ്വാസസംരക്ഷണ യാത്ര’യില്‍ സംസാരിക്കവെയാണ് കെ. സുധാകരന്റെ വാക്കുകള്‍.

ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഉത്തരവിന്റെ പ്രത്യാഘാതവും പ്രതിചലനവും എന്തെന്ന് ആലോചിക്കാതെ വിധി ഇറക്കുന്ന കോടതികള്‍ നമ്മുടെ നാടിന് ബാധ്യതയായി മാറുകയാണെന്ന് സുധാകരന്‍ പറഞ്ഞു. നിരവധി ഭക്തര്‍ വന്നു പോകുന്ന നൂറ്റാണ്ടിന്റെ പഴക്കമുള്ള ശബരിമലയിലെ ആചാരങ്ങള്‍ തിരുത്തി വിധി പ്രഖ്യാപിച്ചാല്‍ ആ വിധി ഇവിടെ നടപ്പിലാക്കാന്‍ സാധിക്കുമോയെന്ന് ജഡ്ജിമാര്‍ ആലോചിക്കണമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

കോടതിവിധിയും സര്‍ക്കാരിന്റെ തീരുമാനങ്ങളുമൊക്കെ ജനഹിതത്തിന് അനുസൃതമാകണം. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് ഒരു കോടതി ഒരു തീരുമാനം പ്രഖ്യാപിച്ചാല്‍ ആ തീരുമാനം ഇവിടെ പിണറായി വിജയന്‍ പറയുന്നത് പോലെ 5000 പൊലീസുകാരെയും 2000 ഗുണ്ടകളെയും വെച്ച് നടപ്പിലാക്കുമെന്ന് പറയുന്നത് തലയ്ക്കകത്ത് ബുദ്ധിയ്ക്ക് പകരം ചെളിയുള്ളവര്‍ക്കേ പറയാന്‍ സാധിക്കൂവെന്നും സുധാകരന്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധി ഇടതുപക്ഷ സര്‍ക്കാര്‍ നേടിയെടുത്തതാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വിധി നേടിയെടുത്തതെന്നും സുധാകരന്‍ പറഞ്ഞു. ഏത് കോടതിയും ഏത് വങ്കന്‍ ഉത്തരവ് പുറപ്പെടുവിച്ചാലും വിശ്വാസികളാരും അമ്പലത്തില്‍ പോകില്ലെന്ന് തനിക്ക് ഉറപ്പാണെന്ന് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.

സുധാകരന്റെ വാക്കുകള്‍

ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഉത്തരവിന്റെ പ്രത്യാഘാതവും പ്രതിചലനവും എന്തെന്ന് ആലോചിക്കാതെ വിധി ഇറക്കുന്ന കോടതികള്‍ നമ്മുടെ നാടിന് ബാധ്യതയായി മാറുകയാണ്. വലിയ സമ്മര്‍ദ്ദമാണ്.. കോടതി ഉത്തരവാണ് അതംഗീകരിക്കണം. അതാണ് നിയമം.. പക്ഷെ അംഗീകരിക്കാന്‍ സാധിക്കണ്ടേ. എട്ടുകോടിയോളം ഭക്തര്‍ ഒരു വര്‍ഷം വന്നു പോകുന്ന ശബരിമലയില്‍ നൂറ്റാണ്ടിന്റെ പഴക്കമുള്ള ആചാരങ്ങള്‍ തിരുത്തി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചാല്‍ ആ വിധി ഇവിടെ നടപ്പിലാകുമോ, ഇവിടെ നടപ്പിലാക്കാന്‍ സാധിക്കുമോയെന്ന് ജഡ്ജിമാര്‍ ആലോചിക്കണ്ടേ.. ഇവിടെ കോടതിവിധിയും സര്‍ക്കാരിന്റെ തീരുമാനങ്ങളുമൊക്കെ ജനഹിതത്തിന് അനുസൃതമാകണം. ജനഹിതത്തെ ആശ്രയിച്ചായിരിക്കണം. എട്ടുകോടി വരുന്ന ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് ഒരു കോടതി ഒരു തീരുമാനം പ്രഖ്യാപിച്ചാല്‍ ആ തീരുമാനം ഇവിടെ പിണറായി വിജയന്‍ പറയുന്നത് പോലെ 5000 പൊലീസുകാരെയും 2000 ഗുണ്ടകളെയും വെച്ച് ഭക്തരെ നിയന്ത്രിക്കുമെന്ന് പറയുന്നത് തലയ്ക്കകത്ത് ബുദ്ധിയ്ക്ക് പകരം ചെളിയുള്ളവര്‍ക്കേ പറയാന്‍ സാധിക്കൂ.

Advertisment